കരിയറിലെ ആദ്യ ട്രോഫി; പലരുടെയും വായടഞ്ഞെന്ന് ഹാരികെയ്ന്‍
കഴിഞ്ഞ ദിവസമാണ് ബയേണ്‍ മ്യൂണിക്ക് ബുണ്ടസ് ലീഗ കിരീടം ചൂടിയത്
ഏതൊരു പ്രൊഫഷണൽ ഫുട്‌ബോളറുടെയും കരിയറിലെ സ്വപ്‌നങ്ങളിലൊന്നായിരിക്കും തന്റെ പ്രിയപ്പെട്ട ടീമിനൊപ്പം ഒരു കിരീടനേട്ടം ആഘോഷിക്കുക എന്നത്. എന്നാൽ മൈതാനത്ത് നിറഞ്ഞ് കളിച്ചിട്ടും ഒരൊറ്റ ട്രോഫി പോലും ഷെൽഫിലെത്തിക്കാനാവാത്ത താരങ്ങളും ഫുട്‌ബോൾ ചരിത്രത്തിലുണ്ട്. അങ്ങനെയൊരാളായിരുന്നു ഇന്നലെ വരെ ഇംഗ്ലീഷ് ഗോളടിയന്ത്രം ഹാരികെയ്ൻ.
നീണ്ടു പരന്ന് കിടക്കുന്ന കരിയറിൽ ഒഴിഞ്ഞു കിടക്കുന്നൊരു ഷെൽഫ്. ഇന്നലെ വരെ ഹാരികെയ്‌നെ വേട്ടയാടിയിരുന്നൊരു ദുർഭൂതമായിരുന്നു അത്. ഒടുവിൽ ബയേൺ മ്യൂണിക്കിന്റെ കുപ്പായത്തിൽ അയാളാ ചീത്തപ്പേരിനെ മായ്ച്ച് കളഞ്ഞിരിക്കുന്നത്. 15 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഹാരികെയിന്റെ ഷെൽഫിലേക്കൊരു ട്രോഫി.
2010 മുതൽ 2023 വരെ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാം ഹോട്‌സ്പയറിന്റെ താരമായിരുന്നു ഹാരികെയിൻ. ടീമിന്റെ ചരിത്രം കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാൾ. ക്ലബ്ബിന്റെ ഓൾ ടൈം ടോപ് സ്‌കോറർ. ടീമിനായി 435 മത്സരങ്ങളിൽ നിന്ന് അടിച്ച് കൂട്ടിയത് 280 ഗോളുകൾ. പ്രീമിയർ ലീഗിൽ മൂന്ന് തവണ ഗോൾഡൻ ബൂട്ട് ജേതാവ്. എന്നാൽ ഇതൊന്നും അയാളുടെയും ടീമിന്റേയും കിരീടവരൾച്ചക്ക് അറുതിയുണ്ടാക്കിയില്ല.
ഒരു പതിറ്റാണ്ട് കാലം ടോട്ടൻഹാം ജേഴ്‌സിയണിഞ്ഞിട്ടും താരത്തിന് സ്പർസ് ഷെൽഫിലേക്ക് ഒരു കിരീടം എത്തിക്കാനായില്ല. ഇംഗ്ലണ്ടിന്റെ വെള്ളക്കുപ്പായത്തിലും കാര്യങ്ങൾ അങ്ങനെയൊക്കെത്തന്നെയായിരുന്നു. ഒടുവിലിതാ ഹാരിയുടെ ഷെൽഫ് പ്രശോഭിതമായിരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണെന്ന് അയാൾ പറയാതെ പറഞ്ഞ് വക്കുന്നുണ്ട്.