ആവേശം അവസാന പന്തുവരെ; മുംബൈയെ തോൽപ്പിച്ച് ഗുജറാത്ത് ഒന്നാമത്

Update: 2025-05-06 19:22 GMT
Editor : safvan rashid | By : Sports Desk
Advertising

മുംബൈ: കോരിച്ചൊരിയുന്ന മഴയിലും ആവേശം അണയാതെ മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ മൂന്നുവിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. വിജയത്തോടെ 16 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് കയറി. തുടർവിജയങ്ങൾക്ക് ശേഷം തോൽവി പിണഞ്ഞ മുംബൈ 14 പോയന്റുമായി നാലാം സ്ഥാനത്താണ്.

മുംബൈ ഉയത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 12 പന്തിൽ 24 റൺസ് വേണ്ടിയിരിക്കേയാണ് മഴയെത്തിയത്. ഇതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്തിന് അവസാന ഓവറിൽ വിജയിക്കാൻ വേണ്ടത് 15 റൺസ്. രാഹുൽ ചഹാറിനെ ആദ്യ പന്തിൽ തന്നെ ബൗണ്ടറിയിലേക്ക് പറത്തി രാഹുൽ തീവാത്തിയ ഗുജറാത്തിന് മികച്ച തുടക്കം നൽകി. മൂന്നാം പന്തിൽ ജെറാർഡ് ക്വാട്സിയ സിക്സറും നേടിയതോടെ കളി ഗുജറാത്തിന്റെ കൈയ്യിലായി. ഇതി​നിടെ ചഹാർ നോബോളെറിഞ്ഞതും ഗുജറാത്തിന് തുണയായി. എന്നാൽ ഗുജറാത്തിന് വിജയിക്കാൻ രണ്ട് പന്തിൽ നിന്നും ഒരു റൺ വേണമെന്നിരിക്കേ ക്വാട്സിയ നമൻ ധിറിന് പിടികൊടുത്ത് മടങ്ങി. അവസാന പന്തിൽ റൺഔട്ടിനുള്ള അവസരം മുംബൈക്ക് ലഭിച്ചെങ്കിലും റിക്കൽട്ടൺ അവസരം കളഞ്ഞുകുളിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. റ്യാൻ റിക്കൽട്ടണും (2), രോഹിത് ശർമയും പെട്ടെന്ന് മടങ്ങി. എന്നാൽ ക്രീസിൽ ഒത്തുചേർന്ന വിൽ ജാക്സും സൂര്യകുമാർ യാദവും ചേർന്ന് മുംബൈയെ എടുത്തുയർത്തി. എന്നാൽ ടീം സ്കോർ 97ൽ നിൽക്കേ സൂര്യകുമാർ യാദവ് മടങ്ങിയതോടെ മുംബൈയുടെ തകർച്ച തുടങ്ങി. തുടർന്നെത്തിയ തിലക് വർമ (7), ഹാർദിക് പാണ്ഡ്യ (1), നമൻ ദിർ (7) എന്നിവർ നിരാശപ്പെടുത്തി. 22 പന്തിൽ 27 റൺസെടുത്ത കോർബിൻ ബോഷാണ് മുംബൈ സ്കോർ 150 കടത്തിയത്.

ഫോമിലുള്ള സായ് സുദർശനെ (5) ഗുജറാത്തിന് രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. ശുഭ്മാൻ ഗില്ലും ജോസ് ബട്‍ലറും പതുക്കെയാണ് തുടങ്ങിയത്. എങ്കിലും മൂന്നാം വിക്കറ്റിലും ഇരുവരും ​ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ബട്‍ലർ അശ്വനി കുമാറിന്റെ പന്തിൽ മടങ്ങിയതിന് പിന്നാലെയെത്തിയ ഷെർഫെയ്ൻ റഥർഫോർഡ് അടിച്ചുതകർത്തത് (15 പന്തിൽ 28) ഗുജറാത്തിന് പ്രതീക്ഷ നൽകി. എന്നാൽ ഗില്ലിനെയും (46 പന്തിൽ 43) ഷാരൂഖ് ഖാനെയും ബൗൾഡാക്കി ജസ്‍പ്രീത് ബുംറ മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. റഥർഫോഡിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ട്രെന്റ് ബോൾട്ടും റാഷിദ് ഖാനെ പുറത്താക്കി അശ്വിനി കുമാറും ബുംറക്കൊത്ത പിന്തുണനൽകി.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News