ഒരു കോർട്ട്, നാല് സംസ്കാരങ്ങൾ, ശേഷിക്കുന്നത് ജോക്കോ മാത്രം; യുഗാന്ത്യത്തിലേക്കൊരു അവസാന സെർവ്
ഒരൊറ്റ കോർട്ടിൽ സമ്മേളിച്ച നാല് സംസ്കാരങ്ങളിൽ ഒരെണ്ണം വിടപറയുകയും ഇനിയും നികത്താനാവാത്ത വിടവ് സൃഷ്ടിക്കുകയും ചെയ്തതിൽ പിന്നെ ടെന്നീസ് മൈതാനങ്ങൾക്ക് അതിന്റെ സ്വത്വത്തിലേക്ക് തിരിച്ചു വരാനായിട്ടില്ല
ഗ്രാൻഡ്സ്ലാം മൈതാനങ്ങൾക്ക് തീ ചൂട് പകർന്നൊരു കാലമുണ്ടായിരുന്നു. ആന്ദ്രേ അഗാസിയും പീറ്റ് സാമ്പ്രസും ബോറിസ് ബക്കറും സ്റ്റീഫൻ എഡ്‌ബെർഗും പകർന്ന വീര്യം അതിന്റെ മഹത്വമൊട്ടും ചോരാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടെന്നീസ് ആസ്വാദനക്കാർക്ക് വിരുന്നൂട്ടിയ നാല് പേർ.
വർഷത്തിൽ നാല് തവണ വിരുന്നെത്തുന്ന ഓരോ പോരിലും ടെന്നീസിനെ ഏറ്റവും ആകർഷകമായ വ്യക്തിഗത കായികയിനമാക്കി ലോകത്തിന്റെ നെറുകയിലെത്തിച്ച നാല് അതികായർ..!
റോജർ ഫെഡററിന്റെ കാല്പനിക കവിതയിലും റാഫേൽ നദാലിന്റെ പവർ ഗേമിലും പരിക്കുകളെ അതിജീവിച്ചു ഇരുപത് വർഷത്തോളം ടെന്നീസ് കോർട്ടിൽ വിയർപ്പൊഴുക്കിയ ആൻഡി മുറേയിലൂടെയും ടെന്നീസിന്റെ ആത്മാവ് പൂർണമായും വേരറ്റു പോകാതെ ഇന്നും പോരാട്ടം തുടരുന്ന നൊവാക് ജോക്കോവിച്ചിലൂടെയും ദശകങ്ങൾ പിന്നിട്ടു.
ഒരേ കാലഘട്ടത്തിൽ ഇതിഹാസതുല്യരായ നാല് പേരുകൾ, കായികലോകത്ത് അധികം കേട്ടുകേൾവിയില്ലാത്ത ആ പ്രതിഭാസത്തിൽ അവർ മാത്രമല്ല, അവരിലൂടെ ടെന്നീസും അതിന്റെ മൂർദ്ധന്യത്തിലെത്തുകയായിരുന്നു.
കളിമൺ കോർട്ടിലും വിംബിൾഡണിലും മറ്റനേകം എടിപി ടൂർണമെന്റുകളിലും നാല് പേരും ചേർന്നൊഴുക്കിയ വിയർപ്പിൽ ടെന്നീസ് എന്ന കായികയിനം തന്നെ പുനര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. കഴിഞ്ഞ ഇരുപത് വർഷക്കാലം ടെന്നീസിന്റെ ശ്വസനവായുവായി നിലകൊണ്ട നാല് പേരിൽ മൂന്ന് പേരും കളിയവസാനിപ്പിച്ചിരിക്കുന്നു, ശേഷിക്കുന്നത് നൊവാക് ജോക്കോ മാത്രം.
അയാളാണെങ്കിൽ പ്രായം തളർത്തിയ പോരാളിയായും കരിയറിലിതുവരെ പ്രകടമാക്കിയിട്ടില്ലാത്ത ആലസ്യത്തിലും ഫ്രഞ്ച് ഓപ്പൺ വേദിയായ റോളാണ്ട് ഗാരോസിൽ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു. ശക്തരായ എതിരാളികളുടെ അഭാവമോ, കായികലോകത്തെ കാലത്തിന്റെ നീതിയോ ആയിരിക്കാം, തന്റെ സമയം എണ്ണപ്പെട്ടിരിക്കുന്നുവെന്ന് വിളിച്ചോതുന്ന ശക്തി കുറഞ്ഞ സെർവുകളാണ് ഇന്നയാളുടെ കൈമുതൽ.
ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുന്ന റോളാണ്ട് ഗരോസ് കളിമൺ കോർട്ടിലേക്കൊന്ന് കണ്ണെറിഞ്ഞു നോക്കിയതാണ്. ഇതുവരെയും കോർട്ട് സമ്മാനിച്ചിട്ടില്ലാത്തയത്രയും ശൂന്യത.
"ഇന്നെനിക്ക് 41 വയസ്സായി, സ്വപ്നം കണ്ടതിലധികം ടെന്നീസ് കോർട്ട് എനിക്ക് സമ്മാനിച്ചു. നന്ദി.."യെന്ന രണ്ട് വരി കുറിപ്പിലൂടെ റോജർ കളിയവസാനിപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടിരിക്കുന്നു. ഒരൊറ്റ കോർട്ടിൽ സമ്മേളിച്ച നാല് സംസ്കാരങ്ങളിൽ ഒരെണ്ണം വിടപറയുകയും ഇനിയും നികത്താനാവാത്ത വിടവ് സൃഷ്ടിക്കുകയും ചെയ്തതിൽ പിന്നെ ടെന്നീസ് മൈതാനങ്ങൾക്ക് അതിന്റെ സ്വത്വത്തിലേക്ക് തിരിച്ചു വരാനായിട്ടില്ല.
അധികം വൈകാതെ റാഫയും മുറേയും വിരമിക്കൽ പ്രഖ്യാപിച്ചതോടെ തലമുറകൈമാറ്റം സാധ്യമാവാതെയുഴറുകയാണ് ടെന്നീസെന്ന കളിയിനം..
ടെന്നീസിന്റെ സൗന്ദര്യം റാക്കറ്റിനുള്ളിലൊളിപ്പിച്ച ഇരുപത്തിനാല് വർഷങ്ങൾ, ആയിരത്തി അഞ്ഞൂറിലധികം മത്സരങ്ങൾ, നൂറിലധികം ചാമ്പ്യൻഷിപ്പുകൾ..! പീറ്റ് സാംപ്രസിനെയും ആന്ദ്രേ അഗാസിയെയും അവരുടെ സുവർണകാലത്ത് അട്ടിമറിച്ചു കൊണ്ട് തുടങ്ങിയ റോജർക്ക് സമകാലീനരായ, പവർ ഗേമുകളുടെ വക്താക്കളായ നദാലിനും ജോക്കോക്കും ആന്റി മുറേക്കെതിരെയൊന്നും അവരോളം വിയർപ്പൊഴുക്കേണ്ടി വന്നിട്ടില്ല.
2001 വിമ്പിൾഡണിൽ സാംപ്രസിനെ അട്ടിമറിച്ചു തുടങ്ങിയ ഫെഡറർക്ക് ഇരുപത് ഗ്രാൻഡ്സ്‌ലാമുകളിലേക്കും, കരിയർ - കലണ്ടർ സ്ളാമുകളിലേക്കുമുള്ള യാത്രകൾക്ക് 'സെർവ്' പായിക്കാൻ വേഗതയും ടെക്നിക്കും സമന്വയിപ്പിച്ച കവിതയെഴുത്ത് മാത്രം മതിയായിരുന്നു. പവർഗെയിമുകളുടെ ജുഗൽബന്ധി കൊണ്ട് മേൽവിലാസം സൃഷ്ടിച്ചവരൊക്കെ ആ കവിതയിൽ പരാജയത്തിന്റെ കയ്പ്പ്നീര് രുചിക്കുകയും ചെയ്തിരുന്നു.
