യുഎസ്-ജിസിസി ബന്ധം ഏറെ മുന്നേറി: ശൈഖ് ഖാലിദ്

ട്രംപ് നാളെ യുഎഇ സന്ദർശിക്കും

Update: 2025-05-14 17:26 GMT
Advertising

ദുബൈ: അമേരിക്കയും ജിസിസി രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം പരമ്പരാഗത നില വിട്ട് മുമ്പോട്ടു പോയെന്ന് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ്. ഡോണൾഡ് ട്രംപ് പങ്കെടുത്ത, റിയാദിലെ യുഎസ്-ജിസിസി ഉച്ചകോടിയിലായിരുന്നു ശൈഖ് ഖാലിദിന്റെ പരാമർശം. ട്രംപ് നാളെ യുഎഇ സന്ദർശിക്കും.

യുഎസിനും ജിസിസി രാഷ്ട്രങ്ങൾക്കുമിടയിൽ തന്ത്രപ്രധാന പങ്കാളിത്തം വർധിപ്പിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. പരമ്പരാഗത നയതന്ത്ര ബന്ധത്തിന്റെ ചട്ടക്കൂടുകൾ മറികടന്ന്, പൊതു താത്പര്യമുള്ള വിവിധ മേഖലകളിലേക്ക് ഇരുവരും തമ്മിലുള്ള ബന്ധം വ്യാപിച്ചിട്ടുണ്ട്. നിർമിത ബുദ്ധി, ആധുനിക സാങ്കേതിക വിദ്യ, ബഹിരാകാശം, സിവിൽ ആണവോർജം തുടങ്ങിയ മേഖലയിൽ രണ്ടു കക്ഷികൾക്കും ഒന്നിച്ചു പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസും ഇറാനും തമ്മിൽ നടക്കുന്ന നയതന്ത്രതല ചർച്ചകളിൽ ശൈഖ് ഖാലിദ് ശുഭാപ്തി വിശ്വാസംം പ്രകടിപ്പിച്ചു. ഈ സംഭാഷണത്തിന്റെ വിജയത്തിലെത്തിക്കാനുള്ള എല്ലാ പിന്തുണയും യുഎഇയുടെ ഭാഗത്തു നിന്നുണ്ടാകും. ഗസ്സയിൽ ശാശ്വത വെടിനിർത്തൽ ആവശ്യമാണ്. സ്വതന്ത്ര ഫലസ്തീൻ രൂപവത്കരിച്ച് ഫലസ്തീനികളുടെ അവകാശവും സംരക്ഷിക്കപ്പെടണം- അദ്ദേഹം ആവശ്യപ്പെട്ടു.

ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ശൈഖ് ഖാലിദ് കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണവും പശ്ചിമേഷ്യയിലെ സുരക്ഷയും ഇരുവരും ചർച്ച ചെയ്തു.

അതിനിടെ, ഖത്തറിലെ സന്ദർശനം കഴിഞ്ഞ് ട്രംപ് നാളെ യുഎഇയിലെത്തും. രാഷ്ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആർടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ അടക്കം വമ്പൻ കരാറുകളിൽ ഇരുരാഷ്ട്രങ്ങളും ഒപ്പുവയ്ക്കുമെന്നാണ് സൂചന.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News