ചാരത്തില്‍ നിന്നുയിര്‍ത്ത മുംബൈ... ഭയക്കണം ഈ സംഘത്തെ
ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ മുംബൈ പിന്നെ നടത്തിയ കംബാക്ക് അതിശയകരമായിരുന്നു
ഫുട്‌ബോൾ മൈതാനങ്ങൾക്ക് തീപിടിക്കുന്ന ചില നേരങ്ങളുണ്ട്. കളിമറന്നപ്പോൾ വലനിറഞ്ഞ് ചാമ്പലായിപ്പോയൊരു കൂടാരം. 80 മിനിറ്റുകൾക്കിടെ വഴങ്ങിയ ഗോളെണ്ണത്തിൽ ഉറപ്പായൊരു തോൽവിയെ മുന്നിൽ കണ്ട് മൂകമായിരിക്കുന്ന ഗാലറി. പൊടുന്നനെ കത്തിച്ചാമ്പലായിക്കിടക്കുന്ന ആ കൂടാരത്തിൽ നിന്ന് ഫീനിക്‌സ് പറവകൾ ഓരോന്നായി ആകാശത്തേക്ക് പറന്നുയരുന്നു. പിന്നെ എതിർഗോൾമുഖത്തേക്കവ പന്തുമായി പറന്നിറങ്ങുന്നു. അവസാന വിസിലിന് തൊട്ടുമുമ്പവ എതിരാളികളുടെ കൈവെള്ളയിലായിരുന്ന മത്സരവും കൊത്തിപ്പറിച്ച് കടന്ന് കളയുന്നു. റെമോൻടാഡകൾ.. ഫുട്‌ബോൾ മൈതാനങ്ങളെ ത്രസിപ്പിച്ച കംബാക്കുകളെ നമ്മളാ പേരിട്ടാണ് വിളിച്ചത്.
ആരാധകരെ ആവേശക്കൊടുമുടിയേറ്റിയ കംബാക്കുകൾക്ക് ക്രിക്കറ്റ് മൈതാനങ്ങളും ചിലപ്പോഴൊക്കെ സാക്ഷിയാവാറുണ്ട്. സീസണിന്റെ തുടക്കത്തിൽ തകർന്ന് തരിപ്പണമായിപ്പോവുക. പോയിന്റ് ടേബിളിൽ നാണക്കേടിന്റെ അക്കങ്ങളുമായി പുറത്താവലിന് തയ്യാറെടുക്കുക. പണ്ഡിറ്റുകൾ വേട്ടയാടിത്തുടങ്ങുന്ന നേരത്ത് പൊടുന്നനെ തിരിച്ചെത്തുക. ആ പടയോട്ടം പിന്നെ കിരീടത്തിൽ ചെന്നവസാനിക്കുക. ഐ.പി.എല്ലിൽ കംബാക്കുകളുടെ പര്യായ പദം മുംബൈ ഇന്ത്യൻസ് എന്നാണ്. തോറ്റു കൊണ്ടു തുടങ്ങുന്ന ദൈവത്തിന്റെ പോരാളികളെ ഭയക്കണം എന്നത് കഴിഞ്ഞ കുറച്ച് സീസണുകളിൽ മുംബൈയെ സംബന്ധിച്ചൊരു ട്രോൾ വാചകമായിരുന്നു. എന്നാൽ ഇക്കുറി അതങ്ങനെയല്ല. 2015 ലെ ഐതിഹാസികമായ തിരിച്ചു വരവിനെ ഓർമിപ്പിക്കുന്നൊരു കംബാക്കിന് തയ്യാറെക്കുകയാണ് ഹർദിക് പാണ്ഡ്യയും സംഘവും.
