ചെന്നൈയെ തോല്‍പിച്ചത് അമ്പയറുടെ മണ്ടന്‍ തീരുമാനം; കണ്ണു തള്ളി ആരാധകര്‍
ചെന്നൈ താരം ഡെവോള്‍ഡ് ബ്രെവിസിന്‍റെ വിക്കറ്റില്‍ വിവാദം പുകയുന്നു
അമ്പയർമാരുടെ തീരുമാനങ്ങൾക്ക് മത്സരഗതിയെ നിർണയിക്കാനാവുമോ? അമ്പയർമാരുടെ ചില മോശം തീരുമാനങ്ങൾ മത്സര ഫലങ്ങളെ പോലും ബാധിച്ചുണ്ടെന്നതാണ് ചരിത്രം. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരം ക്രിക്കറ്റ് ലോകത്ത് വലിയൊരു വിവാദക്കൊടുങ്കാറ്റിനെയാണ് അഴിച്ചുവിട്ടത്.
ആർ.സി.ബി ഉയർത്തിയ 214 റൺസ് വിജയലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു ചെന്നൈ. ചിന്നസ്വാമിയിൽ അതുവരെ ചെന്നൈയുടെ ചേസിങ്ങിന് നേതൃത്വം കൊടുത്ത യുവതാരം ആയുഷ് മാത്രെ ലുങ്കി എങ്കിഡിയെറിഞ്ഞ 17ാം ഓവറിലെ രണ്ടാം പന്തിൽ വീണു. പിന്നെ ക്രീസിലെത്തിയത് ആരാധകർ ബേബി എ.ബി.ഡി എന്ന് വിളിക്കുന്ന ഡെവോൾഡ് ബ്രെവിസ്. സീസൺ പാതിവഴിയിൽ ചെന്നൈക്കൊപ്പം ചേർന്ന ബ്രെവിസ് കളത്തിലിറങ്ങിയത് മുതൽ തന്നെ ആശാവഹമായ പ്രകടനങ്ങൾ ടീമിനായി പുറത്തെടുത്ത് വരികയായിരുന്നു. എന്നാൽ ഇന്നലെ നേരിട്ട ആദ്യ പന്തിൽ തന്നെ ബ്രെവിസ് വിക്കറ്റിന് മുന്നിൽ കുരുങ്ങി.
എങ്കിഡിയെറിഞ്ഞ ഒരു ഹൈഫുൾടോസ് ബ്രെവിസിന് കണക്ട് ചെയ്യാനായില്ല. പന്ത് നേരെ പാഡിലേക്ക്. ബോളർ അപ്പീൽ ചെയ്ത ഉടൻ അമ്പയർ നിതീഷ് മേനോൻ വിരലുയർത്തി. എന്നാൽ അത് വിക്കറ്റാണോ എന്ന കാര്യത്തിൽ ജഡേജക്കും ബ്രെവിസിനും സംശയമുണ്ടായിരുന്നു. ജഡേജയുമായുള്ള ചർച്ചക്ക് ശേഷം ബ്രെവിസ് റിവ്യൂവിന് പോകാൻ തന്നെ തീരുമാനിച്ചു. പക്ഷെ അതിനുള്ളിൽ ഡി.ആർ.എസ് ടൈമറിൽ 15 സെക്കന്റ് പൂർത്തിയായിരുന്നു. തീരുമാനം പുനപ്പരിശോധിക്കാനാവില്ലെന്ന് അമ്പയർ ബ്രെവിസിനെ അറിയിച്ചു. ഇതോടെ ബ്രെവിസിന് മൈതാനം വിടേണ്ടി വന്നു.
അതിന് ശേഷം പുറത്ത് വന്ന റീപ്ലേ ദൃശ്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചു കളഞ്ഞത്. എങ്കിടിയുടെ പന്ത് വിക്കറ്റിൽ കൊള്ളില്ലായിരുന്നു എന്ന് മാത്രമല്ല ലെഗ് സ്റ്റമ്പിന് ഏറെ പുറത്ത് കൂടെയാണ് അത് സഞ്ചരിച്ചത്. ഇതോടെ അമ്പയർ നിതീഷ് മേനോനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മത്സരത്തിൽ ചെന്നൈ രണ്ട് റൺസിന് തോൽക്കുകയും ചെയ്തു. ബ്രെവിസിന് ഡി.ആർ.എസ് നിഷേധിച്ച ശേഷം അമ്പയറോട് തർക്കിക്കുന്ന ജഡേജയുടെ ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നു.
