'അശ്വിന് പത്ത് കോടി കൊടുത്തത് ബെഞ്ചില്‍ ഇരുത്താനോണോ?'; ചെന്നൈയോട് ഹര്‍ഭജന്‍
മെഗാ താരലേലത്തിൽ 9.5 കോടി മുടക്കിയാണ് ചെന്നൈ അശ്വിനെ ഇക്കുറി തട്ടകത്തിലെത്തിച്ചത്
വെറ്ററൻ സ്പിന്നർ ആർ.അശ്വിനെ സീസണിൽ കാര്യമായി ഉപയോഗപ്പെടുത്താത്തതിന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. അശ്വിന് പത്ത് കോടി കൊടുക്കുന്നത് വെറുതെ ബെഞ്ചിലിരുത്താനാണോ എന്ന് ഹർഭജൻ ചോദിച്ചു.
മെഗാ താരലേലത്തിൽ 9.5 കോടി മുടക്കിയാണ് ചെന്നൈ അശ്വിനെ ഇക്കുറി തട്ടകത്തിലെത്തിച്ചത്. എന്നാൽ ചില നിർണായക മത്സരങ്ങളിൽ താരത്തെ ടീം കളത്തിലിറക്കിയില്ല. പഞ്ചാബിനെതിരായ മത്സരത്തിലെ ടീം സെലക്ഷനെയാണ് ഹർഭജൻ രൂക്ഷമായി വിമർശിച്ചത്.
''നൂർ അഹ്‌മദും ജഡേജയും അശ്വിനും ടീമിലുണ്ടായിരുന്നെങ്കിൽ പഞ്ചാബിനെ തകർക്കാമായിരുന്നു. ബെഞ്ചിലിരുത്താനാണെങ്കിൽ എന്തിനാണ് അശ്വിന് പത്ത് കോടി കൊടുക്കുന്നത്. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ അശ്വിനെ കളിപ്പിക്കണമായിരുന്നു. മോശം ഫോമിൽ കളിക്കുന്ന താരങ്ങളെ മാറ്റിയെങ്കിലും അദ്ദേഹത്തിന് അവസരം നൽകാമായിരുന്നു''- ഹർഭജൻ പറഞ്ഞു.
ഈ സീസൺ ഐ.പി.എല്ലിൽ നിന്ന് പുറത്തായ ആദ്യം ടീം ചെന്നൈയായിരുന്നു. പത്ത് മത്സരങ്ങളിൽ ആകെ രണ്ട് കളികളിലാണ് ടീം ജയിച്ചത്. നാല് പോയിന്റുമായി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ധോണിയും സംഘവും.