കാൽഷ്യോപോളി; ഇറ്റാലിയൻ ഫുട്ബോളിനെ പിടിച്ചു കുലുക്കിയ വിവാദം
നേരം അത് രണ്ട് വിധത്തിലാണ് ഒന്ന് നല്ല നേരം പിന്നൊന്ന് ചീത്ത നേരം. എന്നാൽ ഇത് രണ്ടും ഒരുമിച്ചു വന്നാലുള്ള അവസ്ഥ എന്തായിരിക്കും? 2006 ലെ ഇറ്റാലിയൻ ഫുട്ബാളിന് ഏതാണ്ട് അങ്ങനെയായിരുന്നു. ലോകകപ്പ് കിരീടത്തിൽ നാലാം തവണ മുത്തമിട്ട് ഇറ്റലി ചരിത്രം രചിച്ചു. 1982ന് ശേഷം അവരുടെ ആദ്യ മേജർ ട്രോഫി. പക്ഷെ ഒരു ഭാഗത്ത് നല്ല നേരമാണെങ്കിൽ മറുഭാഗത്ത് എന്തോ ഒന്ന് പുകയുന്നുണ്ടായിരുന്നു. ഇറ്റാലിയൻ ഫുട്ബോളിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട കാൽഷ്യോപോളിയെന്ന വാതുവെപ്പ് വിവാദം. 2004 ലാണ് ഇതിനെല്ലാം തുടക്കം കുറിക്കുന്നത്. ഇറ്റാലിയൻ പത്രമായിരുന്ന ഇൽ റോമാനിസ്റ്റയിൽ പ്രതാപികളായ യുവന്റസിനെ ചൊല്ലി വാതുവെപ്പ് ആരോപണങ്ങൾ അച്ചടിച്ച് വന്നു. അലെസ്സാൻഡ്രോ ഡെൽ പിയെറോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ജിയാൻലൂയിജി ബഫൺ, ഡേവിഡ് ട്രെസഗ്വേ തുടങ്ങി ലോക ഫുട്ബോളിലെ തന്നെ മികച്ച താരങ്ങൾ യുവന്റസിനായി അന്ന് കളിച്ചിരുന്നു. അതുകൊണ്ട് ആരും അത് കാര്യമാക്കിയില്ല. ഇത്രയും ശക്തമായൊരു ടീം എന്തിനാണ് വെറുതെ വാതുവെപ്പ് നടത്തുന്നത്? ആരും വാർത്തകൾ കാര്യമാക്കിയില്ല.
2004/05 സീസൺ യുവന്റസിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകിയതായിരുന്നു. ഇതിഹാസ പരിശീലകൻ മാഴ്‌സെലോ ലിപി ദേശിയ ടീമിലേക്ക് മാറിയതോടെ. ഒഴിഞ്ഞു കിടന്നിരുന്ന പരിശീലക സ്ഥാനത്തേക്ക് ഫാബിയോ കപല്ലോ തിരികെ വന്നു. ലീഗിൽ ജയിത്ര യാത്ര തുടർന്ന യുവന്റസ് സീരിഎ ട്രോഫി അനായാസം സ്വന്തമാക്കി. 2005/06 സീസണിലും ഇറ്റാലിയൻ ലീഗിൽ യുവന്റസിന്റെ ആധിപത്യം തന്നെ തുടർന്നു. 91 പോയിന്റോടെ രണ്ടാമതുള്ള ഇന്റർ മിലനുമായി 15 പോയിന്റിന്റെ വ്യത്യാസത്തിലാണ് ട്രോഫി യുവന്റസ് കൊണ്ട് പോയത്. വീണ്ടുമൊരു സുവർണ കാലത്തിന് ട്യൂറിനിൽ തുടക്കമിട്ടിരിക്കുന്നു എന്ന് ആളുകൾ കരുതി. പക്ഷെ ഇതിന്റെയെല്ലാം അടിയിൽ പുകഞ്ഞുകൊണ്ടിരുന്ന ഒരു തീപ്പൊരി ആളി കത്താനായി കാത്തിരുന്നു. 