പാകിസ്താനുമായി ഐസിസി ടൂർണമെന്റുകളിൽ അടക്കം കളിക്കരുതെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ
ന്യൂഡൽഹി: പാകിസ്താനുമായി ഐസിസി ടൂർണമെന്റുകളിൽ അടക്കം കളിക്കരുതെന്ന അഭിപ്രായവുമായി ഇന്ത്യൻ കോച്ചും മുൻതാരവുമായ ഗൗതം ഗംഭീർ രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം. 2013ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് പരമ്പരകൾ കളിച്ചിട്ടില്ല. ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ് അടക്കമുള്ള വേദികളിൽ മാത്രമാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടാറുള്ളത്.
‘‘ ഇരുരാജ്യങ്ങളും തമ്മിൽ കളിക്കരുതെന്നാണ് എന്റെ അഭിപ്രായം. പാകിസ്താൻ ഇതൊന്നും നിർത്താത്തിടത്തോളം കാലം ഇന്ത്യക്കും പാകിസ്താനും ഇടയിൽ ഒന്നും നടക്കരുത്. കളിക്കണോ വേണ്ടയോ എന്നത് സർക്കാറിന്റെ തീരുമാനമാണ്. പക്ഷേ ക്രിക്കറ്റ് മത്സരങ്ങളോ ബോളിവുഡോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമോ നടക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യൻ പട്ടാളക്കാരുടെയും പൗരന്മാരുടെയും ജീവനേക്കാൾ വലുതല്ല ഒന്നും’’ -ഗംഭീർ പറഞ്ഞു.
ഏഷ്യ കപ്പിലും ട്വന്റി 20 ലോകകപ്പിലും പാകിസ്താനുമായി കളിക്കുമോ എന്ന ചോദ്യത്തിന് ഗംഭീറിന്റെ മറുപടി ഇങ്ങനെ: ‘‘ഇതെന്റെ തീരുമാനമല്ല. ഇത് ബിസിസിഐയുടെയും സർക്കാറിന്റെയും തീരുമാനമാണ്. അവരെന്ത് തീരുമാനമെടുത്താലും ഞങ്ങൾക്ക് ഒകെയാണ്. അത് രാഷ്ട്രീയവൽക്കരിക്കില്ല’’ -ഗംഭീർ പറഞ്ഞു.
ഈ വർഷം നടന്ന ചാമ്പ്യൻസ്ട്രോഫിക്ക് പാകിസ്താൻ ആതിഥയത്വം വഹിച്ചത്. പക്ഷേ ഇന്ത്യ പാകിസ്താനിലേക്ക് വരാൻ സമ്മതമില്ലെന്ന് അറിയിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബൈയിലാണ് നടത്തിയത്. മുൻ ബിജെപി എംപി കൂടിയായ ഗംഭീർ കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ മുഖ്യപരിശീലകനായി നിയമിതനായത്.