'ഒഴിവാക്കുമെന്ന് അറിഞ്ഞ രോഹിത് നേരത്തേ വിരമിച്ചതാണ്'; വിരേന്ദര്‍ സെവാഗ്
സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ മോശം കാലത്ത് കൂടെ സഞ്ചരിക്കുകയായിരുന്നു രോഹിത്
ടീമില്‍ നിന്ന് ഒഴിവാക്കും മുമ്പേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പടിയിറങ്ങിയതാണെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് . അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിന്‍റെ തലപ്പത്ത് രോഹിത് ശർമ്മ തുടരാൻ ടീം സെലക്ടർമാർക്ക് താൽപ്പര്യം ഇല്ലായിരുന്നു ഒരു അഭിമുഖത്തിൽ സെവാഗ് പറഞ്ഞു.
"രോഹിതിനെ ബാറ്റർ ആയി പോലും ടീമിൽ നിലനിർത്താൻ സെലക്ടർമാർ തയ്യാറാവുമായിരുന്നു എന്ന് തോന്നുന്നില്ല. അദ്ദേഹത്തോട് അവരിത് സൂചിപ്പിച്ചുണ്ടാവണം. അതുകൊണ്ടാണ് സ്‌ക്വാഡ് പുറത്ത് വിടുന്നതിന് മുമ്പ് തന്നെ രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതൊരു നല്ല രീതിയാണ്"- സെവാഗ് കൂട്ടിച്ചേർത്തു.
രണ്ടാഴ്ചക്കകം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കും എന്ന് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ച് രോഹിത് സമൂഹമാധ്യമങ്ങളിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചത്. സമീപകാലത്ത് ടെസ്റ്റില്‍ മോശം ഫോമിലായിരുന്നു രോഹിത്. അവസാന പത്ത് ഇന്നിങ്സിൽ നിന്നായി 113 റൺസ് മാത്രമാണ് രോഹിതിന്റെ ആകെ സമ്പാദ്യം. അതിൽ ആറ് ഇന്നിങ്സിൽ രണ്ടക്കം കാണാൻ പോലും താരത്തിന് സാധിച്ചിരുന്നില്ല.