ഫലസ്തീനിലെ കുഞ്ഞുങ്ങളടക്കമുള്ളവർക്ക് സംഭവിക്കുന്നതിൽ വേദനയുണ്ട്, പക്ഷേ ഇസ്രായേലിനെതിരെ കളിച്ചില്ലെങ്കിൽ ലോകകപ്പ് യോഗ്യതയെ ബാധിക്കും -ഗട്ടൂസോ

Update: 2025-10-08 13:15 GMT
Editor : safvan rashid | By : Sports Desk

റോം: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇസ്രായേലുമായുള്ള മത്സരത്തിന് മുന്നോടിയായി ​പ്രതികരണവുമായി ഇറ്റാലിയൻ കോച്ച് ജെന്നാരോ ഗട്ടൂസോ. ഒക്ടോബർ 15നാണ് ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഇറ്റലിയും ഇസ്രായേലും ഏറ്റുമുട്ടുന്നത്.

‘‘ഇസ്രായേലിനെതിരായ മത്സരം കളിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഞങ്ങൾ 3-0ത്തിന് തോറ്റതായാണ് കണക്കാക്കുക. ഫലസ്തീനിലെ കുഞ്ഞുങ്ങൾ അടക്കമുള്ള നിഷ്‍കളങ്കർക്ക് സംഭവിക്കുന്നതിൽ സങ്കടമുണ്ടെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. അ​തെല്ലാം കാണുമ്പോൾ എന്റെ ഹൃദയം വേദനിക്കുന്നു’’ -ഗട്ടൂസോ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Advertising
Advertising

ലോകകപ്പ് യോഗ്യത റൗണ്ടിൽ എസ്തോണിയയുമായും ഇസ്രായേലുമായാണ് ഇറ്റലിക്ക് കളിക്കാനുള്ളത്. ഇറ്റലിയിൽ ഫലസ്തീന് അനുകൂലമായി ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നതിനാൽ മത്സരത്തിന് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

‘‘സ്റ്റേഡിയത്തിൽ ആറായിരത്തോളം പേരും പുറത്ത് പതിനായിരത്തോളം പേരും അണിനിരക്കുന്ന അസാധാരണ സാഹചര്യമാണുള്ളത്. പുറത്തുള്ള കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാതെ മത്സരത്തിൽ ശ്രദ്ധയൂന്നുകയാണ് വേണ്ടത്’’- ഗട്ടൂസോ കൂട്ടിച്ചേർത്തു.

യൂറോപ്യൻ യോഗ്യത ഗ്രൂപ്പ് ഐയിൽ ലോകകപ്പ് യോഗ്യതക്കായി കനത്ത പോരാട്ടമാണ് അരങ്ങേറുന്നത്. 15 പോയന്റുമായി നോ​ർവെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. നാല് മത്സരങ്ങൾ കളിച്ച ഇറ്റലിക്കും ഒരു മത്സരം കൂടുതൽ കളിച്ച ഇസ്രായേലിനും ഒൻപത് പോയന്റുമാണുള്ളത്. അതുകൊണ്ടുതന്നെ ഇരുവരും ഏറ്റുമുട്ടുന്ന മത്സരം നിർണായകമാണ്. പോയ രണ്ട് ലോകകപ്പുകൾക്കും ഇറ്റലിക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. ഇസ്രായേലിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഇറ്റലിയിലെ കോച്ചിങ് അസോസിയേഷൻ രംഗത്ത് വന്നതും നേരത്തേ വാർത്തയായിരുന്നു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News