ആന്‍റണി മാജിക് തുടരുന്നു; റയൽ ബെറ്റിസ് കോൺഫറൻസ് ലീഗ് ഫൈനലിൽ
കലാശപ്പോരില്‍ ചെല്‍സി-ബെറ്റിസ് അങ്കം
സ്പാനിഷ് മണ്ണിൽ തകർപ്പൻ ഫോം തുടരുന്ന ആന്റണിയുടെ മികവിൽ യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ച് റയൽ ബെറ്റിസ്. ഫിയൊറന്റീനക്കെതിരായ രണ്ടാം പാദ മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ആദ്യ പാദത്തിൽ നേടിയ ജയത്തിന്റെ പിൻബലത്തിലാണ് ബെറ്റിസിന്റെ ഫൈനൽ പ്രവേശം.
മത്സരത്തിന്റെ 30ാം മിനിറ്റിൽ ആന്റണി നേടിയ മഴവിൽ ഫ്രീകിക്കിൽ ബെറ്റിസാണ് ആദ്യം മുന്നിലെത്തിയത്. മിനിറ്റുകളുടെ ഇടവേളയിൽ നേടിയ രണ്ട് ഗോളിൽ റോബിൻ ഗോസെൻസ് ഫിയൊറെന്റീനയെ ആദ്യ ഹാഫിൽ തന്നെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ അബ്ദേ എസൽസോലി ബെറ്റിസിനായി സമനില പിടിച്ചു. ഇതോടെ ആദ്യ പാദത്തിലെ ലീഡുമായി ബെറ്റിസ് ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
സ്വീഡിഷ് ക്ലബ്ബായ ജുഗാർഡനെ രണ്ടാം പാദത്തിലും എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് ചെൽസിയും ഫൈനലിന് ടിക്കറ്റെടുത്തു. ചെൽസിക്കായി ഡ്വെസ്ബുറി ഹാളാണ് വലകുലുക്കിയത്. ഇരുപാദങ്ങളിലുമായി 2-0 അഗ്രിഗേറ്റ് സ്‌കോറിലാണ് നീലപ്പടയുടെ ഫൈനൽ പ്രവേശം.