2006 ലോകകപ്പിന് വെറും മാസങ്ങൾ ബാക്കി നിൽക്കേ അത് സംഭവിച്ചു. ഇറ്റാലിയൻ ഫുട്ബോളിലെ വാതുവെപ്പ് ആരോപങ്ങങ്ങൾ അന്വേഷിച്ചിരുന്ന ഇറ്റാലിയൻ പോലീസും അധികൃതരും ഇതിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളുടെ കോളുകൾ ടാപ്പ് ചെയ്യാൻ തുടങ്ങി. അതിൽ അസ്വാഭാവികതകൾ കണ്ട അധികൃതർ ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷനെ സമീപിച്ചു. പക്ഷെ ഇറ്റാലിയൻ ഫുട്ബാളിന്റെ തലപ്പത്തിരിക്കുന്നവരുടെ കരങ്ങൾ വരെ അതിലുണ്ടായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അവർക്കവിടന്ന് അറിയാൻ കഴിഞ്ഞത്. കേസെടുക്കാൻ തീരുമാനിച്ച മജിസ്‌ട്രേറ്റിന് വേറെ വഴിയുണ്ടായില്ല. മീഡിയയിലേക്ക് വിവരങ്ങൾ പുറത്തുവിട്ടു. വിവാദങ്ങളുടെ ഒരു അഗ്നിപർവതം പൊട്ടി തെറിച്ച പ്രതീതിയായിരുന്നു പിന്നീട്. കാൽഷ്യോപോളിയെന്ന ഓമനപ്പേരിട്ട് മാധ്യമങ്ങൾ അതിനെ വിശേഷിപ്പിച്ചു.
ഈ തിരക്കഥയുടെ കേന്ദ്ര കഥാപാത്രങ്ങളായി യുവന്റസും പ്രസിഡന്റ് ലൂച്ചിയാണോ മോഗിയും മാറി. ഇറ്റാലിയൻ ലീഗിലെ റഫറിമാരെ തങ്ങളുടെ ഇഷ്ടാനുസരണം മാറ്റാനും നിയമിക്കാനും ക്ലബ് അധികൃതർ നടത്തുന്ന സംവാദങ്ങളാണ് പൊലീസിന് ലഭിച്ചത്. ടേപ്പ് ചെയ്ത കോളുകളിൽ മോഗിയും അന്നത്തെ ഇറ്റാലിയൻ ലീഗിലെ റെഫറിമാരെ നിയമിക്കാൻ ചുമതലയുള്ള പൗളോ ബെർഗമോ, ജിയാൻലൂയിജി പൈറേറ്റോ എന്നിവരുമായി നടത്തിയ സഭാഷങ്ങളും ഉണ്ടായിരുന്നു. വെറും ട്രെയിൻ ടിക്കറ്റ് ചെക്കറായി തുടങ്ങിയ ലച്ചിയാനൊ മോഗി, റോമാ, ടോറിനോ, നാപോളി തുടങ്ങിയ ക്ലബ്ബുകളുടെ നടത്തിപ്പിന്റെ ഭാഗമായിരുന്നു. പിന്നീട് 1994ൽ തിരികെ ട്യൂറിനിലേക്ക് എത്തിയ മോഗി യുവന്റസ് ഫുട്ബോൾ ക്ലബ്ബിന്റെ സുവർണ കാലത്തിനാണ് തുടക്കം കുറിച്ചത്. മാഴ്‌സെലോ ലിപ്പി എന്ന ഇതിഹാസ പരിശീലകന് കീഴിൽ അഞ്ച് സീരിഎ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമടക്കം 14 കിരീടങ്ങളാണ് യുവന്റസ് ആ കാലയളവിൽ നേടിയെടുത്തത്. തുടർന്നുണ്ടായ വിവാദങ്ങൾ മോഗിയെ യുവന്റസിന്റെ സുവർണ നായകനിൽ നിന്ന് ഇറ്റാലിയൻ ഫുട്ബോളിനെ നാണക്കേടിലേക്ക് തള്ളിവിട്ട വില്ലനാക്കി മാറ്റി.
