യൂവേഫയുടെ സമ്മതം; രണ്ട് യൂറോപ്യൻ ലീഗ് മത്സരങ്ങൾ വിദേശത്ത് കളിക്കും
ന്യോം: യൂറോപ്യൻ ലീഗ് മത്സരങ്ങൾ യൂറോപ്പിന് പുറത്ത് മത്സരിക്കാനുള്ള നീക്കത്തിന് യുവേഫയുടെ സമ്മതം. ഇന്നലെ യുവേഫ ആസ്ഥാനത്ത് വെച്ച് നടന്ന ചർച്ചക്കൊടുവിലാണ് യൂവേഫയുടെ തീരുമാനം. ലാലിഗ മത്സരമായ ബാഴ്‌സലോണ വിയ്യാറയൽ മത്സരം അമേരിക്കയിലെ മിയാമിയിൽ വെച്ചും, ഇറ്റാലിയൻ ലീഗ് മത്സരമായ എസി മിലാൻ കോമോ മത്സരം ആസ്ട്രേലിയയിലെ പേർത്തിലും വെച്ച് നടത്താനാണ് തീരുമാനം. ലാലിഗയും സീരിയയും ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. തനത് രാജ്യങ്ങളുടെ സംഘടനകൾ ഇതിനായുള്ള സമ്മതം നേരത്തെ കൊടുത്തിരുന്നു. സമ്മതം നൽകുമ്പോഴും ലീഗ് മത്സരങ്ങൾ വിദേശ രാജ്യങ്ങളിൽ കളിക്കുന്നതിന് യൂവേഫയുടെ എതിർപ്പ് തുടരുമെന്നും ഇതൊരു അസാധാരണമായ സാഹചര്യമാണെന്നും യുവേഫ വ്യക്തമാക്കുന്നു. ആഭ്യന്തര ലീഗ് മത്സരങ്ങൾ അതാതു രാജ്യങ്ങളിൽ തന്നെ ഒതുങ്ങണമെന്നും ഇതുപോലുള്ള മാറ്റങ്ങൾ ആഭ്യന്തര ലീഗുകളുടെ ആരാധകരെയും മത്സരങ്ങളുടെ ഘടനയെയും ബാധിക്കുമെന്നും കൂട്ട് നിൽക്കാൻ യുവേഫക്ക് ബുദ്ധിമുട്ടുണ്ടെന്നും പ്രസിഡന്റ് ഷെഫ്‌റിൻ വ്യക്തമാക്കി.
യുവേഫ കൂടി സമ്മതം മൂളിയ സ്ഥിതിക്ക് ഫിഫയുടെയും മത്സരം നടത്തിരിക്കുന്ന രാജ്യത്തിന്റെ സംഘടനയുടെയും സമ്മതം ലഭിച്ചാൽ മത്സരം മുന്നോട്ടു പോകും. നേരത്തെ വിയ്യാറയൽ ആരാധകരും ഇതിനെതിരെ രംഗത്ത് വരുകയുണ്ടായി.