ഈ ചിത്രം മുംബൈ ആരാധകർ പെട്ടെന്നൊന്നും മറന്നുകളയില്ല. ആർ.സി.ബിക്കെതിരെ കൈവെള്ളയിലുണ്ടായിരുന്നൊരു കളി കൈവിട്ടു കളഞ്ഞതിന്റെ നിരാശയിൽ ഡഗ്ഗൗട്ടിൽ നിറകണ്ണുകളുമായിരിക്കുകയായിരുന്നു അന്ന് മുംബൈ നായകൻ. സഹോദരൻ ക്രുണാൽ പാണ്ഡ്യയുടെ പന്തുകളെ തുടരെ ഗാലറിയിലെത്തിച്ച് ആരാധകരുടെ പ്രതീക്ഷകളെ ആകാശത്തോളമുയർത്തിയ ഹർദിക് മുംബൈയെ വിജയതീരമണക്കുമെന്ന് സകലരും കരുതി. എന്നാൽ ക്രുണാലിന് മുന്നിൽ തന്നെ പിന്നീട് മുംബൈ കവാത്ത് മറന്നു. ഹർദികിന് ശേഷമെത്തിയവർക്കൊന്നും ടീമിനെ വിജയലക്ഷ്യത്തിലെത്തിക്കാനായില്ല. അഞ്ച് മത്സരങ്ങളിൽ നാലും തോറ്റ് വെറും രണ്ട് പോയിന്റുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു അന്ന് മുംബൈ. കഴിഞ്ഞ സീസണിന്റെ തനിയാവർത്തനമാണ് നടക്കാന്‍ പോവുന്നത് എന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ കളിയും കണക്കും നിരത്തി പറഞ്ഞു തുടങ്ങി.
എന്നാൽ പിന്നെ സംഭവിച്ചത് മറ്റൊന്നാണ്. ഭൂതകാലത്തെ കണക്കുകളെയൊക്കെ ചവറ്റുകൊട്ടയിലെറിഞ്ഞ് മുംബൈ ചാരത്തിൽ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്നു. അടുത്ത ആറ് കളികളിലും ജയം. രാജസ്ഥാനെ ജയ്പൂരിൽ വച്ച് 100 റൺസിന് തകർത്തെറിയുമ്പോൾ പോയിന്റ് ടേബിളിന്റെ തലപ്പത്താണ് പിന്നെ ക്രിക്കറ്റ് ആരാധകർ മുംബൈയെ കണ്ടത്. അബ്‌സല്യൂട്ട് സിനിമ. ഈ ടീമിനെ എതിരാളികൾ ഇനി ഭയന്നേ മതിയാവൂ.
മുംബൈയുടെ കംബാക്കുകൾ എവിടെ നിന്നാണാരംഭിക്കുന്നത്. രോഹിത് ശർമയിൽ നിന്നാണെന്ന് പറയേണ്ടി വരും. മൈതാനത്തൊന്നും ചെയ്യാനില്ലാതെ പെട്ടെന്ന് ക്രീസിലെത്തി പെട്ടെന്ന് മടങ്ങിപ്പോവുന്ന രോഹിതിനെ കണ്ട് കളിനിർത്തി വീട്ടിലിരിക്കൂ എന്ന് പറഞ്ഞത് വിരേന്ദർ സെവാഗാണ്. ആരാധകരെ കൊണ്ട് ഇനിയും താൻ ടീമിൽ തുടരുന്നത് എന്തിനാണ് എന്ന് പറയിപ്പിക്കരുതെന്നായിരുന്നു വീരുവിന്റെ കമന്റ്. ഡഗ്ഗൗട്ടിൽ ഇംപാക്ട് പ്ലെയറുടെ റോളിൽ ഇരിക്കുന്ന രോഹിത് പലപ്പോഴും ഒരു നിരാശക്കാഴ്ച്ചയായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ചരിത്രം കണ്ട എക്കാലത്തേയും മികച്ച നായകനോട് കളിനിർത്താൻ പണ്ഡിറ്റുകളുടെ ഉപദേശ പ്രളയമായിരുന്നു ആ സമയത്ത്. എന്നാൽ മൂന്ന് മനോഹര ഇന്നിങ്‌സുകൾ കൊണ്ട് രോഹിത് സകലരുടേയും വായടപ്പിച്ചു. ആ പഴയ രോഹിതിനെ വാംഖഡേ ആവർത്തിച്ച് കണ്ടു. പ്രായമൊന്നും അയാൾക്കുള്ളിലെ തീയണച്ചട്ടില്ലെന്ന് ആ പുൾഷോട്ടുകൾ വിളിച്ച് പറഞ്ഞു.
