പോർച്ചുഗീസ് ഫോർവേഡ് ടിയാഗോ ആൽവെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: പുതീയ സീസണിന് മുന്നോടിയായി പോർച്ചുഗീസ് മുന്നേറ്റനിര താരം തിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ വണിൽ നിന്നാണ് 29 കാരൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
പോർച്ചുഗലിലെ പ്രശസ്തമായ സ്പോർട്ടിങ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെൻസസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആൽവെസ് ഫുട്ബോൾ പഠനം ആരംഭിച്ചത്. വാർസിം എസ്.സിയിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം, പോർച്ചുഗീസ് ലീഗുകളിൽ ശ്രദ്ധേയനായി. 2019 ൽ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്സിയാൻഡെസുമായി കരാർ ഒപ്പിട്ടാണ് അദ്ദേഹം പോർച്ചുഗലിന് പുറത്തേക്ക് ചേക്കേറുന്നത്. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചത് പോളണ്ടിലെ ടോപ് ഡിവിഷൻ ക്ലബ്ബായ പിയാസ്റ്റ് ഗ്ലിവൈസിലേക്ക് വഴി തുറന്നു.
ആൽവെസിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ഉണ്ടായത് ജപ്പാനിലാണ്. ജെ2 ലീഗിൽ മോണ്ടെഡിയോ യമഗതക്ക് വേണ്ടി രണ്ട് സീസണുകളിലായി 67 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി. പിന്നീട് ബ്രസീലിലെ ബൊറ്റഫോഗോ-എസ്.പി, ജപ്പാനിലെ ടോക്കിയോ വെർഡി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും തിയാഗോ ബൂട്ട് കെട്ടി.
മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള കഴിവാണ് പോർച്ചുഗീസ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഇടതു വിങ്ങിലൂടെ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ആൽവെസ് സെന്റർ ഫോർവേഡായുംഅറ്റാക്കിംഗ് മിഡ്ഫീൽഡറായും മികവ് തെളിയിച്ചിട്ടുണ്ട്.