ഹോളോകോസ്റ്റ്; നാസി രഹസ്യ രേഖകളുടെ ശേഖരം അര്‍ജന്‍റീന സുപ്രിം കോടതി നിലവറയിൽ
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനിയിൽ നിന്നുള്ള നാസി രേഖകളുടെ 83 പെട്ടികളാണ് ബ്യൂണസ് അയേഴ്സിലെ കോടതിയുടെ നിലവറയിൽ കണ്ടെത്തിയത്
ബെര്‍ലിൻ: ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നായിരുന്നു 1941-45 കാലഘട്ടത്തിൽ നാസി ജര്‍മനിയിൽ അരങ്ങേറിയത്. ഈ കാലഘട്ടത്തിൽ എന്താണ് സംഭവിച്ചതെന്നും ലോകം ഇതുവരെ അറിയാത്തതുമായ രഹസ്യവിവരങ്ങള്‍ അടങ്ങിയ രേഖകളുടെ വൻശേഖരം കണ്ടുകിട്ടിയിരിക്കുകയാണ്. അർജന്‍റീനയുടെ സുപ്രിം കോടതിയുടെ നിലവറയിൽ നിന്നുമാണ് കണ്ടെത്തിയത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനിയിൽ നിന്നുള്ള നാസി രേഖകളുടെ 83 പെട്ടികളാണ് ബ്യൂണസ് അയേഴ്സിലെ കോടതിയുടെ നിലവറയിൽ കണ്ടെത്തിയത്. ആർക്കൈവുകൾ പുതുതായി സ്ഥാപിച്ച മ്യൂസിയത്തിലേക്ക് മാറ്റുന്നതിനായി തൊഴിലാളികൾ വൃത്തിയാക്കുന്നതിനിടെയാണ് ചരിത്ര ശേഖരം കണ്ടെത്തിയതെന്ന് കോടതി തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പഴയ ഷാംപെയ്ൻ പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രേഖകൾ. പെട്ടിക്കള്ളിലെ പുസ്തകങ്ങളിലും വസ്തുക്കളിലും സ്വസ്തിക് ചിഹ്നം ആലേഖനം ചെയ്തിരുന്നു. കഴിഞ്ഞ 84 വര്‍ഷമായി ആരുമറിയാതെ നിലവറക്കുള്ളിൽ വെളിച്ചം കാണാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു ഈ രേഖകൾ.
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ ജർമ്മൻ എംബസി 1941 ജൂണിൽ ജാപ്പനീസ് ആവിക്കപ്പലായ 'നാൻ-എ-മാരു'വിലാണ് അര്‍ജന്‍റീനയിലേക്ക് ഈ പെട്ടികൾ അയച്ചതെന്ന് കോടതി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രണ്ടാംലോക യുദ്ധകാലത്ത് രാജ്യത്തേക്ക് എത്തിയ കപ്പലിൽ ഇത്രയധികം ചരക്ക് എങ്ങനെ വന്നു എന്നത് അധികാരികളിൽ സംശയമുണർത്തി. വന്ന പെട്ടികൾക്കുള്ളിൽ വ്യക്തിഗത വസ്തുക്കളാണെന്ന് ജർമ്മൻ നയതന്ത്ര പ്രതിനിധികൾ അവകാശപ്പെട്ടിരുന്നെങ്കിലും, അർജന്റീനിയൻ കസ്റ്റംസ് അധികൃതർ 83 എണ്ണത്തിൽ നിന്നും ക്രമരഹിതമായി അഞ്ച് പെട്ടികൾ തുറന്ന് പരിശോധിച്ചു.
ആ പെട്ടികൾക്കുള്ളിൽ നാസി ഭരണകൂടത്തിന്‍റെ പോസ്റ്റ്കാർഡുകൾ, ഫോട്ടോഗ്രാഫുകൾ, പ്രചാരണ സാമഗ്രികൾ എന്നിവയും നാസി പാർട്ടിയുടെ ആയിരക്കണക്കിന് നോട്ട്ബുക്കുകളും ആണ് ഉണ്ടായിരുന്നത്. ഇതോടെ സംഭവത്തിന്റെ സ്വാഭാവം മാറി. യുദ്ധത്തിൽ തങ്ങൾ പാലിച്ചു വന്ന നിഷ്പക്ഷ നിലപാടിനെ ബാധിക്കുമെന്ന് അർജന്‍റീന ഭയപ്പെട്ടു. തുടർന്ന് ആ പെട്ടികൾ അർജന്‍റീന കണ്ടുകെട്ടി. വിഷയം കോടതി കയറി. അന്നത്തെ ഫെഡറൽ ജഡ്ജി ആ വസ്തുക്കൾ കണ്ടുകെട്ടി, വിഷയം സുപ്രിം കോടതിയിലേക്ക് റഫർ ചെയ്തു.ഇതാണ് രേഖകൾ നിലവറക്കുള്ളിലായതിന് പിന്നിലെ കഥ. എന്തിനാണ് ഈ വസ്തുക്കൾ അർജന്‍റീനയിലേക്ക് അയച്ചതെന്നോ, ആ സമയത്ത് സുപ്രിം കോടതി ഇതിൽ എന്ത് നടപടി സ്വീകരിച്ചുവെന്നോ നിലവിൽ വ്യക്തമല്ല.
