ദോഹയിൽ ഗസ്സ യുദ്ധവിരാമ ചർച്ചകള്‍ സജീവം; വിറ്റ്കോഫിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ പിന്തുണച്ചേക്കും
ഗസ്സയില്‍ യൂറോപ്യൻ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ മരണം 16 ആയി
ദുബൈ: ഗസ്സയിലെ വെടിനിർത്തലിനുള്ള സാധ്യതകൾ ചർച്ചയാകുന്ന അറബ്-യുഎസ് ഉച്ചകോടിയിൽ ഇന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. സിറിയക്കെതിരായ ഉപരോധം നീക്കുന്ന നിർണായക പ്രഖ്യാപനത്തിന് പിന്നാലെ സിറിയൻ പ്രസിഡന്‍റുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ഇറാൻ വിഷയങ്ങളടക്കം ഇന്നലെ ചർച്ചയായ വിഷയങ്ങളിൽ തുടർ ചർച്ചകളും ഇന്നുണ്ടായേക്കും.
ട്രംപിന്‍റെ ഗൾഫ് പര്യടനം തുടരുന്നതിനിടെ, ദോഹയിൽ ഗസ്സ യുദ്ധവിരാമ ചർച്ചകളും സജീവം. യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് സമർപ്പിച്ച പുതിയ വെടിനിർത്തൽ നിർദേശത്തെ ഇസ്രായേൽ പിന്തുണച്ചേക്കും.
യു.എസ് ബന്ദി എഡൻ അലക്സാണ്ടറുടെ മോചനം ഗസ്സ വെടിനിർത്തൽ ചർച്ചക്ക് കൂടുതൽ ഊർജം പകർന്നു. അവശേഷിച്ച ബന്ദികളുടെ മോചനം ഉറപ്പാക്കാൻ എല്ലാ നീക്കവും തുടരുമെന്ന് യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് ഇസ്രായേലിൽ ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ആദ്യഘട്ടത്തിൽ 10 ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതുൾപ്പെടെ പൂർണ യുദ്ധവിരാമം ലക്ഷ്യമിടുന്ന പുതിയ വെടിനിർത്തൽ നിർദേശമാണ് സ്റ്റിവ് വിറ്റ്കോഫ് മുന്നോട്ടുവെച്ചത്.
സുരക്ഷാ മന്ത്രിസഭ, ചർച്ചക്ക് സന്നദ്ധത അറിയിച്ചതോടെ ഇസ്രായേൽ സംഘം രാത്രി ദോഹയിലെത്തി. ബന്ദികളുടെ ബന്ധുക്കളിൽ ചിലരും ഇതിനകം ദോഹയിൽ എത്തിയിട്ടുണ്ട്. യു.എസ് പ്രസിഡന്‍റ് ട്രംപുമായി സംഘം ഇന്ന് ചർച്ച നടത്തും. സമ്പൂർണ യുദ്ധവിരാമം ഉൾപ്പെടുന്ന കരാർ നടപ്പിലാകും എന്നാണ് പ്രതീക്ഷയെന്ന് ഹമാസ് അറിയിച്ചു.
സൈനിക സമ്മർദത്തെ തുടർന്നാണ് യു.എസ് ബന്ദിയെ വിട്ടയച്ചതെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ വാദം ഹമാസ് തള്ളി. അതിനിടെ, ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ ലക്ഷങ്ങൾ മരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് യുഎൻ വീണ്ടും മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിൽ ഗസ്സ ഗുരുതരമായ ക്ഷാമത്തിലേക്കെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി. രണ്ടു മാസത്തിലേറെയായി ഗസ്സയിലേക്കുള്ള ഭക്ഷണം, മരുന്ന്, പാർപ്പിടം, ഇന്ധനം എന്നിവയുൾപ്പെടെ എല്ലാ സഹായങ്ങളുടെയും വിതരണം ഇസ്രായേൽ നിർത്തിവെച്ചിരിക്കുകയാണ്.
അതിനിടെ, ബെൻ ഗുരിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് സുരക്ഷിത കേന്ദ്രം കണ്ടെത്താനുള്ള ജനങ്ങളുടെ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റു.ഗസ്സയിൽ നിന്ന് അഷ്കലോൺ ഉൾപ്പെടെ ഇസ്രായേൽ പ്രദേശങ്ങൾക്കു നേരെ മൂന്ന് ഡ്രോണുകൾ അയച്ചതായി അൽഖുദ്സ് ഫോഴ്സ് അറിയിച്ചു. ഗസ്സയിലെ യൂറോപ്യൻ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണം 16 ആയി.