വിംബിൾഡൺ പുൽത്തകിടിയിലെ എക്കാലത്തെയും മികച്ച കളിക്കാരൻ എന്ന പദവി ഇന്നുമലങ്കരിക്കുന്ന റോജറിന് പുതുതലമുറയിൽ നിന്ന് പകരക്കാരെ തേടുകയാണ് ടെന്നീസ് ലോകം. ഇരുപത് ഗ്രാൻഡ്സ്ളാമുകളും നൂറിലധികം വരുന്ന ചാമ്പ്യൻഷിപ്പുകളുടെയും 'റാലി' മാത്രം മതി ആ പദവിയെ സാധൂകരിക്കാൻ.
ബ്രേക്ക് പോയിന്റുകൾ കടന്ന് സെറ്റ് പോയിന്റിലേക്കും പിന്നീടത് മാച്ച് പോയിന്റ് വഴി ചാമ്പ്യൻഷിപ്പ് പോയിന്റുകളിൽ അവസാനിക്കുമ്പോഴും 'ബേസ് ലൈൻ' ക്രോസ്സ് ചെയ്യാത്ത ഒരു കരിയർ സാധ്യമായിരുന്നു ഫെഡറർക്ക്. കാലം കഴിഞ്ഞെന്ന് പരിഹസിച്ചവർക്കും സ്‌പെയിനിന്റെ കാളക്കൂറ്റനും സെർബിയയുടെ ജോക്കോക്കും മുന്നിൽ പിടിച്ചു നിക്കാനാവില്ലെന്ന വിമർശനങ്ങളുടെയും മുന മുപ്പത്തേഴാം വയസ്സിൽ മറ്റൊരു കിരീടമധുരത്തിലൂടെ അയാൾ ഒടിച്ചുകളഞ്ഞു, ഒരു ബാക്ക്ഹാൻഡ് ഷോട്ട് കളിക്കുന്നയതേ ലാഘവത്തിൽ..!
'ഡബിൾ ഫോൾട്ടുകളിലാത്ത' ജീവിതം കൂടിയായിരുന്നു റോജററുടേത്. കളിയിലെ സൗന്ദര്യവും അഴകും അത് പോലെ കളിക്കകത്തും പുറത്തും നിലനിർത്തിയ 'ഫെഡ് എക്സ്പ്രസ്' കോർട്ടിൽ അമിത അഗ്രേഷന്റെയോ പരാജയപ്പെടുമ്പോഴുള്ള ഫ്രസ്‌ട്രേഷന്റെയോ 'ടൈ ബ്രേക്ക് ചെയ്യുന്നത് ഒരിക്കൽപോലും കണ്ടതായി ഓർമ്മയില്ല. ഒടുവിൽ പ്രതീക്ഷിച്ച വിരമിക്കൽ പ്രഖ്യാപനം ആയിരുന്നെങ്കിലും ആരാധകഹൃദയങ്ങളിലേക്ക് പായിച്ചിക്കൊണ്ടിരുന്ന 'എയ്സുകളുടെ' അതേ വശ്യതയിൽ അവസാനത്തെ കയ്യൊപ്പ് അയാൾ ചാർത്തി,
അന്നാദ്യമായി നവയുഗത്തിലെ ടെന്നീസ് സംസ്കാരത്തിലെ ആദ്യാദ്ധ്യായം കളിയാസ്വാദാകർക്ക് മുന്നിൽ അടഞ്ഞു. നാല് ഇതിഹാസരെന്ന് പറയുമ്പോഴും അർഹമായ ഒരു പദവി ആൻഡി മുറേയെ തേടിയെത്തിയിട്ടുണ്ടോ എന്ന സംശയം അയാളുടെ കരിയറിലുടനീളമുണ്ടായിരുന്നു .പരിക്കുകളായിരുന്നു വില്ലൻ. ഓരോ ടൂർണമെന്റുകളിലും ഫേവറിറ്റ് ഗണത്തിൽ പ്രഥമസ്ഥാനം കരസ്ഥമാക്കുകയും മത്സരങ്ങളുടെ ഏതെങ്കിലുമൊരാവസ്ഥയിൽ പരിക്ക് പറ്റി പുറത്തു പോകാനുമായിരുന്നു മുറേയുടെ വിധി.