മറ്റൊന്ന് സൂര്യകുമാർ യാദവിന്റെ തിരിച്ചുവരവാണ്. ഐ.പി.എല്ലിന് തൊട്ട് മുമ്പ് ടി20 ക്രിക്കറ്റിൽ സൂര്യക്ക് അത്ര നല്ല കാലമായിരുന്നില്ല. എന്നാൽ മുംബൈ ജേഴ്‌സിയിൽ കഥയാകെ മാറി. ഓപ്പണർമാരിൽ ഒരാൾവീണാൽ അതിനേക്കാൾ അപകടകാരിയായൊരു പടക്കോപ്പാണ് ക്രീസിലെത്താനിരിക്കുന്നത് എന്ന ഭീതി ബോളർമാരുടെ ഉള്ളിലയാൾ നിറച്ചു. 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ 475 റൺസുമായി ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്താണിപ്പോൾ സ്‌കൈ. മുംബൈയുടെ തുടർ ജയങ്ങളിൽ അയാളുടെ ബാറ്റിനുള്ള റോൾ വലുതാണ്.
കൃത്യസമയത്ത് ഫോമിലേക്കുയർന്ന വിദേശതാരങ്ങളാണ് മുംബൈയുടെ കംബാക്കുകളിലെ മറ്റൊരു പ്രധാന ഘടകം. റിയാൻ റിക്കിൾട്ടണും വിൽ ജാക്‌സും നിർണായക സമയങ്ങളിലൊക്കെ ടീമിനായി നിറഞ്ഞു കളിക്കുന്നു. ജാക്‌സ് താന്‍ മികച്ചൊരു ബോളിങ് ഓപ്ഷൻ കൂടിയാണെന്ന് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു.
ബോളിങ് ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്ത് മുംബൈ വിജയങ്ങളിൽ വഹിക്കുന്ന റോൾ ചെറുതല്ല. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇരട്ടിക്കരുത്താണ് ടീമിന് പകർന്ന് നൽകിയത്. ന്യൂബോളിൽ വിക്കറ്റ് വീഴ്ത്തുന്നത് സീസണിൽ ഒരു ഹോബിയാക്കിയ ദീപക് ചഹാർ. 16 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ട്രെന്റ് ബോൾട്ട്. നിർണായക സമയങ്ങളിൽ ഇംപാക്ട് പ്ലെയറുടെ റോളിലെത്തി കളിപിടിക്കുന്ന കരൺ ശർമ. പിന്നെ ഹർദികും ജാക്‌സും സാന്റ്‌നറും. പാതിവഴിയിൽ ടീമിനൊപ്പം ചേർന്ന കോർബിൻ ബോഷ് കൂടെയായപ്പോൾ ഏത് കൊലകൊമ്പന്മാരെയും വീഴ്ത്താൻ പാകത്തിന് മുംബൈ ബോളിങ് നിര പരുവപ്പെട്ട് കഴിഞ്ഞു.
2015 ലെ ആ അവിശ്വസനീയ കംബാക്ക് മുംബൈ ആരാധകര്‍ക്കിന്നും ത്രസിപ്പിക്കുന്ന ഓർമയാണ്. ആദ്യ ആറ് കളികളിൽ അഞ്ചും തോറ്റ ടീം പ്ലേ ഓഫ് കാണാതെ പുറത്താവുമെന്ന് പലരും അന്ന് വിധിയെഴുതിയിരുന്നു. എന്നാൽ പിന്നെ സ്വപ്‌നത്തിലെന്ന പോലെയൊരു തിരിച്ചുവരവ്. പത്ത് കളികളിൽ ഒമ്പതും ജയിച്ച പടയോട്ടം കിരീടത്തിൽ ചെന്നാണവസാനിച്ചത്. കലാശപ്പോരിൽ മഹേന്ദ്ര സിങ് ധോണിയുടെ സി.എസ്.കെയെ 41 റൺസിന് തരിപ്പണമാക്കി രോഹിതും സംഘവും രണ്ടാം കിരീടമണിഞ്ഞു. അവിടന്നിങ്ങോട്ട് കൃത്യം ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മുംബൈയുടെ മറ്റൊരു കംബാക്കിന് കൂടി ഗാലറികള്‍ സാക്ഷിയാവുന്നു. ആറാം കിരീടത്തിലേക്കാണോ ദൈവത്തിന്‍റെ ഹര്‍ദികിന്‍റേയും സംഘത്തിന്‍റേയും ഈ കുതിപ്പ്... കാത്തിരുന്ന് കാണണം..