ഒടുവിൽ ബിസിസിഐ തീരുമാനിച്ചു; ഈ സമയം ക്രിക്കറ്റ് കളിക്കാനുള്ളതല്ല
ഒടുവിൽ ആ തീരുമാനം വന്നിരിക്കുന്നു. ഐപിഎൽ നിർത്തിവെച്ചിരിക്കുന്നു. വിദേശതാരങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫുകളെയുമെല്ലാം നാട്ടിലേക്ക് തിരിച്ചയക്കും. 58 മത്സരങ്ങളാണ് സീസണിൽ ഇതുവരെ നടന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ 12ഉം േപ്ല ഓഫ് മത്സരങ്ങളും ബാക്കിനിൽക്കുന്നു. പോയന്റ് പട്ടിക ഇതേ രൂപത്തിൽ നിലനിർത്തി ഒരാഴ്ചക്ക് ശേഷം ഐപിഎൽ തുടങ്ങാനുള്ള സാധ്യതയുണ്ട്. പക്ഷേ അന്താരാഷ്ട്ര ഷെഡ്യൂളിങ്ങ് നടന്നതിനാൽ പകരം മറ്റൊരു തീയ്യതി കണ്ടെത്തുക പ്രയാസകരമാണ്. എങ്കിലും ലോക ക്രിക്കറ്റിലെ പവർഹൗസായ ബിസിസിഐ വിചാരിച്ചാൽ അതൊക്കെ പരിഹരിക്കാവുന്നതേയുള്ളൂ.
ഇന്നലെ ധരംശാല സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സും ഡൽഹി ക്യാപ്പിറ്റൽസും ഏറ്റുമുട്ടുന്നു. പത്ത് ഓവറും ഒരു പന്തും പിന്നിട്ട മത്സരത്തിൽ പഞ്ചാബ് മികച്ച രീതിയിൽ ബാറ്റേന്തുകയാണ്. അതിനിടയിലാണ് സ്റ്റേഡിയത്തിലെ വടക്കുകിഴക്ക് ഭാഗത്തെ ഫ്ലഡ് ലൈറ്റുകൾ അണയുന്നത്. വളരെ അപൂർവമായി ക്രിക്കറ്റിൽ സാങ്കേതിക തകരാറുകൾ കാരണം ലൈറ്റുകൾ ഓഫാകാറുണ്ട്. ടിവിയിൽ കളികണ്ടവർ അതുതന്നെയാണ് പ്രതീക്ഷിച്ചത്
എന്നാൽ അതിനിടയിൽ ധരംശാല സ്റ്റേഡിയം അടുത്തൊന്നും കാണാത്ത വിധമുള്ള സാഹചര്യത്തെയാണ് അഭിമുഖീകരിച്ചത്. ഫ്ലഡ് ലൈറ്റ് തകരാറാറെന്നാണ് ടിവിയിൽ ഉടനീളം കാണിച്ചിരുന്നത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം പക്ഷേ അവിടെ നടന്നത് സമർത്ഥമായ ഒരു സുരക്ഷ മുൻകരുതലായിരുന്നു. പെട്ടെന്ന് സുരക്ഷകാരണങ്ങളാൽ മത്സരം നിർത്തിവെക്കുന്നു എന്ന പ്രതീതി വന്നാൽ അത് സ്റ്റേഡിയത്തിൽ പരിഭ്രാന്തിയുണ്ടാക്കാനും ദുരന്തങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വളരെ സമർത്ഥമായി താരങ്ങളെയും കാണികളെയുമെല്ലാം പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യം.
സുരക്ഷാനടപടികളോട് സഹകരിച്ച കാണികൾ ഇന്ത്യൻ ആർമിക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് ഗ്യാലറി വിട്ടത്. കാണികളെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഒരു സ്പെഷ്യൽ ട്രെയിൻ തന്നെ ഒരുക്കിയതായി ബിസിസിഐ പ്രെസഡിന്റ് രാജീവ് ശുക്ല അറിയിച്ചു. മൈതാനത്തേക്കിറങ്ങി ഇവാക്കുലേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഐപിഎൽ ചെയർമാൻ അരുൺധൂമലും മുന്നിലുണ്ടായിരുന്നു. ഈ വിഷയം സുരക്ഷിതമായി കൈകാര്യം ചെയ്തതിൽ ഇവർ അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ കാര്യങ്ങൾ ഇങ്ങനെയല്ല, വൈദ്യുതി തകരാർ കാരണം ഫ്ലഡ് ലൈറ്റ് ഓഫായത് തന്നെ ആണെന്നുമുള്ള റിപ്പോർട്ടുകളും ചില മാധ്യമങ്ങൾ നൽകുന്നു. അതിനിടയിൽ മത്സരത്തിലെ ഒരു വിദേശ ചിയർ ലീഡറുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്റ്റേഡിയത്തിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും ബോബുകൾ വരുന്നുണ്ടെന്നും ചിയർ ലീഡർ വിഡിയോയിൽ പറയുന്നു.
