'ഐ.പി.എ ല്ലില്‍ പന്തിന് നാലാം സെഞ്ച്വറി'; ട്രോളുകളില്‍ നിറഞ്ഞ് ലഖ്‌നൗ നായകൻ

ഇന്നലെ പഞ്ചാബിന് മുന്നിൽ ലഖ്‌നൗ വീഴുമ്പോൾ ഋഷഭ് പന്തിന്റെ സമ്പാദ്യം 17 പന്തിൽ വെറും 18 റൺസായിരുന്നു

Update: 2025-05-05 09:01 GMT
Advertising

''പഞ്ചാബ് കിങ്‌സ് ടീമിലെടുത്ത് കളയുമോ എന്ന ടെൻഷനായിരുന്നു എനിക്ക്. ലേലം കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്..''- ഐ.പി.എൽ പതിനെട്ടാം സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തിന് ശേഷം ഋഷഭ് പന്തിന്റെ പ്രതികരണം ഇതായിരുന്നു. ഐ.പി.എൽ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയായ 27 കോടി മുടക്കിയാണ് സഞ്ജീവ് ഗോയങ്കയുടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പന്തിനെ ഇക്കുറി സ്വന്തമാക്കിയത്. ലേലത്തിൽ പഞ്ചാബ് പന്തിനായി ഒരു ശ്രമവും നടത്തിയിരുന്നില്ല. ശ്രേയസ് അയ്യരായിരുന്നു പഞ്ചാബിന്റെ റഡാറിലെ ഏറ്റവും പ്രധാന താരം. 26.75 കോടി മുടക്കി ശ്രേയസിനെ പഞ്ചാബ് ടീമിലെത്തിച്ചു. ഉടൻ ക്യാപ്റ്റൻ ക്യാപ്പും തലയിലെത്തി.

പഞ്ചാബിനെതിരായ ആദ്യ മത്സരത്തിൽ ലഖ്‌നൗ പരാജയപ്പെട്ടപ്പോൾ പഞ്ചാബിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ദൃശ്യങ്ങൾ പങ്കുവച്ച വീഡിയോയുടെ തലവാചകം ഇങ്ങനെയായിരുന്നു. ''ടെൻഷനൊക്കെ ലേലത്തോടെ തീർന്നിട്ടുണ്ട്''. അത് ചെന്ന് തറച്ചത് ഋഷഭ് പന്തിന്റെ നെഞ്ചിലാണ്.

ഇന്നലെ ഒരിക്കൽ കൂടി പഞ്ചാബിന് മുന്നിൽ ലഖ്‌നൗ വീഴുമ്പോൾ ഋഷഭ് പന്തിന്റെ സമ്പാദ്യം 17 പന്തിൽ വെറും 18 റൺസ്. അലക്ഷ്യമായൊരു ഷോട്ടിന് ശ്രമിച്ച് ശശാങ്ക് സിങ്ങിന്റെ കയ്യിൽ ഒടുങ്ങാനായിരുന്നു വിധി. പത്ത് മത്സരങ്ങൾ. 128 റൺസ്. 99 സ്‌ട്രൈക്ക് റൈറ്റ്. ഒരേ ഒരു അർധ സെഞ്ച്വറി. ആകെ നാല് തവണയാണ് പന്തിന്‍റെ സ്കോര്‍ രണ്ടക്കം കടന്നത്.  പഞ്ചാബിനെതിരെയും അമ്പേ പരാജയമായ താരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടൊരു ട്രോൾ വാചകം ഋഷഭ് പന്തിന് ഐ.പി.എല്ലിലെ നാലാം സെഞ്ച്വറി എന്നായിരുന്നു. പന്ത് ഈ സീസണിൽ ആകെ നേടിയ റണ്ണിനെ പരിഹസിച്ചായിരുന്നു ആ ട്രോൾ.

ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റർ ഋഷഭ് പന്തിന് എന്താണ് പറ്റിയത്. ഗാലറിയിൽ താടിക്ക് കൈകൊടുത്തിരിക്കുന്ന ലഖ്‌നൗ ടീമുടമ സഞ്ജീവ് ഗോയങ്കക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്. സ്വന്തം നേട്ടങ്ങൾക്കായി കളിക്കുന്ന താരങ്ങളേയല്ല. ടീമിനായി കളിക്കുന്നവരെയാണ് ഞങ്ങൾക്കാവശ്യം. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന കെ.എൽ രാഹുലിനെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് സഞ്ജീവ് ഗോയങ്കയുടെ മറുപടി ഇതായിരുന്നു. ഡൽഹി നായകനായിരുന്ന പന്തിനെ പിന്നെ റെക്കോർഡ് തുകക്ക് ഗോയങ്ക ടീമിലെത്തിച്ചു. അതേ സമയം കഴിഞ്ഞ സീസൺ ലഖ്‌നൗ നായകനായിരുന്ന കെ.എൽ രാഹുലിനെ ഡൽഹി വിളിച്ചെടുത്തു.

രാഹുലാവട്ടെ സീസണിൽ മികച്ച ഫോമിലാണിപ്പോൾ ബാറ്റു വീശുന്നതെങ്കിൽ പന്ത് ഐ.പി.എൽ കരിയറിലെ ഏറ്റവും മോശം കാലത്ത് കൂടിയാണ്  സഞ്ചരിക്കുന്നത്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ പരാജയത്തിന് ശേഷം ഗ്രൗണ്ടിൽ വച്ച് കെ.എൽ രാഹുലിനെ ശകാരിച്ച ഗോയങ്കക്ക് പന്തിനോടൊന്നും ഇപ്പോള്‍ പറയാനില്ലേ എന്നാരാധകർ ഒരേ സ്വരത്തിൽ ചോദിക്കുന്നുണ്ട്. ബാറ്റിങ് ഓര്‍ഡറില്‍ കൃത്യമായൊരു പൊസിഷൻ പോലും ലഖ്‌നൗ നിരയിൽ പന്തിനില്ലെന്നതാണ് സത്യം. ചില സമയത്തയാളെ ഓപ്പണിങ് റോളിൽ കാണാം. ചിലപ്പോൾ ഏഴാമനായാണ് ക്രീസിലെത്തുക. ഡൽഹിക്കെതിരായ മത്സരത്തിൽ ഏഴാമനായിറങ്ങിയ പന്ത് നേരിട്ട രണ്ടാം പന്തിൽ റിവേഴ്‌സ് സ്‌കൂപ്പിന് ശ്രമിച്ച് ബൗൾഡായി. ക്രീസ് വിടുമ്പോൾ ഏറെ നിരാശനായി കാണപ്പെട്ട  താരം ഡഗ്ഗൗട്ടിൽ വച്ച് ലഖ്‌നൗ മെന്റർ സഹീർഖാനോട് കയർക്കുന്നത് കാണാമായിരുന്നു. തന്നെ നേരത്തേയിറക്കാതിരുന്നത് എന്ത് കൊണ്ടാണെന്നായിരുന്നു താരത്തിന്‍റെ ചോദ്യം.. 

