ചാമ്പ്യൻസ് ലീഗ് കലാശപ്പോര്; മ്യൂണിക്കിൽ പിഎസ്ജി - ഇന്റർ മിലാൻ സൂപ്പർ പോരാട്ടം
മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ചിത്രം തെളിഞ്ഞു. ഇന്നലെ ആഴ്‌സനലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി പിഎസ്ജി 2020 ന് ശേഷം ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. ജൂൺ ഒന്നിന് മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടക്കുന്ന ഫൈനലിൽ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനാണ് പിഎസ്ജിയുടെ എതിരാളികൾ.
ഇന്ററിന്റെ മൂന്ന് വർഷത്തിനിടയിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആണിത്. 2023 ലെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഇന്റർ തോറ്റിരുന്നു. പിഎസ്ജി കന്നിക്കിരീടം സ്വപ്നം കാണുമ്പോൾ 2010 ന് ശേഷമുള്ള തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഇന്റർ മിലാൻ ലക്ഷ്യമിടുന്നത്.
ശക്തരായ ബാഴ്‌സലോണയെ വാശിയേറിയ പോരാട്ടത്തിൽ കീഴടക്കിയാണ് ഇന്റർ ഫൈനലിൽ എത്തിയത്. ഇന്നലത്തെ മത്സരത്തിൽ പിഎസ്ജി വേണ്ടി ഫാബിയൻ റൂയിസും അഷ്‌റഫ് ഹക്കീമിയും ഗോൾ നേടിയപ്പോൾ ബുക്കായോ സാക്ക ആഴ്സണലിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. ആദ്യ പാദത്തിൽ ഉസ്മാനെ ഡെമ്പലെയുടെ ഏക ഗോളിൽ പിഎസ്ജി വിജയിരുന്നു.