ഇന്റർ കാശി ഐഎസ്എല്ലിലേക്ക്; ഔദ്യോഗിക പ്രഖ്യാപനവുമായി എഐഎഫ്എഫ്
ന്യു ഡൽഹി: ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റർ കാശിയുടെ ഐഎസ്എൽ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് എഐഎഫ്എഫ്. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് ഇന്റർ കാശിയെ പ്രൊമോട്ട് ചെയ്തതായി ഇന്നലെ എഐഎഫ്എഫ് ഡെപ്യുട്ടി ജനറൽ സെക്രട്ടറി സത്യനാരായണൻ പ്രഖ്യാപിച്ചു. നാടകീയതകൾ നിറഞ്ഞ ഐ ലീഗ് സീസണിൽ ആദ്യം ചർച്ചിൽ ബ്രതെർസിനേ ചാമ്പ്യന്മാരായി എഐഎഫ്എഫ് പ്രഖ്യാപിച്ചതോടെ ഇന്റർ കാശി അംഖിലേന്ദ്യ ഫുട്ബോൾ ഫെഡറേഷനെതിരെ അപ്പീൽ നൽകിയിരുന്നു. തുടർന്ന് ജൂൺ മാസത്തിൽ കായിക തർക്ക പരിഹാര കോടതിയുടെ വിധി പ്രകാരമാണ് ഇന്റർ കാശിയെ ഐ ലീഗ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്.
കായിക തർക്ക പരിഹാര കോടതിയിൽ രണ്ട് കേസുകളിൽ വിജയിച്ചതോടെയാണ് ഇന്റർ കാശി ഐ ലീഗ് കിരീടം ജയിച്ചത്. നാമധാരി എഫ് സിക്കെതിരായ മത്സരത്തിൽ അയോഗ്യനായ കളിക്കാരനെ ഇറക്കി എന്നതായിരുന്നു ആദ്യ കേസ്. ചർച്ചിൽ ബ്രതെഴ്സ്സിനെ വിജയികളായി പ്രഖ്യാപിച്ച എഐഎഫ്എഫ് വിധിക്കെതിരെയായിരുന്നു രണ്ടാമത്തെ കേസ്. ലീഗിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ വീഴ്ത്തിയായിരുന്നു ഇന്റർ കാശി പട്ടികയിൽ ഒന്നാമതെത്തിയത്.
ഇന്റർ കാശിയുടെ വരവോടെ ഐ എസ് എല്ലിൽ ടീമുകളുടെ എണ്ണം പതിനാലായി മാറി. ഇന്റർ കാശിയുടെ അടുത്ത മത്സരം സൂപ്പർ കപ്പിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ്.