'ഹൂത്തികളെ ഒന്നും ചെയ്യാനായില്ല;' അമേരിക്കയുടെ വെടിനിർത്തലിന് പിന്നിൽ സൗദി സമ്മർദ്ദം
മെയ് 12ന് ന്യൂയോർക്ക് ടൈംസ് ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. യെമനിലെ ഹൂത്തി സംഘത്തെ തകർക്കാനാണ് ആക്രമണം ആരംഭിച്ചതെങ്കിലും അവരെ ഒന്നും ചെയ്യാൻ അമേരിക്കയ്ക്ക് സാധിച്ചില്ല എന്നായിരുന്നു ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നത്
അപ്രതീക്ഷിതമായിട്ടായിരുന്നു മെയ് ആറിന്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൂത്തികളയുമായി വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. രണ്ടുമാസം നീണ്ട കടുത്ത ബോംബിങ്ങിന് ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഒമാൻ ആണ് ഇരുകൂട്ടരുമായും ചർച്ച നടത്തി, വെടിനിർത്തൽ സാധ്യമാക്കിയത് എന്നായിരുന്നു അന്ന് പുറത്തുവന്ന വിവരങ്ങൾ.
എന്നാൽ അമേരിക്കയും ഹൂത്തികളും തമ്മിലുള്ള വെടിനിർത്തലിന് പിന്നിലെ സൗദി അറേബ്യയുടെ പങ്ക് വെളിപ്പെടുത്തുന്ന റിപോർട്ടുകൾ പുറത്തുവരികയാണ്. ഹൂതികളുമായി വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിൽ നിർണായകമായത് സൗദിയുടെ സമ്മർദ്ദമാണെന്നാണ് മിഡിൽ ഈസ്റ്റ് ഐ എന്ന മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡനാണ് 2024ൽ യെമെനിൽ ബോംബാക്രമണം ആരംഭിക്കുന്നത്. അതിനുശേഷം അധികാരത്തിലേറിയ ട്രംപ്, മാർച്ച് 15 മുതൽ വൻ തോതിലുള്ള ആക്രമണത്തിനായിരുന്നു തുടക്കമിട്ടത്. സൗദി തുടക്കം മുതൽക്കേ അതിനെതിരെ സമ്മർദ്ദം ചെലുത്തിയിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ അത് ഫലം കണ്ടത് കഴിഞ്ഞ ആഴ്ചയാണ്. കൃത്യമാക്കിയാൽ. ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന് മുൻപുള്ള ആഴ്ച.
യെമനിൽ ആക്രമണം തുടരുമ്പോൾ തന്നെ അമേരിക്കൻ പ്രസിഡന്റ് സൗദിയിലെത്തുന്നത് തീ കൊണ്ടുള്ള കളിയായിരിക്കും എന്ന മുന്നറിയിപ്പ് സൗദി ഭരണകൂടം നൽകിയിരുന്നു എന്നാണ് വിവരം. അത് വല്ലാത്തൊരു സാഹചര്യം സൃഷ്ടിക്കുമെന്നും സൗദി അറിയിച്ചിരുന്നു. പിന്നാലെയാണ് മെയ് ആറിന് പൊടുന്നനെ ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും പറയുന്നുണ്ട് മിഡിൽ ഈസ്റ്റ് ഐ.
അതേസമയം, മെയ് 12ന് ന്യൂയോർക്ക് ടൈംസ് മറ്റൊരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. യെമനിലെ ഹൂത്തി സംഘത്തെ തകർക്കാൻ ആക്രമണം ആരംഭിച്ചതെങ്കിലും അവരെ ഒന്നും ചെയ്യാൻ അമേരിക്കയ്ക്ക് സാധിച്ചിരുന്നില്ല എന്നായിരുന്നു ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. അമേരിക്കയുടെ സൈനിക ഓപ്പറേഷൻ യെമനിൽ പരുങ്ങലിലാണെന്നും അവർ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്ക ആക്രമണം ആരംഭിച്ചതോടെ, ഹൂത്തി സംഘം അവരുടെ എല്ലാ വിഭവങ്ങളും ഭൂഗർഭ അറകളിലേക്ക് മാറ്റി. അതോടെ യെമനിൽ പല നാശനഷ്ടങ്ങൾ വരുത്താൻ ആയെങ്കിലും ഹൂത്തികളുടെ സൈനിക ശേഷിയെ തൊടാൻ പോലും അമേരിക്കയ്ക്ക് സാധിച്ചില്ല. അതാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് കാരണമായതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ന്യൂ യോർക്ക് ടൈംസിന്റെ റിപ്പോർട്ട്.
