ഫിഫ കണ്ണടച്ചാലും ഗ്യാലറി ഇസ്രായേലിന് എതിരാണ്
ഇസ്രായേൽ ക്രൂരതകൾക്കെതിരെ ആദ്യം മുതലേ രംഗത്തെത്തിയ ഒരാൾ ഇംഗ്ലീഷ് ഇതിഹാസം ഗാരി ലിനേക്കറാണ്. സ്കോട്ട്ലൻഡിലെ സെൽറ്റിക്ക് ഗ്യാലറികൾ പല മത്സരങ്ങളിലും ഫലസ്തീൻ പതാകകളാൽ സമുദ്രമായി. ഇസ്രായേലിന് ചുവപ്പ് കാർഡ് നൽകാൻ ഐറിഷ് ഗ്യാലറികളും ആഹ്വാനം ചെയ്തു.
കാലിൽ കുഞ്ഞ് ബൂട്ടും കെട്ടി മൈതാനത്തേക്കോടിയ കുട്ടികൾ ഈ നാട്ടിലുമുണ്ടായിരുന്നു. മരുഭൂമിയുടെ ഊഷരതയ്ക്ക് മേൽ തളിർത്തുപൊന്തിയ പുൽനാമ്പുകളിൽ ഇളംകാല് കൊണ്ട് പന്തിനെ ഓമനിച്ചവർ. ശ്വാസം മുട്ടിയ ജീവിതത്തിനിടയിലും ഫുട്ബോളിൽ പ്രതീക്ഷയും ജീവിതവും നെയ്തെടുത്തവർ. പക്ഷേ വിസിലുകൾ ബോബുകളുടെ അട്ടഹാസങ്ങളായും ആരവങ്ങൾ കൂട്ടക്കരച്ചിലുകളായും മാറിത്തുടങ്ങിയത് മുതൽ മൈതാനങ്ങൾ അവിടെ അനാഥമായി. ബൂട്ട് കെട്ടിയിരുന്ന കാലുകളിൽ പലതും അറ്റുപോയി, മെസ്സിയെന്നും നെയ്മറെന്നും കൊത്തിവച്ച ജഴ്സികൾ ചോരക്കറ പുരണ്ട് കിടന്നു. ചുവപ്പ് കാർഡിനെയോ ഫെയർ പ്ലയറെയോ വകവയ്ക്കാതെ ഇസ്രായേൽ നടത്തുന്ന നരനായാട്ടിൽ തകർന്നതിൽ ഫലസ്തീന്റെ ഫുട്ബോൾ ഭൂപടവും ഉൾപ്പെടും.
ഇത് ഗസ്സ സിറ്റിയിലെ അൽ മൊഹ്തരിഫീൻ ഫുട്ബോൾ അക്കാദമിയിലെ ഒരു ചിത്രമാണ്. ദിവസങ്ങൾക്ക് മുമ്പുള്ള ഇസ്രായോൽ എയർ സ്ട്രൈക്കിൽ ഈ ചിത്രത്തിലെ മുഹമ്മദ് അൽ തലാതിനി എന്ന 15കാരൻ കൂടി കൊല്ലപ്പെട്ടു. അഥവാ ഈ ചിത്രത്തിലെ ഏറ്റവും അവസാനത്തെയാളും യാത്രയായി. ഈ പത്ത് കുട്ടികളിൽ ഒരാളും ഇന്ന് ഈ ഭൂമിയിലില്ല. ഫലസ്തീൻ ഫുട്ബോൾ അക്കാദമി നൽകുന്ന കണക്കുകൾ പ്രകാരം 355 ഫ്രൊഫഷണൽ ഫുട്ബോൾ താരങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിൽ നൂറോളം പേരും കുട്ടികളാണ്. ഫലസ്തീൻ പെലെയെന്ന് വിളിപ്പേരുള്ള സുലൈമാൻ അൽ ഒബൈദും ഭാവി നക്ഷത്രങ്ങളെന്ന് കരുതപ്പെട്ടിരുന്ന അൽഹിലാൽ അക്കാദമി താരങ്ങളായ മുഹമ്മദ് റമീസ് അൽ സുൽത്താനും മാലിക് അബു അൽ അമരാനും അടക്കമുള്ള ഹൈ പ്രൊഫൈൽ ഫുട്ബോൾ താരങ്ങളും ഇതിലുൾപ്പെടും. മുറ്റത്തും മൈതാനത്തും പൂമ്പാറ്റകളെ പോലെ പന്തുതട്ടി നടന്ന അനേകം കുഞ്ഞുങ്ങളെ കൂടാതെയുള്ള കണക്കാണിത്.
