ജിസിസി-യുഎസ് ഉച്ചകോടി: ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ട്രംപ്; സിറിയയുമായി ബന്ധം ശക്തിപ്പെടുത്തും

ഗസ്സ യുദ്ധം അസാനിപ്പിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സൗദി കിരീടാവകാശി പറഞ്ഞു

Update: 2025-05-14 09:19 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. ഫലസ്തീൻ വിഷയത്തിൽ തീരുമാനം ഉണ്ടാകണമെന്നും ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും യോഗത്തിൽ സൗദി കിരീടവകാശി ആവശ്യപ്പെട്ടു. യുദ്ധമവസാനിപ്പിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ട്രംപ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. ഗൾഫ് രാഷ്ട്രങ്ങളുടെ ശ്രമങ്ങൾ അഭിനന്ദനാർഹമെന്നും ട്രംപ് വ്യക്തമാക്കി. ഉച്ചകോടിക്ക് മുന്നേ സിറിയൻ പ്രസിഡണ്ട് അഹ്‌മദ് അൽ ഷാറയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദി കിരീടാവകാശിയും, ഓൺലൈൻ വഴി തുർക്കി പ്രസിഡണ്ടും ചർച്ചയിൽ പങ്കെടുത്തു.

ഗസ്സയിലെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും യുഎസ് ബന്ദിയെ വിട്ടയച്ചതിലൂടെ കഴിഞ്ഞ ദിവസം നല്ലൊരു ദിവസമായിരുന്നുവെന്നും ഉച്ചകോടിയിൽ ട്രംപ് അഭിപ്രായപ്പെട്ടു. ഫലസ്തീനികൾക്ക് അന്തസ്സുള്ള ജീവിതം വേണം, എന്നാൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന ഭരണകൂടമുള്ളപ്പോൾ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്രഹാം കരാറിലേക്ക് കൂടുതൽ രാജ്യങ്ങളെ എത്തിക്കാൻ ശ്രമം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

സിറിയയുമായുള്ള അമേരിക്കയുടെ ബന്ധം മെച്ചപ്പെടുത്തുമെന്നും ട്രംപ് സൂചിപ്പിച്ചു. സിറിയൻ വിദേശകാര്യ മന്ത്രിയുമായി മാർക്കോ റൂബിയോ ചർച്ച നടത്തും. സൗദി കിരീടാവകാശിയുമായി സംസാരിച്ച് സിറിയയിലെ സ്ഥിതിഗതികൾ വിലയിരുത്തും. സിറിയക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളും യുഎസ് നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ ആണവായുധം നേടാൻ പാടില്ലെന്നും തീവ്രവാദത്തിനുള്ള ഫണ്ടിംഗ് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനുമായി അമേരിക്ക കരാർ ആഗ്രഹിക്കുന്നുണ്ട്. ലെബനനിലേക്കുള്ള ആയുധക്കടത്ത് തടയണമെന്നും ഹിസ്ബുള്ളയുടെ നിയന്ത്രണത്തിൽ നിന്ന് ലെബനൻ മോചിതമാകണമെന്നും അദ്ദേഹം പറഞ്ഞു. യെമനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അവിടുത്തെ രാഷ്ട്രീയ കക്ഷികളുമായി ഗൾഫ് രാജ്യങ്ങൾ ചർച്ച തുടരണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News