ഉറുഗ്വേ മുന്‍ പ്രസിഡന്റ് ജോസ് മുജിക്ക അന്തരിച്ചു; വിടവാങ്ങുന്നത് ലളിത ജീവിതം നയിച്ച രാഷ്ട്രത്തലവന്‍
ഉറുഗ്വേയുടെ 40ാമത് പ്രസിഡന്റായി 2010 മുതൽ 2015 വരെയാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്
മൊണ്ടേവീഡിയോ: ഉറുഗ്വേയുടെ ഇടതുപക്ഷക്കാരനായ മുന്‍ പ്രസിഡന്റ് ജോസ് 'പെപ്പെ' മുജിക്ക അന്തരിച്ചു. 89 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം. ഇന്നലെയായിരുന്നു( ചൊവ്വാഴ്ച) അന്ത്യം.
ഉറുഗ്വേയുടെ 40ാമത് പ്രസിഡന്റായി 2010 മുതൽ 2015 വരെയാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്. വിപ്ലവ പ്രവര്‍ത്തനങ്ങളുമായി നടന്നിരുന്ന കാലത്ത് നീണ്ട പന്ത്രണ്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട് മുജിക്ക.
ഉറുഗ്വേയുടെ ഇപ്പോഴത്തെ പ്രസിഡന്റ് യമണ്ടു ഒര്‍സിയാണ് മുജിക്കയുടെ മരണം എക്‌സിലൂടെ അറിയിച്ചത്. 'അഗാധമായ ദുഃഖത്തോടെ, ഞങ്ങളുടെ സഖാവ് പെപ്പെ മുജിക്കയുടെ വിയോഗം അറിയിക്കുന്നു. പ്രസിഡന്റ്, ആക്ടിവിസ്റ്റ്, വഴികാട്ടി, നേതാവ്. പഴയ സുഹൃത്തേ, ഞങ്ങള്‍ നിങ്ങളെ വളരെയധികം മിസ്സ് ചെയ്യും''- യമണ്ടു ഒര്‍സി വ്യക്തമാക്കി.
2010-2015 കാലഘട്ടത്തില്‍ പ്രസിഡന്റ് പദവി വഹിച്ചിരുന്ന മുജിക്ക, തന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയും, ഭാര്യയും നായയുമൊത്ത് തന്റെ ഫാമില്‍ ലളിതമായ ജീവിതം നയിക്കുകയും ചെയ്തതിന്റെ പേരില്‍ 'ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്' എന്ന വിശേഷണം നേടിയിരുന്നു.
മുജിക്കയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. മുജിക്കയുടെ മൂവ്‌മെന്റ് ഓഫ് പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എംപിപി) പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് ഒത്തുകൂടി 'ഹസ്ത സീംപ്രെ, വിജോ ക്വെറിഡോ' (എന്നേക്കും, പഴയ സുഹൃത്തേ) എന്ന് എഴുതിയ കൂറ്റന്‍ ബാനറുകള്‍ ഉയര്‍ത്തി.
ഉറുഗ്വെ എന്ന ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ അമരത്തെത്തിയ അവിശ്വസനീയ ജീവിതകഥയാണ് പെപ്പെ എന്ന ജോസ് ആൽബർട്ടോ മുജീക്കയുടേത്. അൽവാരോ ബ്രഷ്നർ സംവിധാനം ചെയ്ത ‘എ ട്വെൽവ് ഇയർ നൈറ്റ്’ എന്ന സിനിമ 2018ൽ പുറത്തിറങ്ങിയപ്പോഴാണ് അവിശ്വസനീയമായ ആ ജീവിതകഥ ലോകം കൂടുതലറിയുന്നത്. ആ വർഷത്തെ ഉറുഗ്വെയുടെ ഓസ്കാർ എൻട്രി കൂടിയായിരുന്നു അസാമാന്യ കലാമികവു കൂടി പ്രകടിപ്പിച്ച ആ ചിത്രം.