അർജന്‍റീനയിൽ സുപ്രീം കോടതി മ്യൂസിയം നിർമിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ആരുമറിയാതെ നിലവറയ്ക്കുള്ളിൽ പെട്ടുപോയ പെട്ടികൾ കോടതി ജീവനക്കാർക്ക് ലഭിച്ചത്. "പെട്ടികളിലൊന്ന് തുറന്നപ്പോൾ, രണ്ടാം ലോകമഹായുദ്ധസമയത്ത് അർജന്‍റീനയിൽ അഡോൾഫ് ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും ഏകോപിക്കാനും ലക്ഷ്യമിട്ടുള്ളവയാണ് അതിനുള്ളിലുള്ളതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു," എന്ന് കോടതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ബാക്കിയുള്ള പെട്ടികൾ കഴിഞ്ഞ വെള്ളിയാഴ്ച അർജന്റീനിയൻ ഇസ്രായേലി മ്യൂച്വൽ അസോസിയേഷന്‍റെ (AMIA) ചീഫ് റബ്ബിയുടെയും ബ്യൂണസ് അയേഴ്‌സ് ഹോളോകാസ്റ്റ് മ്യൂസിയം ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ തുറന്നു. ചരിത്രപരമായ പ്രസക്തിയും ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങൾ വ്യക്തമാക്കാൻ അതിൽ അടങ്ങിയിരിക്കാവുന്ന നിർണായക വിവരങ്ങളും കണക്കിലെടുത്ത് പെട്ടികളിലെ എല്ലാ വസ്തുക്കളുടെയും കണക്കെടുക്കാൻ സുപ്രിം കോടതി പ്രസിഡന്‍റ് ഹൊറാസിയോ റൊസാറ്റി ഉത്തരവിട്ടു.
ചരിത്രപ്രധാന്യമുള്ള ഈ പെട്ടികൾ അധിക സുരക്ഷാ സംവിധാനങ്ങളുള്ള ഒരു മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്, അവയുടെ സംരക്ഷണത്തിനും രേഖകൾ പട്ടികപ്പെടുത്തുന്നതിനും ബ്യൂണസ് അയേഴ്സിലെ ഹോളോകാസ്റ്റ് മ്യൂസിയത്തിന് ഉത്തരവാദിത്തം ഏൽപ്പിക്കും . നാസികൾ ഉപയോഗിച്ചിരുന്ന അന്താരാഷ്ട്ര ധനകാര്യ ശൃംഖലകൾ പോലെ, ഹോളോകോസ്റ്റിന് പിന്നിലെ ഇപ്പോഴും അജ്ഞാതമായ വശങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും സൂചനകൾക്കായി വിദഗ്ധർ ഇവ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം ലോകമഹായുദ്ധത്തിൽ 1944 വരെ അർജന്‍റീന നിഷ്പക്ഷത പാലിച്ചിരുന്നു. തൊട്ടടുത്ത വർഷം ജർമനിക്കും ജപ്പാനുമെതിരെ തെക്കേ അമേരിക്കൻ രാജ്യം യുദ്ധം പ്രഖ്യാപിച്ചു.1933 മുതൽ 1954 വരെ, യൂറോപ്പിലെ നാസി പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് 40,000 ജൂത വിശ്വാസികൾ അർജന്‍റീനയിലേക്ക് കുടിയേറിയതായി ഹോളോകോസ്റ്റ് മ്യൂസിയം പറയുന്നു. ലാറ്റിൻ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജൂത വിശ്വാസികൾ താമസിക്കുന്ന രാജ്യം അർജന്‍റീനയാണ്. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, പ്രസിഡന്‍റ് ജുവാൻ പെറോണിന്‍റെ നേതൃത്വത്തിലുള്ള അർജന്‍റീന, നിരവധി ഉന്നത നാസി ഉദ്യോഗസ്ഥർക്ക് ഒരു സങ്കേതമായി മാറിയിരുന്നു.