പാക് ആർമി ഇന്ത്യയിൽ ഏറ്റവും ലക്ഷ്യമിടുന്ന പ്രദേശങ്ങളിലൊന്നാണ് പത്താൻകോട്ട്. കാരണം ഇന്ത്യയുടെ ആർമി ബേസുകൾ അവിടെ സ്ഥിതിചെയ്യുന്നു. അവിടേക്ക് ലക്ഷ്യമാക്കിയെത്തിയ പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം നിർവീര്യമാക്കിയിട്ടുമുണ്ട്. പത്താൻകോട്ട് പഞ്ചാബിലും ധരംശാല ഹിമാചൽ പ്രദേശജലുമാണ്. പക്ഷേ വെറും 85 കിലോമീറ്റർ ദൂരമേ ഈ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ളൂ. ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ധരശാല എച്ച്പിസിഎ സ്റ്റേഡിയം പഞ്ചാബിന്റെ സെക്കൻഡ് ഹോം ഗ്രൗണ്ടാണ്. ലോകത്തിലെ അതിമനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്ന്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അടച്ചിട്ട എയർപോർട്ടുകളിൽ ഒന്ന് ധരംശാലയിലേതായിരുന്നു. അതുകൊണ്ട് തന്നെ മെയ് 11ന് നടക്കുന്ന മുംബൈ-പഞ്ചാബ് മത്സരം അനിശ്ചിതത്വത്തിലേക്ക് നീണ്ടു. മുംബൈ ടീം യാത്രപുറപ്പെടാതെ ബിസിസിഐ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു. ആ മത്സരം അഹമ്മദാബാദിൽ വെച്ച് നടത്തുമെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
2008 മുതൽ ആരംഭിച്ച ഐപിഎൽ ഇന്നേവരെ ഒരുവർഷം പോലും മുടങ്ങിയിട്ടില്ല. 2009ൽ പൊതുതെരഞ്ഞെടുപ്പ് കാരണം ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയെങ്കിലും അവിടെയും വിജയകരമായി നടത്തി. 2014ൽ പൊതുതെരഞ്ഞെടുപ്പ് കാരണം ഏതാനും മത്സരങ്ങൾ ദുംബൈയിൽ നടത്തി. കോവിഡ് കാലത്ത് ഡേറ്റ് മാറിയെങ്കിലും യുഎഇയിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ വിജയകരമായി ഒരുക്കി കായിക ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചു. പക്ഷേ രാജ്യം ഒരു യുദ്ധസമാന സാഹചര്യം നേരിടുമ്പോൾ ഐപിഎൽ എന്ന മാമാങ്കം തുടരണമോ വേണ്ടയോ എന്ന വലിയ ചോദ്യം അവശേഷിച്ചിരുന്നു.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന മത്സരങ്ങളെ അവർ ലക്ഷ്യമിടാൻ സാധ്യതയുണ്ട്. അതിനെ നേരിടാൻ പോന്ന സന്നാഹങ്ങളും നമുക്കുണ്ട്. പക്ഷേ അതിനേക്കാൾ പ്രസക്തമായ ഒരുചോദ്യമുണ്ട്. രാജ്യമൊന്നാകെയും പ്രത്യേകിച്ചും ആർമി യുദ്ധമുഖത്ത് നിൽക്കുമ്പോൾ ഈ മാമാങ്കം നടത്തുന്നതിൽ ഔചിത്യക്കുറവില്ലേ എന്ന് പലരും നേരത്തേ ചോദിച്ചിരുന്നു. പക്ഷേ അതിലുള്ള മറ്റൊരു പ്രതിസന്ധി ഐപിഎൽ നിർത്തിവെക്കുകയാണെങ്കിൽ അത് പാകിസ്താൻ തങ്ങളുടെ വിജയംപോലെ ആഘോഷിക്കാൻ സാധ്യതയുണ്ട് എന്നതാണ്. ഇന്നലെ മത്സരം പാതിയിൽ ഉപക്ഷേിച്ചപ്പോൾ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അവർ അത് ആഘോഷമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സർക്കാർ നിർദേശവും കൂടി പരിഗണിച്ചാണ് ബിസിസിഐ തീരുമാനം.
