ഇന്ററിനോട് തോൽവി; റഫറിക്കെതിരെ ബാഴ്സ കോച്ച് ഹാൻസി ഫ്ലിക്ക്
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്റർ മിലാനോട് തോറ്റ് പുറത്തായതിന് പിന്നാലെ റഫറിക്കെതിരെ ബാഴ്‌സലോണ കോച്ച് ഹാൻസി ഫ്ലിക്ക്. 50-50 സാധ്യതയുള്ള തീരുമാനങ്ങളിലെല്ലാം റഫറി ഇന്ററിന് അനുകൂലമായി തീരുമാനങ്ങൾ എടുത്തുവെന്ന് ഫ്ലിക്ക് ആരോപിച്ചു.
"റഫറിയെ കുറിച്ച് അധികം സംസാരിക്കാൻ താല്പര്യമില്ല, പക്ഷെ ഇരുടീമിനും ഒരുപോലെ സാധ്യതയുള്ള അവസരങ്ങളിലെല്ലാം റഫറി ഇന്ററിന് അനുകൂലമായാണ് തീരുമാനങ്ങൾ എടുത്തത്." ഫ്ലിക്ക് കളിക്ക് ശേഷം പറഞ്ഞു. ഫ്ലിക്കിനെ പിന്തുണച്ച് ബാഴ്സ താരങ്ങളും രംഗത്തെത്തി. "ഇതാദ്യമായല്ല ഈ റഫറിയിൽ നിന്ന് തങ്ങൾക്ക് ഈ അനുഭവം ഉണ്ടാവുന്നത്. ഓരോ നിർണായക നിമിഷങ്ങളിലും റഫറി ഇന്ററിന് അനുകൂലമായാണ് തീരുമാനങ്ങൾ എടുത്തത്. യുവേഫ ഇത് പരിശോധിക്കണം’’ -ബാഴ്സ പ്രതിരോധ താരം പെട്രി പ്രതികരിച്ചു.
മത്സരത്തിൽ ഇന്ററിന്റെ രണ്ടാമത്തെ ഗോളിന് വഴിവെച്ച പെനൽറ്റിയിൽ വിവാദം ഉയർന്നിട്ടുണ്ട്. ഇന്റർ മുന്നേറ്റ താരം ലൗത്താരോ മാർട്ടിനസിന് നേരെ ബാഴ്സ താരം പാവു കുബാർസിയുടെ ടാക്കിളിനെച്ചൊല്ലിയാണ് വിവാദം. ലമീൻ യമാലിനെ ഇന്ററിന്റെ മിഖിതാര്യൻ ഫൗൾ ചെയ്തതിൽ പെനാൽറ്റിക്ക് പകരം ഫ്രീ കിക്ക് വിധിച്ചതും ബാഴ്സക്ക് തിരിച്ചടിയായി. ഇന്റർ പെനാൽറ്റി ബോക്സിൽ അച്ചെർബിയുടെ ഹാൻഡ് ബോളിന് പെനാൽറ്റി നൽകാതിരുന്നതിന് ബെഞ്ചിലിരുന്ന ബാഴ്സലോണ താരങ്ങൾ പരാതിപ്പെട്ടിരുന്നു. കൂടാതെ ഇഞ്ച്വറി ടൈമിൽ ഇന്റർ മൂന്നാം ഗോളിന് അസിസ്റ്റ് ഒരുക്കിയ ഡംഫ്രൈസ് ബാഴ്സ പ്രതിരോധ താരം ജെറാർഡ് മാർട്ടിനെ ഫൗൾ ചെയ്തതായും പരാതികൾ ഉയരുന്നുണ്ട്.