ഒരു മത്സരത്തിനിടക്ക് ഇടുപ്പിൽ ഗുരുതരമായി പരിക്കേറ്റ ആൻഡി മുറേ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയും 77 വർഷങ്ങൾക്ക് ശേഷം ഗ്രാൻഡ്സ്ലാം വിജയിക്കുന്ന ആദ്യ ബ്രിട്ടീഷ്‌കാരനാവുകയും ചെയ്തു. പവർ ഗേമിൽ തന്നെക്കാൾ ഒരു കാതം മുന്നിലുള്ള ജോക്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി വിംബിൽഡണിൽ മുത്തമിട്ട മുറേയെ ആദ്യം തേടിയെത്തിയ അഭിനന്ദനം പരാജയപ്പെട്ട് പോയ നൊവാക് ജോക്കോയിൽ നിന്ന് തന്നെയായിരുന്നു..
"എന്നെക്കാൾ മികവ് താങ്കൾ പുലർത്തി, നിങ്ങളിത് അർഹിക്കുന്നു , ഇവിടെ രണ്ടാം സ്ഥാനക്കാരനായി പോയതിൽ എനിക്ക് ഖേദമില്ല"ന്ന അയാളുടെ തുറന്നു പറച്ചിലിനും വിംബിൾഡൺ ടൈറ്റിലിനോളം മഹത്തരമുണ്ട്. സ്പെയിനിന്റെ റാഫേൽ നദാൽ തുടങ്ങുന്നത് തന്നെ അത്ഭുതങ്ങളിൽ നിന്നാണ്. റോജർ ഫെഡററുടെ നെറുകയിലെന്ന് എഴുതപ്പെട്ട 2005 ഫ്രഞ്ച് ഓപ്പണിൽ അതേ ഫെഡററെ സെമിഫൈനലിൽ അട്ടിമറിച്ചുകൊണ്ടുള്ള ഒരു പത്തൊൻപതുകാരന്റെ തുടക്കം. അക്കൊല്ലം പീറ്റ് സാംപ്രസിന് ശേഷം ഗ്രാൻഡ്‌സ്‌ലാം ജയിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയ നദാൽ പിന്നീട് സാംപ്രസെന്ന അതികായനും മുകളിൽ സഞ്ചരിച്ചുകൊണ്ടുള്ള തേരോട്ടം..
പ്രതിഭാധാരാളിത്തം കൊണ്ടും ജന്മസിദ്ധമായ കഴിവ് കൊണ്ടും വിസ്മയിപ്പിച്ച ഫെഡററുൾപ്പെടെയുള്ള 'സ്കിൽഫുൾ' ആയവർക്കിടയിൽ നദാലിന്റെ പേര് കാണാനായേക്കില്ല. കളിമൺ കോർട്ടിലെ പ്രകടനം മറ്റിടങ്ങിൽ സാധ്യമാവാത്ത കാരണം കൊണ്ട് ‘വൺ ഡൈമൻഷൻ' പ്ലയെർ എന്ന അപഖ്യാതി വേറെയും. ഹാർഡ്കോർട്ടുകളിലെ പരാജയങ്ങൾ അയാളെക്കൊണ്ടെത്തിച്ചത് 'ഇയാളാണോ ഫെഡററിനെ വെല്ലുവിളിക്കാൻ പോന്നവനെന്ന' കേൾക്കാനാഗ്രഹിക്കാത്ത ചോദ്യവും..!
ഒടുവിൽ നാല് ഫ്രഞ്ച് ഗ്രാൻഡ്‌സ്‌ലാമുകൾക്കപ്പുറം ഒരു വിംബിൾഡൺ ചുംബിക്കാൻ കൂടെ അയാൾ പ്രാപ്തമായതോടെ വിമർശനങ്ങൾ അവസാനിക്കുകയായിരുന്നു. പരിക്കുകളെ വക വെക്കാതെ, വേദനാസംഹാരികളുടെ സഹായത്തോടെ നദാൽ അന്ന് തോൽപ്പിച്ചത് സാക്ഷാൽ ഫെഡററിനെയാണ്. കാലം കഴിഞ്ഞെന്ന് വിധിയെഴുതിയപ്പോഴൊക്കെയും കായികലോകത്തെ സമാനതകളില്ലാത്ത തിരിച്ചുവരവ് ഒന്നിലേറെ തവണ സാധ്യമായിട്ടുണ്ട് റാഫക്ക്.