മൊഹ്തരിഫീൻ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ
യുക്രൈന് മേൽ അധികാരം കാട്ടിത്തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയവരാണ് ഫിഫയും യുവേഫയും. പുരുഷ- വനിതാ ഭേദമന്യേ ലോകകപ്പ് യോഗ്യത പോലും കളിക്കാൻ അനുവദിക്കാതെ ഫിഫ ചുവപ്പ് കാർഡ് പുറത്തെടുത്തു. റഷ്യൻ ക്ലബുകൾക്ക് മുന്നിൽ ചാമ്പ്യൻസ് ലീഗും യൂറോപ്യൻ ലീഗും അടക്കമുള്ള എല്ലാ വാതിലുകളും അടച്ചു. ഈ തീരുമാനമെടുക്കാൻ ഫിഫയ്ക്ക് വേണ്ടിവന്നത് വെറും നാലേ നാല് ദിവസമാണ്. ഇസ്രായേൽ ഗസ്സയ്ക്ക് മേൽ നടത്തുന്ന അധിനിവേശത്തിന്റെ ദിവസക്കണക്ക് പറയുന്നില്ല. കാരണം അതിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പക്ഷേ ഈ നരനായാട്ടിന്റെ, ഏകപക്ഷീയ ആക്രമണങ്ങളുടെ എത്രാമത്തെ ദിവസമാണിന്ന് കടന്നുപോകുന്നതെന്ന വലിയ ചോദ്യം ഫിഫയ്ക്ക് മുന്നിൽ പലരും ഉയർത്തി. ഫിഫയ്ക്കും യുവേഫയ്ക്കും ഇടപെടുന്നതിൽ പരിമിതികളുണ്ടായിരുന്നു. പക്ഷേ യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനുകളും ക്ലബുകളും ആരാധകരുമെല്ലാം പരിമിതികളില്ലാതെ ഈ അനീതി ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പ്രതിഷേധങ്ങൾ ശക്തമായതോടെ ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റീനോ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ ജിബ്രിൽ റജോബിനെ സൂറിച്ചിലേക്ക് വിളിച്ചുവരുത്തി. ഗസ്സയിലെ സ്ഥിതിയിൽ ദുഃഖമറിയിച്ചെങ്കിലും ഇസ്രായേലിനെതിരെ നടപടിയെടുക്കാനുള്ള പരിമിതികൾ ഇൻഫാന്റീനോ ഉയർത്തി. സംഘടനയ്ക്ക് ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും ഇസ്രായേലിനെ ലോകകപ്പിൽ നിന്നും വിലക്കിയാൽ പ്രശ്നങ്ങൾ അവസാനിക്കില്ലെന്നുമുള്ള നിലപാടാണ് ഫിഫ സ്വീകരിച്ചത്. അടുത്ത ലോകകപ്പിന് അരങ്ങൊരുക്കുന്ന അമേരിക്കയെ പേടിച്ചുകൊണ്ട് കൂടിയാണ് ഫിഫയുടെ ഈ നിലപാടാണെന്നാണ് അണിയറയിലെ സംസാരം.
യുവേഫയിലെ ഭൂരിഭാഗം അംഗങ്ങളും ഇസ്രായേലിന്റെ പങ്കാളിത്തത്തിനെതിരാണെന്ന് വാർത്തകളുണ്ടങ്കിലും ഇതുവരെയും അന്തിമ തീരുമാനം വന്നിട്ടില്ല. ലോകക്രമത്തിന്റെ എല്ലാ സമവാക്യങ്ങളും ബാധകമായ ഫിഫയ്ക്കും യുവേഫയ്ക്കും ഇസ്രായേലിന് വിലക്കേർപ്പെടുത്തുക എളുപ്പമല്ല. റഷ്യക്കെതിരെ നീങ്ങുന്നത് പോലെ ഇസ്രായേലിനെതിരെ നീങ്ങിയാൽ കൈപൊള്ളുമെന്നും അവർക്കറിയാം. എങ്കിലും ഈ പ്രതിഷേധങ്ങളോട് മുഖം തിരിക്കാൻ അവർക്കാകില്ല. യുവേഫ സൂപ്പർ കപ്പിന് യുവേഫ പ്രസിഡന്റ് കൂടിയായ അലക്സാണ്ടർ ചെഫറിൻ ഫലസ്തീൻ കുട്ടികളുടെ കൈപിടിച്ചെത്തിയതും ഗ്രൗണ്ടിൽ കുട്ടികളെ കൊല്ലുന്നത് നിർത്തൂ എന്ന ബാനർ തൂക്കിയതും ഉദാഹരണമാണ്. വൈകിയാണെങ്കിലും ഫിഫ പ്രസിഡന്റിനും വിഷയത്തിൽ നിലപാട് പ്രഖ്യാപിക്കേണ്ടി വന്നു.
