'മികച്ച പകരക്കാരെ കിട്ടാത്തതിന് കാരണം പാകിസ്താന്‍ സൂപ്പര്‍ ലീഗ് '- റിക്കി പോണ്ടിങ്
പരിക്കേറ്റ് പുറത്തായ ഗ്ലെന്‍ മാക്സ്‍വെല്ലിന് പകരക്കാരനെ കണ്ടെത്താന്‍ പഞ്ചാബിന് ഇതുവരെ കഴിഞ്ഞിട്ടില്ല
ഐ.പി.എല്ലിൽ പരിക്കേറ്റ് പുറത്തായ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ പാകിസ്താൻ സൂപ്പർ ലീഗ് തടസമാണെന്ന് പഞ്ചാബ് കിങ്‌സ് പരിശീലകൻ റിക്കി പോണ്ടിങ്. മികച്ച വിദേശ താരങ്ങൾ പലരും പി.എസ്.എല്ലിൽ കളിക്കുന്നതിനാൽ അവരെയൊന്നും ടീമിലെത്തിക്കാനാവില്ലെന്ന് പോണ്ടിങ് പറഞ്ഞു. പരിക്കേറ്റ് ഐ.പി.എല്ലിൽ നിന്ന് പുറത്തായ മാക്‌സ്‍വെല്ലിനും ലോക്കി ഫെർഗൂസണും പകരക്കാരെ കണ്ടെത്താൻ പഞ്ചാബിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
''പാകിസ്താൻ സൂപ്പർ ലീഗും ഐ.പി.എല്ലും ഒരേ സമയത്താണ് നടക്കുന്നത്. മികവുറ്റ നിരവധി വിദേശ താരങ്ങൾ അവിടെയുണ്ട്. മികച്ച റീപ്ലേസ്‌മെന്റുകൾ കിട്ടാത്തതിന് പി.എസ്.എല്ലും ഒരു കാരണമാണെന്ന് പറയേണ്ടി വരും. ടീം വിട്ട വിദേശ താരങ്ങൾക്ക് പകരം ഇന്ത്യൻ താരങ്ങളെയും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. ചില യുവതാരങ്ങൾ ടീമിനൊപ്പം പരിശീലിക്കുന്നുണ്ട്. അവരില്‍ ചിലര്‍ ഉടൻ ടീമുമായി കരാറിലെത്തും.''- പോണ്ടിങ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‍വെല്ലിന് പരിക്കേറ്റ കാര്യം പഞ്ചാബ് അറിയിച്ചത്. കൊൽക്കത്തക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന പരിശീലന സെഷനിലാണ് താരത്തിന്‍റെ കൈവിരലിന് പരിക്കേറ്റത്. സീസണിൽ 4.2 കോടി മുടക്കിയാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ തട്ടകത്തിലെത്തിച്ചത്. എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ 48 റൺസാണ് ഓസീസ് താരത്തിന്റെ സമ്പാദ്യം. നാല് വിക്കറ്റാണ് താരം പോക്കറ്റിലാക്കിയത്.
നേരത്തേ ന്യൂസിലന്റ് പേസർ ലോക്കി ഫെർഗൂസണും ടീമില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരുന്നു. സീസണിൽ മികച്ച ഫോമിലാണ് പഞ്ചാബ്. പത്ത് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമടക്കം 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ടീം.