വിരാട് കോഹ്‍ലിക്ക് സ്ട്രൈക്ക് റേറ്റ് ഇല്ലെന്ന് പറഞ്ഞവരൊക്കെ ഇവിടെയുണ്ടല്ലോ അല്ലേ?; -എബി ഡിവില്ലിയേഴ്സ്
ന്യൂഡൽഹി: നടന്നുവരുന്ന ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി മിന്നും പ്രകടനമാണ് സൂപ്പർ താരം വിരാട് കോഹ്‍ലി പുറത്തെടുക്കുന്നത്. ഓപ്പണറായി ഇറങ്ങിയ കോഹ്‍ലി 11 ഇന്നിങ്സുകളിൽ നിന്നും 505 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ്പുമായി തലയുയർത്തി നിൽക്കുകയാണ്. 143.46 എന്ന മികച്ച സ്ട്രൈക്ക് റേറ്റും കോഹ്‍ലിക്കുണ്ട്.
ഇതിന് പിന്നാലെ കോഹ്‍ലി സ്ട്രൈക്ക് റേറ്റില്ലാതെയാണ് റൺസ് അടിച്ചുകൂട്ടുന്നത് എന്ന മുൻ വിമർശനത്തിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരു മുൻ താരം കൂടിയായ എബി ഡിവില്ലിയേഴ്സ്. എബി ഡിവില്ലിയേഴ്സ് ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞതിങ്ങനെ.
‘‘വിരാട് എപ്പോഴും അവിടെയുണ്ടാകും. ആർസിബിയുടെ സുരക്ഷയാണ് അയാൾ. അദ്ദേഹം അവിടെയുള്ളപ്പോൾ നിങ്ങൾക്ക് ഭയം വേണ്ട. അതാണ് കഥ. ഒന്നും മാറിയിട്ടില്ല. എനിക്ക് മാധ്യമപ്രവർത്തകരോട് പറയാനുള്ളത് നിങ്ങൾ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല എന്നാണ്. എനിക്ക് ഒരു ആനയുടെ ഓർമശക്തിയുണ്ട്. എന്റെ മാധ്യമപ്രവർത്തകരായ സുഹൃത്തുക്കളേ, നിങ്ങൾ വിരാട് പതുക്കെ ബാറ്റ് ചെയ്യുന്നു എന്ന് പറഞ്ഞത് ഓർമയുണ്ടോ? വിരാട് പോയ രാത്രി 200 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്’’ -ഡിവില്ലിയേഴസ് പറഞ്ഞു.
ബെംഗളൂരു-ചെന്നൈ മത്സരത്തിൽ മികച്ച ഫോമിലാണ് കോഹ്‍ലി ബാറ്റേന്തിയത്. 33 പന്തുകളിൽ നിന്നും 62 റൺസായിരുന്നു കോഹ്‍ലി അടിച്ചുകൂട്ടിയത്. അഞ്ചു സിക്സറുകളും ആ ബാറ്റിൽ നിന്നും പിറന്നു.