ഇന്നലെ പാകിസ്താനിലെ റാവൽപിണ്ടി സ്റ്റേഡിയത്തിൽ ഡ്രോൺ ആക്രമണമുണ്ടായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താൻ സൂപ്പർലീഗ് മത്സരത്തിന് മുന്നോടിയായിരുന്നു ഇത്. തുടർന്ന് മത്സരം ഉപക്ഷേിക്കുകയും ചെയ്തു. വിദേശതാരങ്ങൾ തങ്ങൾക്കുള്ള ആശങ്ക അറിയിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യം സുരക്ഷിതമല്ല എന്ന് കണ്ട പാകിസ്താൻ ഉടനെ പിഎസ്എൽ യുഎഇയിലേക്ക് മാറ്റിയിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ ഇതുവരെയും റെഡിയായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ആശയങ്ക പ്രകടിപ്പിച്ച് ക്രിക്കറ്റ് ആസ്ട്രേലിയ പ്രത്യേകം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യ പാകിസ്താനിലേക്ക് കളിക്കാൻ പോകുന്നത് പോയിട്ട് ലോകകപ്പിലടക്കം ഏറ്റുമുട്ടില്ല എന്ന തലത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ ഈ വിഷയത്തിൽ പ്രതികരിച്ചതിങ്ങനെ. ‘‘ ഇരുരാജ്യങ്ങളും തമ്മിൽ കളിക്കരുതെന്നാണ് എന്റെ അഭിപ്രായം. പാകിസ്താൻ ഇതൊന്നും നിർത്താത്തിടത്തോളം കാലം ഇന്ത്യക്കും പാകിസ്താനും ഇടയിൽ ഒന്നും നടക്കരുത്. കളിക്കണോ വേണ്ടയോ എന്നത് സർക്കാറിന്റെ തീരുമാനമാണ്. പക്ഷേ ക്രിക്കറ്റ് മത്സരങ്ങളോ ബോളിവുഡോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമോ നടക്കരുത് എന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ പട്ടാളക്കാരുടെയും പൗരന്മാരുടെയും ജീവനേക്കാൾ വലുതല്ല ഒന്നും’’ -ഗംഭീർ പറഞ്ഞു. ഏഷ്യ കപ്പിലും ട്വന്റി 20 ലോകകപ്പിലും പാകിസ്താനുമായി കളിക്കുമോ എന്ന ചോദ്യത്തിന് ഗംഭീറിന്റെ മറുപടി ഇങ്ങനെ: ‘‘ഇതെന്റെ തീരുമാനമല്ല. ഇത് ബിസിസിഐയുടെയും സർക്കാറിന്റെയും തീരുമാനമാണ്. അവരെന്ത് തീരുമാനമെടുത്താലും ഞങ്ങൾക്ക് ഒകെയാണ്. അതിനെ രാഷ്ട്രീയമായി കാണില്ല’’ -ഗംഭീർ പറഞ്ഞു.
ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യകപ്പും അനിശ്ചിതത്വത്തിലാണ്. നേരത്തേ ഇന്ത്യ ആതിഥ്യമൊരുക്കാനിരുന്നെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇടപെട്ട് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. അതിനിടയിൽ പാകിസ്താനെ ഏഷ്യകപ്പിൽ നിന്നും പുറത്താക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ ഇന്ത്യ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നും പുറത്തുവന്ന് ബംഗ്ലദേശിനെയും അഫ്ഗാനെയും ലങ്കയെയും ചേർത്ത് മറ്റൊരു ടൂർണമെന്റ് നടത്തണമെന്നും ഗവാസ്കർ പറഞ്ഞു. ഇത് മിയാൻദാദ് അടക്കമുള്ള പാക് താരങ്ങളെ ചൊടിപ്പിച്ചിരുന്നു.