നിലപാട് പ്രഖ്യാപനങ്ങളായി മൈതാനങ്ങൾ
ഇസ്രായേൽ ക്രൂരതകൾക്കെതിരെ ആദ്യം മുതലേ രംഗത്തെത്തിയ ഒരാൾ ഇംഗ്ലീഷ് ഇതിഹാസം ഗാരി ലിനേക്കറാണ്. ഫുട്ബോൾ അക്കാദമിയിലെ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ചൂണ്ടി ഫിഫയ്ക്കും യുവേഫയ്ക്കും ഇസ്രായേലിനെതിരെ നടപടിയെടുക്കാൻ ഇത്രയൊന്നും പോരേ എന്ന് ചോദിക്കാൻ അയാൾ ധൈര്യം കാണിച്ചു. ഫലസ്തീൻ അനുകൂലമായി പങ്കുവച്ച പോസ്റ്റിൽ ജൂതവിരുദ്ധതയുണ്ടെന്ന് കാണിച്ച് പരാതിയുയർന്നതോടെ ബിബിസിയിലെ അവതാരക ജോലിയിൽ നിന്നുവരെ അദ്ദേഹത്തിന് പടിയിറങ്ങേണ്ടിവന്നു. പക്ഷേ നിലപാടിൽ ഒരിഞ്ചും അയാൾ വെള്ളം ചേർത്തില്ല. ഈ ക്യാമ്പയിന് അതിശക്തമായി പിന്തുണനൽകുന്ന മറ്റൊരാൾ യുനൈറ്റഡിന്റെയും ഫ്രാൻസിന്റെയും ഇതിഹാസ താരമായ എറിക് കണ്ടോണയാണ്. മറഡോണയില്ലാതെ പോയി. അല്ലെങ്കിൽ നിശ്ചയമായും സ്വതന്ത്ര ഫലസ്തീനെ എതിർത്ത് കൈപൊക്കുന്ന സ്വന്തം രാജ്യത്തെയെങ്കിലും അയാൾ ചോദ്യം ചെയ്യുമായിരുന്നു.
ഗാരി ലിനേക്കർ Photo| Chris Floyd
ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ അമ്പരപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങളുണ്ട്. അതിൽ പ്രധാനികൾ സ്പെയിനാണ്. ഇസ്രായേലിനെ കായിക മത്സരങ്ങളിൽ നിന്നും വിലക്കാൻ ഇനിയുമായില്ലേന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വളച്ചുകെട്ടുകളില്ലാതെ ചോദിച്ചു. പിന്നാലെ സ്പെയിനിലെ ഭരണപക്ഷ പാർട്ടിയായ സോഷ്യലിസ്റ്റുകളുടെ വക്താവ് ഇസ്രയോൽ ലോകകപ്പിന് യോഗ്യത നേടിയാൽ കളിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന സൂചന നൽകി. ഈ പോരാട്ടത്തിൽ സ്പെയിൻ ഒറ്റയ്ക്കല്ല. ഒക്ടോബർ 11ന് നടക്കുന്ന ഇസ്രായേലുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽനിന്നുള്ള മൊത്തം വരുമാനവും ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണെന്ന് നോർവെ പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ ഉറച്ച നിലപാട് എടുക്കണമെന്ന് അയർലൻഡ് ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് പറഞ്ഞിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇസ്രായേലിന്റെ ഗ്രൂപ്പിൽ കളിക്കുന്ന ഇറ്റലിയിലെ കോച്ചസ് അസോസിയേഷൻ ഒന്നടങ്കം വംശഹത്യക്കെതിരെ അണിനിരക്കുന്നതും കണ്ടു.
