Writer - Athique Haneef
Web Journalist at MediaOne
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ ഹോളിവുഡ് താരങ്ങളായ റിച്ചാർഡ് ഗിയർ, സൂസൻ സാരണ്ടൻ ഉൾപ്പടെ സിനിമാ ലോകത്തെ 350-ലധികം വ്യക്തികൾ ഗസ്സയിലെ വംശഹത്യയെ അപലപിച്ചു. 'ഗസ്സയിൽ വംശഹത്യ നടക്കുമ്പോൾ ഞങ്ങൾക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല.' ഫ്രഞ്ച് പത്രമായ ലിബറേഷനിലും യുഎസ് മാസികയായ വെറൈറ്റിയിലും പ്രസിദ്ധീകരിച്ച കത്തിൽ പറയുന്നു.
ഗസ്സയിലെ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂനയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്ത സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമോഡോവർ, മുൻ കാൻസ് ജേതാവ് റൂബൻ ഓസ്റ്റ്‌ലണ്ട് എന്നിവരും കത്തിൽ ഒപ്പുവെച്ചു. ഇറാനിയൻ സംവിധായിക സെപിദെ ഫാർസിയുടെ 'പുട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്' എന്ന ഡോക്യുമെന്ററി വ്യാഴാഴ്ച കാൻസിൽ പ്രദർശിപ്പിക്കും. ഫാത്തിമ ഹസൂനയുടെ പ്രമേയമാണിത്. കഴിഞ്ഞ മാസം കാൻസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് വടക്കൻ ഗസ്സയിലെ കുടുംബവീട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൂനയും പത്ത് ബന്ധുക്കളും കൊല്ലപ്പെട്ടത്.
തന്റെ സിനിമയുടെ സ്വാധീനത്തെ സ്വാഗതം ചെയ്ത സെപിദെ ഫാർസി, തകർന്ന ഫലസ്തീൻ പ്രദേശത്തിന് നേരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ബോംബാക്രമണത്തെ അപലപിക്കാൻ കാൻസ് ഫെസ്റ്റിവൽ സംഘാടകരോട് ആവശ്യപ്പെട്ടു. ഈ വർഷത്തെ കാൻസ് ചലച്ചിത്രമേളയുടെ ജൂറി പ്രസിഡന്റ് ജൂലിയറ്റ് ബിനോച്ചെ നേരത്തെ നിവേദനത്തിൽ ഒപ്പിട്ടതായി സംഘാടകർ പറഞ്ഞു. 2023 ലെ ഓഷ്വിറ്റ്സ് നാടകമായ 'ദി സോൺ ഓഫ് ഇന്ററസ്റ്റ്' എന്ന ചിത്രത്തിന് ഓസ്കാർ നേടിയ ജൂത വംശജനായ ബ്രിട്ടീഷ് സംവിധായകൻ ജോനാഥൻ ഗ്ലേസർ, യുഎസ് താരം മാർക്ക് റുഫാലോ, സ്പാനിഷ് നടൻ ജാവിയർ ബാർഡെം എന്നിവരും കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.