ഹൂത്തികൾക്കെതിരെ എട്ടുമുതൽ പത്തുമാസം വരെ നീണ്ടുനിൽക്കുന്ന സൈനിക കാമ്പയിനിനായിരുന്നു അമേരിക്കൻ സൈന്യം പദ്ധതിയിട്ടത്. എന്നാൽ ട്രംപ് നൽകിയത് മുപ്പത് ദിവസത്തെ സമയമായിരുന്നു. ഒരുമാസം പിന്നിട്ടപ്പോൾ, അവലോകനം നടത്തുകയും ചെയ്തു. ആ റിപ്പോർട്ടിൽ ഹൂത്തികൾക്ക് കാര്യമായ നാശനഷ്ടം ഉണ്ടാക്കാൻ സൈന്യത്തിന് ആയിട്ടില്ല എന്നതായിരുന്നു വിലയിരുത്തൽ. അതുമല്ല, അമേരിക്കയ്ക്ക് കാര്യമായ നഷ്ടമുണ്ടാക്കുന്ന പ്രത്യാക്രമണങ്ങൾ ഹൂത്തികൾ നടത്തുകയും ചെയ്തിരുന്നു. അതാണ് ട്രംപിന്റെ വെടിനിർത്തലിന് പിന്നിലെന്നും സൂചനകളുണ്ട്.
250 കോടി രൂപ വിലവരുന്ന അമേരിക്കയുടെ ഏഴ് MQ-9 ഡ്രോണുകൾ, എഫ്-16, F-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ എന്നിവയും ഹൂത്തികൾ ആക്രമിച്ചിരുന്നു. യെമനിലെ ആക്രമണങ്ങൾ തുടർന്നാൽ അമേരിക്കയ്ക്ക് ഇനിയും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായേക്കും എന്ന ബോധ്യവും വെടിനിർത്തലിന് കാരണമായതായി സൂചനകളുണ്ട്.
സൗദിയുടെ സമ്മർദ്ദവും യെമനിലുണ്ടായ നാശനഷ്ടവും അമേരിക്കയെ വെടിനിർത്തലിലേക്ക് നയിച്ചിരിക്കാം. എന്നാൽ അതിന് മറ്റൊരു രാഷ്ട്രീയപരമായ മാനം കൂടിയുണ്ട്. അത് ഇസ്രായേലുമായുള്ള ബന്ധം സംബന്ധിച്ചാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ എല്ലാത്തരത്തിലും പിന്തുണക്കുന്ന ഭരണാധികാരി ആയിട്ടായിരുന്നു ട്രംപ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൂത്തികൾക്കെതിരായ വെടിനിർത്തൽ അതിന്റെ ഉദാഹരണമായി എന്ന നിലയ്ക്കാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യെമനിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് ട്രംപ് പെട്ടന്ന് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. തീരുമാനം നെതന്യാഹുവിനെ പോലും അറിയിക്കാതെ ആയിരുന്നു എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത് . ഒപ്പം പശ്ചിമേഷ്യയിലെ അമേരിക്കൻ നിലപാടുകൾ ഇസ്രായേലുമായി കൂടിയാലോചിച്ച് തീരുമാനിക്കേണ്ട എന്നത്തിലേക്കും ട്രംപ് എത്തിയിട്ടുണ്ട് എന്നാണ് വിവരം. ഇത് കാലങ്ങളായി നെതന്യാഹുവിന് ലഭിച്ചിരുന്ന അമേരിക്കയുടെ നിരുപാധിക പിന്തുണയ്ക്ക് ഏൽക്കുന്ന തിരിച്ചടിയായിട്ടാണ് അന്തരാഷ്ട്ര വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ട്രംപിന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിൽ ഇസ്രായേൽ ഉൾപ്പെട്ടിട്ടില്ല എന്നതും ആ ഒരു വാദത്തെ സാധൂകരിക്കുന്ന വസ്തുതയാണ്.