ക്ലബ്ബുകളുടെ ഭാഗത്തു നിന്നും ഇതേ വിഷയത്തിൽ കടുത്ത നിലപാട് പ്രഖ്യാപനങ്ങളുണ്ടായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ ഹോണററി ഡിഗ്രി സ്വീകരിച്ചുകൊണ്ട് നടത്തിയത് ഹൃദയഭേദകമായ പ്രഖ്യാപനമാണ്. മരിയ, മാരിയസ്, വലന്റീന എന്നുപേരുള്ള തന്റെ മൂന്ന് മക്കളിൽ താൻ കാണുന്നത് ഗസ്സയിലെ കുട്ടിക്കളെത്തന്നെയാണെന്നാണ് പെപ് പറഞ്ഞത്. ഇതൊന്നും തന്റെ കാര്യമല്ലെന്ന് പറഞ്ഞ് മാറിനിൽക്കുന്നവർക്ക് പെപ് ഒരു കഥകൂടി പറഞ്ഞുകൊടുത്തിട്ടുണ്ട്. ‘‘ഒരു കാടിങ്ങനെ കത്തിയമരുകയാണ്. എല്ലാ മൃഗങ്ങളും ഭയന്ന്, നിസഹായരായി പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ ഒരു ചെറിയ പക്ഷി അതിന്റെ ചെറിയ കൊക്കിൽ വെള്ളത്തുള്ളികളേറ്റി കടലിലേക്കും കാട്ടിലേക്കും മാറിമാറി പറക്കുന്നു. അതുകണ്ട് ഒരു പാമ്പ് പരിഹാസരൂപത്തിൽ ചോദിച്ചു, ഒരിക്കലും തീ അണയ്ക്കാനാവില്ലെന്നറിഞ്ഞിട്ടും നീ എന്തിനാണ് ഈ പണി ചെയ്യുന്നത്? പക്ഷി മറുപടി പറഞ്ഞു -അതെനിക്കറിയാം. പക്ഷേ ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കും. വെറുതെയിരിക്കാൻ എനിക്കാവില്ല”- പെപ് പറഞ്ഞ ആ കഥ ഇങ്ങനെയായിരുന്നു. ജന്മനാടായ ബാഴ്സലോണയിൽ അരങ്ങേറിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയെ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പെപ് ഗ്വാർഡിയോള Photo| BBC
സ്പെയിനിലെ ബാസ്ക് പ്രവിശ്യയുടെ പ്രതീകമായ അത്‍ലറ്റിക്കോ ബിൽബാവോ ഫലസ്തീന് ഔദ്യോഗികമായിത്തന്നെ പിന്തുണയർപ്പിച്ചു. സ്വന്തം സ്റ്റേഡിയമായ സാൻമെമസിൽ ഫലസ്തീൻ പതാക പ്രദർശിപ്പിച്ച ക്ലബ് റയൽ മയ്യോർക്കക്കെതിരായ മത്സരത്തിന് മുമ്പ് ഫലസ്തീൻ അഭയാർഥികളെ ഗ്രൗണ്ടിലിറക്കി ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. സ്പാനിഷ് ഗ്രൗണ്ടുകളിൽ ഫലസ്തീൻ പതാകയ്ക്ക് വിലക്കില്ലെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബസും വ്യക്തമാക്കി.
ഗസ്സ വിഷയത്തിൽ നിശബ്ദനായിരിക്കുന്നു എന്ന് വിമർശിക്കപ്പെട്ട മുഹമ്മദ് സലാഹ് പക്ഷേ നിർണായക സമയത്ത് രംഗത്തെത്തുന്നതാണ് കണ്ടത്. കൊല്ലപ്പെട്ട ‘ഫലസ്തീൻ പെലെക്ക്’ ആദരമർപ്പിച്ച് യുവേഫ പങ്കുവച്ച പോസ്റ്റിൽ കൊലയാളികളായ ഇസ്രായേലിന്റെ പേരില്ലായിരുന്നു. സലാഹ് അതിനെ ചോദ്യം ചെയ്തത് വലിയ വാർത്തയായി. യുനിസെഫ് വേൾഡ് ഫുഡ് പോഗ്രാം അംബാസിഡറായ ദക്ഷിണ കൊറിയൻ സൂപ്പർ താരം സൺ ഹ്യൂങ് മിൻ ഗസ്സയ്ക്ക് സഹായമഭ്യർഥിച്ച് വിഡിയോ പങ്കുവച്ചു. വില്യം സലിബ, റാഫേൽ ലിയാവോാ, ജാവോ കാൻസലോ, വെസ്‌ലി ഫൊഫാന, മാർക്കസ് തുറാം, ഇബ്രാഹിമ കൊനാറ്റെ, ഒസ്മാനെ ഡെംബലെ, നിക്കോളാസ് ജാക്സൺ, കരിം ബെൻസിമ, സാദിയോ മാനെ, പോൾ പോഗ്ബ അടക്കമുള്ള സൂപ്പർതാരങ്ങളും ഗസ്സയ്ക്ക് ഐക്യദാർഢ്യവുമായി ചേർന്നുനിന്നു.