മൂന്നോവറാണ് ആകെ അവശേഷിക്കുന്നത്. രണ്ട് റിവ്യൂ ബാക്കിയുണ്ട്. ജഡേജയോട് ചർച്ച നടത്താതെ തന്നെ ബ്രെവിസിന് റിവ്യൂവിന് പോകാമായിരുന്നു എന്നാണ് മത്സര ശേഷം മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള പ്രതികരിച്ചത്. ബ്രെവിസ് റിവ്യൂ നല്‍കാന്‍ വൈകിയതാണ് വിക്കറ്റ് നഷ്ടമാവാന്‍ കാരണമെന്ന് പറയുമ്പോഴും നിതീഷ് മേനോന്‍റെ തീരുമാനം വലിയ രീതിയില്‍ വിമര്‍ശനമേറ്റു വാങ്ങി.
നേരത്തേ ഗുജറാത്ത് ടൈറ്റൻസ് സൺ റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലും അമ്പയറുടെ തീരുമാനം വിവാദമായിരുന്നു. ഗുജറാത്ത് ഇന്നിങ്‌സിലെ 13ാം ഓവറിൽ നായകൻ ശുഭ്മാൻ ഗിൽ റണ്ണൗട്ടായി. ഗില്ലും ബട്ലറും സിംഗിളിനായി ശ്രമിക്കുന്നതിനിടെ പന്ത് കൈപ്പിടിയിലാക്കിയ ഹർഷൽ പട്ടേൽ വിക്കറ്റ് കീപ്പർ ഹെൻഡ്രിച്ച് ക്ലാസന് കൈമാറി. ക്ലാസൻ സ്റ്റമ്പ് ഇളക്കുന്ന സമയത്ത് ഗിൽ ക്രീസിൽ നിന്ന് ഏറെ അകലെയായിരുന്നു. എന്നാൽ സ്റ്റമ്പിൽ കൊണ്ടത് ക്ലാസന്റെ ഗ്ലൗസാണോ അതോ പന്താണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. രണ്ടിനും സാധ്യതയുണ്ടായിരുന്നതിനാൽ തേർഡ് അമ്പയർ ഏറെ നേരം ദൃശ്യങ്ങൾ പരിശോധിച്ചു. ഒടുവിൽ ഔട്ട് വിധിക്കുകയും ചെയ്തു. തേർഡ് അമ്പയറുടെ തീരുമാനത്തിൽ ഗുജറാത്ത് നായകൻ അതൃപ്തനായിരുന്നു. തേർഡ് അമ്പയർ മൈക്കൽ ഗഫിനോട് കയർക്കുന്ന ഗില്ലിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നു.
തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന അമ്പയര്‍മാര്‍ക്കെതിരെ കൃത്യമായൊരു ശിക്ഷാനടപടിയൊന്നും ക്രിക്കറ്റ് മൈതാനങ്ങളില്‍ ഇല്ല. എന്നാല്‍ അമ്പയര്‍മാരെ ഐ.സി.സി സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നുണ്ട്. മാനുഷികമായ വീഴ്ചകള്‍ക്കപ്പുറം നിരന്തരം പിഴവുകള്‍ ആവര്‍ത്തിക്കുന്ന അമ്പയര്‍മാര്‍ അമ്പയേഴ്സ് പാനലില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ വരെ സാധ്യതയുണ്ട്.
ഒരു ഐ.പി.എൽ മത്സരം നിയന്ത്രിക്കാൻ അമ്പയർമാർക്ക് എത്ര പ്രതിഫലം ലഭിക്കുന്നുണ്ടെന്നറിയുമോ?. ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യാ ടുഡേ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഫീൽഡ് അംപയർമാർക്ക് മൂന്ന് ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും പ്രതിഫലമായി ലഭിക്കുന്നത്. ഫോർത് അമ്പയർമാർക്ക് രണ്ട് ലക്ഷം വീതവും. ഇത്രയൊക്കെ തുക പ്രതിഫലം വാങ്ങുന്നവര്‍ മര്യാദക്ക് പണിയെടുത്ത് കൂടെ എന്നാണ് ആരാധകരിപ്പോള്‍ ചോദിക്കുന്നത്.