യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ഫൈനല്‍; ടോട്ടന്‍ഹാം യുണൈറ്റഡിനെ നേരിടും
മെയ് 22 നാണ് യൂറോപ്പ ലീഗ് കലാശപ്പോര്
മാഞ്ചസ്റ്റര്‍: യുവേഫ യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ഫൈനൽ. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിലും മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാം ഹോട്‌സ്പറും തകർപ്പൻ ജയം കുറിച്ചതോടെയാണ് ഇംഗ്ലീഷ് ഫൈനലിന് കളമൊരുങ്ങിയത്.
ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയ പോരിൽ മേസൺ മൗണ്ടിന്റെ ഇരട്ടഗോൾ മികവിലാണ് ചുവന്ന ചെകുത്താന്മാർ അത്‌ലറ്റിക് ക്ലബ്ബിനെ തകർത്തത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം.
കസമിറോയും റാസമസ് ഹോയ്‌ലുണ്ടുമാണ് യുണൈറ്റഡിനായി അവശേഷിക്കുന്ന ഗോളുകൾ കണ്ടെത്തിയത്.മൈക്കിൽ ജോറെഗിസാർ അത്‌ലറ്റിക്ക് ക്ലബ്ബിനായി ആശ്വാസ ഗോൾ നേടി. ഇരുപാദങ്ങളിലുമായി 7-1 അഗ്രിഗേറ്റ് സ്‌കോറിലാണ് യുണൈറ്റഡിന്റെ ഫൈനൽ പ്രവേശം.
നോർവീജിയൻ ക്ലബ്ബ് ബോഡോ ഗ്ലിംറ്റിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോട്ടൻഹാം പരാജയപ്പെടുത്തിയത്. ഡൊമിനിക് സോളങ്കെയും പെഡ്രോ പോറോയും സ്പര്‍സിനായി വലകുലുക്കി. ഇരുപാദങ്ങളിലുമായി 5-1 അഗ്രിഗേറ്റ് സ്‌കോറിലാണ് ടോട്ടൻഹാം ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. സ്‌പെയിനിലെ സാൻ മേമസ് സ്റ്റേഡിയത്തിൽ മെയ് 22 നാണ് യൂറോപ്പ ലീഗ് കലാശപ്പോര്.