അടി,തിരിച്ചടി, ഒടുവിൽ ഇൻർ; ബാഴ്സക്ക് കണ്ണീർമടക്കം
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്സക്ക് കണ്ണീർ മടക്കം. അടിയും തിരിച്ചടികളും നാടകീയതകളും ഒരുപാട് കണ്ട മത്സരത്തിൽ 3-4ന് ആണ് ബാഴ്സ ഇന്ററിന് മുന്നിൽ മുട്ടുമടക്കിയത്. ഇതോടെ 2015ന് ശേഷം വീണ്ടുമൊരു ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ബാഴ്സയുടെ മോഹം പൊലിഞ്ഞു.
മത്സരത്തിന്റെ 21ാം മിനുറ്റിൽ ലൗത്താരോ മാർട്ടിനസിലൂടെ ഇന്ററാണ് മുന്നിലെത്തിയത്. 45ാം മിനുറ്റിൽ ലൗത്താരോ മാർട്ടിനസിനെ പോ കുബാർസി ബോക്സിൽ വീഴ്ത്തിയെന്ന് കാണിച്ച് വാർ പരിശോധനയിലൂടെ റഫറി ഇന്റററിന് അനുകൂലമായി പെനൽറ്റി വിധിച്ചു. ഇതോടെ ആദ്യപകുതിയിൽ ഇന്റർ 2-0ത്തിന് മുന്നിൽ.
രണ്ടാം പകുതിയിൽ നിറഞ്ഞുകളിച്ച ബാഴ്സ ഇന്റററിനെ ഞെട്ടിച്ചു. 54ാം മിനുറ്റിൽ എറിക് ഗാർഷ്യയും 60 ാം മിനുറ്റിൽ ഡാനി ഒൽമോയും നേടിയ ഗോളുകളിൽ ബാഴ്സ ഒപ്പമെത്തി. ഒടുവിൽ 87ാം മിനുറ്റിൽ റഫീന്യയുടെ കൂടി ഗോൾ എത്തിയതോടെ ബാഴ്സ വിജയമുറപ്പിച്ച നിർവൃതിയിൽ ആയിരുന്നു. പിന്നാലെ ലമീൻയമാൽ ഇന്റർ പോസ്റ്റിലേക്ക് ഉതിർത്ത ഷോട്ട് ബാറിൽ തട്ടി മടങ്ങി.
എന്നാൽ ഇഞ്ച്വറി ടൈമിൽ ഫ്രാൻസെസ്കോ അക്കേർബിയുടെ ഗോളിൽ ഇന്റർ സമനില പിടിച്ചു. ഇതോടെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഡേവിഡ് ഫ്രാറ്റെസി നേടിയ ഗോളിൽ ഇന്റർ വിജയം പിടിക്കുകയായിരുന്നു. ബാഴ്സ തട്ടകത്തിൽ നടന്ന ആദ്യപാദം 3-3ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് നടക്കുന്ന പി.എസ്.ജി-ആഴ്സനൽ മത്സരത്തിലെ വിജയികളെ ഇന്റർ ഫൈനലിൽ നേരിടും.