പ്രതിഷേധിക്കാനൊരുങ്ങി ആയിരങ്ങൾ; ഇസ്രായേലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ സുരക്ഷാ ഭീഷണിയിൽ
റോം: ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിന്റെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾ കനത്ത സുരക്ഷാ ഭീഷണിയിൽ. നോർവെ, ഇറ്റലി എന്നീ രാജ്യങ്ങൾക്കെതിരെയുള്ള മത്സരങ്ങളാണ് പ്രതിഷേധ നിഴലിലായിരിക്കുന്നത്.
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്പിലെ പ്രധാന നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ മത്സരവേദികളിലേക്കും വ്യാപിക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 15ന് ഇറ്റലിയിലെ ഉഡിനെയിൽ നടക്കാനിരിക്കുന്ന ഇറ്റലി-ഇസ്രായേൽ മത്സരമാണ് വലിയ സുരക്ഷാ ഭീഷണി നേരിടുന്നത്. സ്റ്റേഡിയത്തിനകത്തുള്ള കാണികളേക്കാൾ കൂടുതൽ പ്രതിഷേധക്കാർ പുറത്ത് തടിച്ചുകൂടുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് മത്സരം മാറ്റിവെക്കണമെന്ന് ഉഡിനെ നഗരത്തിന്റെ മേയർ ആൽബെർട്ടോ ഫെലിസ് ഡി ടോണി ആവശ്യപ്പെട്ടു.
ശനിയാഴ്ച ഓസ്ലോയിൽ നടക്കുന്ന നോർവെ-ഇസ്രായേൽ മത്സരത്തിലും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. മത്സരത്തിൽ നിന്നുള്ള ടിക്കറ്റ് വരുമാനം ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് നോർവീജിയൻ ഫുട്ബോൾ ഫെഡറേഷൻ നേരത്തേ അറിയിച്ചിരുന്നു. ഗസ്സയിലെ സാഹചര്യങ്ങളിൽ സങ്കടമുണ്ടെങ്കിലും ഇസ്രായേലിനെതിരെ കളിക്കാതിരിക്കുന്നത് ലോകകപ്പ് യോഗ്യത സാധ്യതയെ ബാധിക്കുമെന്ന് ഇറ്റാലിയൻ കോച്ച് ഗട്ടൂസോ പ്രതികരിച്ചിരുന്നു.