ചരിത്രത്തിലാദ്യം, ബാഴ്സലോണ-വിയ്യാറയൽ ലാലിഗ മത്സരത്തിന് അമേരിക്ക വേദിയാകും, കാരണമിതാണ്
മാഡ്രിഡ്: ചരിത്രത്തിലാദ്യമായി സ്പാനിഷ് ലാലിഗ മത്സരത്തിന് വേദിയൊരുക്കാൻ അമേരിക്ക. ഡിസംബർ 20ന് മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വെച്ച് ബാഴ്‌സലോണയും വിയാറയലും തമ്മിൽ ഏറ്റുമുട്ടും. ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബസാണ് ഇക്കാര്യം അറിയിച്ചത്.
ഈ നിർദ്ദേശത്തിന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെയും യുവേഫയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. അമേരിക്കയിൽ വെച്ച് ഒരു മത്സരം നടത്തുക എന്ന ലാലിഗയുടെ നിരന്തര ആവശ്യത്തിന് ഒടുവിൽ യുവേഫ പച്ചക്കൊടി കാണിക്കുകയായിരുന്നു.ഇതൊരു "അസാധാരണമായ കേസ്" ആണെന്നും ഇതൊരു കീഴ്‌വഴക്കമാകരുതെന്നും യുവേഫ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയിൽ മത്സരം നടത്താൻ ലാലിഗ നേരത്തെയും ശ്രമിച്ചിരുന്നുവെങ്കിലും ആരാധകരുടെയും ക്ലബ്ബുകളുടെയും എതിർപ്പിനെത്തുടർന്ന് ആ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.
ഈ മത്സരത്തിൽ വിയ്യാറയലായിരിക്കും ആതിഥേയ ടീം. മയാമിയിലെ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സീസൺ ടിക്കറ്റ് ഉടമകൾക്ക് യാത്രയും ടിക്കറ്റും സൗജന്യമായി നൽകുമെന്ന് ക്ലബ് വാഗ്ദാനം ചെയ്തിട്ടുണ്ട്. യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് സീസൺ ടിക്കറ്റിൽ 20% കിഴിവും ലഭിക്കും.
അന്താരാഷ്ട്ര തലത്തിൽ ലാലിഗയുടെ പ്രചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. എന്നാൽ വിഷയത്തിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്.