മുൻ പ്രസിഡന്റ് പുലർച്ചെ ബംഗ്ലാദേശ് വിട്ടു;വിമാനത്താവളത്തിൽ ലുങ്കിധരിച്ച് വീൽചെയറിൽ ഇരിക്കുന്ന ചിത്രങ്ങൾ പുറത്ത്
കൊലപാതക കേസിനൊപ്പം അവാമി ലീഗിന് നിരോധനവും ഏർപ്പെടുത്തിയതിന് പിന്നാലെയാണ് അബ്ദുൽ ഹമീദ് രാജ്യം വിട്ടത്
ധാക്ക: ശൈഖ് ഹസീന ഭരണകൂടത്തിന്റെ തകർച്ചയും അവാമി പാർട്ടി നിരോധനത്തിനും പിന്നാലെ അർധരാത്രി രാജ്യം വിട്ട് ബംഗ്ലാദേശ് മുൻ പ്രസിഡന്റ് അബ്ദുൽ ഹമീദ്. ലുങ്കിയുടുത്ത് വീൽചെയറിൽ എയർപോർട്ടിലെത്തിയ മുൻ പ്രസിഡന്റിന്റെ ചിത്രം പുറത്തു വന്നിരുന്നു. തായ്ലാൻഡിലേക്കുള്ള വിമാനത്തിലാണ് ഹമീദും ഭാര്യയും സഹോദരനും ഭാര്യാ സഹോദരനുമടക്കുമുള്ളവർ കയറിയതെന്ന് ധാക്ക പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് തവണ പ്രസിഡന്റായി രാജ്യം ഭരിച്ചിട്ടുള്ള ഹമീദിന് നേരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അർധരാത്രിയിലുള്ള നാടുവിടൽ. പാർട്ടിയിലെ മറ്റു നേതാക്കളെ പോലെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് പോലുള്ള നടപടികൾ ഹമീദിന് നേരിടേണ്ടി വന്നിട്ടില്ല.
ഭരണഘടനയിലെ ആർട്ടിക്കിൾ 34, 102 പ്രകാരം കോടതിയിൽ നിന്നും വിലക്കില്ലാത്ത പക്ഷം പൗരന്മാർക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. ഹമീദിന് നേരെ ഇത്തരത്തിൽ വിലക്കോ അറസ്റ്റിനുള്ള ആവശ്യമോ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതുകൊണ്ടാണ് യാത്ര തടയാൻ സാധിക്കാത്തതെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.
ശൈഖ് ഹസീനയുടെ ഭരണകൂടത്തകർച്ചയോടെ നിരവധി അവാമി ലീഗ് നേതാക്കൾ ജയിലിലടക്കപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് ശൈഖ് ഹസീന ഇന്ത്യയിലഭയം തേടിയിരുന്നു. നോബേൽ ജേതാവായ മുഹമ്മദ് യൂനുസാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്.