ധരംശാല വിമാനത്താവളം അടച്ചു; മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റി
മുംബൈ: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നിശ്ചയിച്ച മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് ഐപിഎൽ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റി. യുദ്ധഭീതിയെത്തുടർന്ന് ധരംശാല വിമാനത്താവളം അടച്ചതിനാൽ മുംബൈ ടീമിന്റെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. മെയ് 11നാണ് മുംബൈ-പഞ്ചാബ് പോരാട്ടം. മൊഹാലിക്ക് പുറമേ ധരംശാല എച്ച്പിസിഎ സ്റ്റേഡിയം പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കാറുണ്ട്.
നേരത്തേ ഐപിഎൽ മത്സരങ്ങൾ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്ന് ഐപിഎൽ ചെയർപേഴ്സൺ അരുൺ ധുമൽ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേലിന്റെ പ്രതികരണം.
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ അവസാന ഹോം മത്സരങ്ങൾക്ക് വേദിയാകുന്നത് ധരംശാല എച്ച്പിസിഎ സ്റ്റേഡിയമാണ്. ഇന്ന് (മെയ് 8ന്) പഞ്ചാബ് കിങ്‌സ് ഇന്ന് ധരംശാലയിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നുണ്ട്.
ഇന്നലെ വൈകീട്ടോടെ ചണ്ഡീഗഡ്ഡിൽ ഇറങ്ങി ഇന്ന് ധരംശാലയിലേക്ക് തിരിക്കാൻ ആയിരുന്നു മുംബൈ ഇന്ത്യൻസ് ടീം ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ എയർപോർട്ടുകൾ അടച്ചതിനാൽ ഉടലെടുത്ത അനിശ്ചിതത്വം മൂലം ബിസിസിഐയുടെ അറിയിപ്പിനായുള്ള കാത്തിരിപ്പിലായിരുന്നു മുംബൈ.