അന്ന് രണ്ട് ദിശയിലേക്ക് സഞ്ചരിക്കുന്ന ഇറ്റാലിയൻ ഫുട്ബോളിനെയാണ് ആരാധകർ കണ്ടത്. ഒരുവശത്ത് ലോകകപ്പ് ലക്ഷ്യമിട്ട് കുതിക്കുന്ന അസൂറിപ്പട മറുഭാഗത്ത് വിവാദങ്ങളുടെ ആഴ കടലിൽ മുങ്ങി താഴുന്ന ഇറ്റാലിയൻ ക്ലബ് ഫുട്ബോൾ. ഒടുവിൽ ആ വിധി വന്നു. 2006 ജൂലൈ 14 ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ സ്പോർട്സ് ട്രിബ്യുണൽ യുവന്റസിനും കൂടെ പങ്കാളികളായ മറ്റു ക്ലബ്ബുകൾക്കും അധികൃതർക്കും ശിക്ഷ വിധിച്ചു. ലോക ഫുട്ബോൾ കണ്ടതിൽ വെച്ച് ഏറ്റവും രൂക്ഷമായ വിധി. 2005 ലേയും 2006 ലേയും സീരിഎ കിരീടങ്ങൾ യുവന്റസിന് നഷ്ടമായി കൂടാതെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപെട്ടു. മിലാൻ, ലാസിയോ, റെജിന, ഫിയോറെന്റീന തുടങ്ങിയ ക്ലബ്ബുകളും ഒപ്പം ശിക്ഷിക്കപ്പെട്ടു. അഞ്ച് ദിവസങ്ങൾക്ക് ശേഷം ഫ്രാൻസിനെ കീഴ്പെടുത്തി ആസൂറിപ്പട ലോകകപ്പും ഉയർത്തി. വീര നായകൻ കന്നവാരോയാകട്ടെ അടുത്ത വർഷം രണ്ടാം ഡിവിഷനിൽ കളിക്കാൻ പോകുന്നു. സൂപ്പർ താരങ്ങളെല്ലാം വിട്ട് പോയെങ്കിലും ഡെൽ പിയെറോ, ബഫൺ, ട്രെസഗ്വേ തുടങ്ങിയവർ യുവന്റസിനോടപ്പം തന്നെ നിന്നു. "എ ജന്റിൽമാൻ നെവർ ലീവ്സ് ഹിസ് ലേഡി" അന്ന് ഡെൽ പിയെറോ പറഞ്ഞ വാക്കുകളാണിത്. ഏതു ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടാലും താൻ യുവന്റസിനൊപ്പം നിൽക്കുമായിരുന്നു എന്നും ഇറ്റാലിയൻ ഇതിഹാസ താരം പിന്നീട് പറഞ്ഞിട്ടുണ്ട്. അനായാസം സിരിബി വിജയിച്ച ടീം, ടോപ് ഡിവിഷനിലേക്ക് തിരികെയെത്തി. വൈകാതെ തന്നെ ഇറ്റാലിയൻ ഫുട്ബാളിന്റെ ശക്തികളായി യുവന്റസ് അവരുടെ സ്ഥാനം തിരിച്ചുപിടിച്ചു. പക്ഷെ യുവന്റസ് ഫുട്ബാൾ ക്ലബ്ബിന്റെയും ഇറ്റാലിയൻ ഫുട്ബോളിന്റെയും ചരിത്രത്തിലെ ഇരുണ്ട ദിനങ്ങൾ നൽകിയതിന് കാൽഷ്യോപോളി എന്നും ഓർമ്മിക്കപ്പെടും.