ഈ സീസണിൽ ആകെ 60 പന്തിലധികം നേരിട്ട 70 ബാറ്റർമാരാണുള്ളത്. അക്കൂട്ടത്തിൽ 100 ൽ താഴെ സ്‌ട്രൈക്ക് റേറ്റുള്ള ഒരേ ഒരാൾ പന്താണ്. ചെന്നൈക്കെതിരെ 49 പന്തിൽ നേടിയ 63 റൺസാണ് ആരാധകർക്ക് ഓർമിക്കാനാകെയുള്ളൊരു ഇന്നിങ്‌സ്. ആ മത്സരത്തിലാണെങ്കിൽ ലഖ്‌നൗ അഞ്ച് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ഇന്നലെ പഞ്ചാബിനെതിരെ അലക്ഷ്യമായി ബാറ്റ് വീശുന്ന പന്തിനെയാണ് ക്രീസിൽ ആരാധകര്‍ കണ്ടത്. ടീമിന് ജയിക്കാൻ ഒരു ക്രൂഷ്യൽ പാർട്ണർഷിപ്പ് ആവശ്യമായ ഘട്ടത്തിലാണ് അസ്മത്തുല്ലാഹ് ഒമർസായിയുടെ പന്തിൽ താരം പുറത്താവുന്നത്. ഷോട്ടിന് ശ്രമിക്കുന്നതിനിടെ ബാറ്റിന്റെ നിയന്ത്രണം പോലും നഷ്ടമായി. പന്തൊരിടത്തേക്കും ബാറ്റൊരിടത്തേക്കുമാണ് സഞ്ചരിച്ചത്. ഒടുവില്‍ പന്ത് ചെന്ന് വിശ്രമിച്ചത് ശശാങ്കിന്‍റെ കൈകളില്‍. 

ആദ്യ മത്സരത്തിൽ ആറ് പന്തിൽ സംപൂജ്യനായി മടക്കം, രണ്ടാം മത്സരത്തിൽ 15 പന്തിൽ 15, പഞ്ചാബിനെതിരെ അഞ്ച് പന്തിൽ രണ്ട്, മുംബൈക്കെതിരെ ആറ് പന്തിൽ രണ്ട്, ഗുജറാത്തിനെതിരെ 21 പന്തിൽ 18..  ഐ.പി.എല്ലിൽ പൊന്നും വിലകൊടുത്തൊരു ഫ്രാഞ്ചസി കൂടാരത്തിലെത്തിച്ച നായകന്റെ പ്രകടനങ്ങളാണിതൊക്കെ. 27 കോടി എന്ന വലിയ തുക അടിച്ചേല്‍പ്പിച്ച സമ്മര്‍ദമാണെന്ന് പന്തിനെന്നും കോൺഫിഡന്‍സില്ലായ്മയാണെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. 

പന്ത് താൻ ബാറ്റ് ചെയ്യുന്ന പഴയ വീഡിയോകൾ ആവർത്തിച്ച് കാണണമെന്നാണ് വിരേന്ദർ സെവാഗിന്റെ ഉപദേശം. അത് താരത്തിന് ആത്മവിശ്വാസം പകരുമെന്ന് സെവാഗ് പറഞ്ഞു. ''പണ്ട് ഋഷഭ് ബോളുകളെ നേരിട്ടിരുന്നത് എങ്ങനെയാണ്... ഇന്നിങ്‌സുകൾ ബിൽഡ് ചെയ്യുന്നു.. ടീമിനെ വിജയതീരമണക്കുന്നു. ഇപ്പോൾ മറ്റൊരു പന്തിനെയാണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. വേഗം ഫോണെടുക്കൂ. നിങ്ങളുടെ റോൾ മോഡൽ മഹേന്ദ്ര സിങ് ധോണിയെ വിളിക്കൂ. മനസിൽ നിങ്ങളെക്കുറിച്ച് സംശയമുയരുമ്പോൾ അതിനെ പാടെ വലിച്ചെറിയാനുള്ള വഴികൾ തേടൂ''- സെവാഗ് പറഞ്ഞു. 

കഴിഞ്ഞ ദിവസത്തെ പരാജയത്തോടെ ലഖ്നൌവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകളും തുലാസിലായി. ഇനിയുള്ള മത്സരങ്ങള്‍ മികച്ച റണ്‍റേറ്റോടെ ജയിച്ചാല്‍ മാത്രമോ ടീമിന് പ്ലേ ഓഫില്‍ ലപ്രവേശിക്കാനാവൂ. ടീം തിരിച്ചെത്തുമെന്നാണ് ഇന്നലത്തെ മത്സരത്തിന് ശേഷം പന്ത് പ്രത്യാശ പ്രകടിപ്പിച്ചത്. അതിനാദ്യം നായകന്‍ ഫോമിലേക്കുയരണമല്ലോ..


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News