കോർട്ടിൽ വശ്യതയോടെ ഒഴുകി നടന്ന ഫെഡററിലൂടെ ടെന്നീസ് ഒരു കവിതയായി. എതിരാളികളുടെ ശക്തി പരീക്ഷിച്ചു പവർ ഗേമുകൾക്ക് കാളക്കൂറ്റന്റെ നിർവചനം നൽകിയ നദാലിലൂടെ കോർട്ടുകൾ ഒരഭ്യാസ നിലമായി. എതിരാളികളെ പ്രശംസിക്കാൻ മടിയില്ലാത്ത, നാലഞ്ചു മണിക്കൂർ നേരത്തെ കഠിനാദ്ധ്വാനങ്ങൾക്ക് ശേഷവും കപ്പിനും ചുണ്ടിനുമിടയിൽ ഒരു പോയിന്റ് മാത്രമകലെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പോകുമ്പോഴും ചേർത്ത് നിർത്തിയിരുന്ന ജോക്കോവിച്ചിലൂടെ സൗഹാർദ്ദ - മാനുഷിക മൂല്യങ്ങളുയർത്തി പിടിക്കുന്ന മനുഷ്വത്വത്തിന്റെ മണ്ണായി വിംബിൾഡൺ പുൽത്തകിടികൾ..
ലക്ഷ്യം കൈപ്പിടിയിലൊതുക്കാൻ ഒരു അത്‍ലറ്റിന് ഉണ്ടായിരിക്കേണ്ട മനോധര്യത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും മുറേയോളം ഉദാത്തമായ മാതൃക ടെന്നീസ് കോർട്ടിലില്ല. മുറേയുടെ ചെറുതും വലുതുമായ ഓരോ നേട്ടങ്ങളിലും കോർട്ട് 'കളി'യെന്ന രണ്ടക്ഷരത്തിനപ്പുറം ജീവിതത്തെ തന്നെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ഫെഡ് - റാഫ - മുറേ - ജോക്കോ ഇവരോളമോ അതിലേറെയോ വളർന്നു വലുതാവാൻ ശേഷിയുള്ള താരങ്ങളെ കാലം സമ്മാനിച്ചേക്കാം.
ഇറ്റലിയുടെ ജിന്നക് സിന്നർ നദാലിന്റെ മണ്ണിൽ നിന്ന് തന്നെയുള്ള കാർലോസ് അൽകാരോസ് ജർമനിയിൽ നിന്നുള്ള അലക്‌സാണ്ടർ തുടങ്ങി ഒരുപറ്റം യുവതാരങ്ങളിൽ പ്രതീക്ഷയേറെയാണ്, എങ്കിലും ഈ നാൽവർ സംഘം സമ്മാനിച്ച വിടവ് നികത്താൻ അവർക്കാകുമോയെന്ന ചോദ്യം അവർക്കത് സാധ്യമാകും വരെ ടെന്നീസ് കോർട്ടുകളിൽ മുഴങ്ങി കേൾക്കും.
ഏതെങ്കിലുമൊരു താരം ഒരു 'എലഗൻഡ് ബാക്ക് ഹാൻഡ്' ഷോടട്ടുതിർക്കുമ്പോൾ ഫെഡററിനെ സ്മരിക്കാത്ത, റോളണ്ട് ഗാരോസിൽ റാഫയേക്കാളുമുച്ഛത്തിൽ ഉയർന്ന് കേൾക്കുന്ന ഒരു പേര് ടെന്നീസ് കോർട്ട് സമ്മാനിക്കുന്ന , കരിയർ ഗ്രാൻഡ്‌സ്‌ലാമുകളിൽ ഇരുപത്തിനാലെന്ന മാന്ത്രിക സംഖ്യ പിന്നിട്ട് നൊവാകിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാൻ പ്രാപ്തിയുള്ള ഒരു താരം ഉദയം ചെയ്യുന്ന കാലം നമ്മെ തേടിവരുന്ന അന്ന് മാത്രമാണ് ടെന്നീസിന് അതിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സാധിച്ചുവെന്ന് കരുതാനാവുക..!