മുഹമ്മദ് സലാഹ് Photo|Special Arrangement
പക്ഷേ ഇതിനേക്കാളെല്ലാം ഞെട്ടിച്ചത് യൂറോപ്യൻ ഫുട്ബോൾ ഗ്യാലറികളാണ്. ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ പിഎസ്ജി ഹോം ഗ്രൗണ്ടായ പാർക്ക് ഡെ പ്രിൻസസിന്റെ ചിത്രമാണിത്. സ്കോട്ട്ലൻഡിലെ സെൽറ്റിക്ക് ഗ്യാലറികൾ പല മത്സരങ്ങളിലും ഫലസ്തീൻ പതാകകളാൽ സമുദ്രമായി. ഇസ്രായേലിന് ചുവപ്പ് കാർഡ് നൽകാൻ ഐറിഷ് ഗ്യാലറികളും ആഹ്വാനം ചെയ്തു. സ്പെയിനിലെ റയൽ സോസിഡാഡ്. ലിവർപൂളിന്റെ ആൻഫീൽഡ്, ഇറ്റലിയിലെ ലിവോർണോ, ഫ്രാൻസിലെ മാഴ്സെ, ജർമനിയിലെ സെന്റ്പോളി, സ്പെയിനിലെ അത്‌ലറ്റിക്കോ ബിൽബാവോ എന്നീ ഗ്യാലറികളിലെല്ലാം ഐക്യദാർഢ്യത്തിന്റെ ഫലസ്തീൻ പതാകകൾ പാറി. ഏറ്റവുമൊടുവിൽ അമേരിക്കയിലെ ടൈംസ്ക്വയറിലെ ബിൽബോർഡിൽ സോക്കർ ഫെഡറേഷനുകൾക്കുള്ള ഉണർത്തലുമായി ഇസ്രായേൽ ബഹിഷ്കരണാഹ്വാനം തെളിഞ്ഞു. അധികാരികൾ അമാന്തിച്ചു നിൽക്കുന്നുവെങ്കിലും ഗ്യാലറികളും താരങ്ങളും ക്ലബ്ബുകളും ഒന്നടങ്കം പന്ത് മാനവികതയുടെ മൈതാനത്താണ് തട്ടേണ്ടതെന്ന് തീർത്തുപറഞ്ഞു.
ഇസ്രായേൽ അധിനിവേശത്തിനെതിരായ ശബ്ദങ്ങൾ മതത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്നവർ കേരളത്തിലുണ്ട്. അവരോടായി ഫുട്ബോളിൽ നിന്നുതന്നെയുള്ള ഒരു ഉദാഹരണവും പറയാം. ഈ ഫലസ്തീൻ പതാക ആലേഖനം ചെയ്ത ടീം 'ഡിപ്പാർട്ടിവോ ഫലസ്തീനോ' എന്ന ചിലിയൻ ക്ലബ്ബാണ്. ഇസ്രായേൽ അധിനിവേശത്തോടെ ഫലസ്തീനിലേക്ക് മടങ്ങിപ്പോകാൻ സാധിക്കാതെ ഫലസ്തീൻ ക്രിസ്ത്യൻ അഭയാർഥികളുടേതാണ് ഈ ടീം. കൂടുതൽ വിശദീകരണങ്ങൾ വേണ്ടതില്ല എന്ന് കരുതുന്നു.
ഡിപ്പാർട്ടിവോ ഫലസ്തീനോ ടീം Photo| Tehran Times