കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പുതിയ ബലതന്ത്രങ്ങൾ; സർവാധിപതിയായി കെ.സി വേണുഗോപാൽ, മെറിറ്റ് വാദത്തിൽ വി.ഡി സതീശൻ

അരനൂറ്റാണ്ടിലേറെക്കാലം കേരളത്തിലെ കോൺഗ്രസിനെ നിർണയിച്ച ഗ്രൂപ്പ് രാഷ്ട്രീയം പുതിയ പരിണാമ പ്രക്രിയയിലൂടെ കടന്നുപോവുകയാണിപ്പോൾ...

Update: 2025-08-05 14:39 GMT

കൊച്ചി: അരനൂറ്റാണ്ടിലേറെ വാണ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം പുതിയൊരു പരിണാമപ്രക്രിയയിലുടെ കടന്നുപോവുകയാണ് ഇപ്പോൾ. കെ. കരുണാകരനെ നിഗ്രഹിച്ച ശേഷം സർവാധിപത്യം നേടിയ എ ഗ്രൂപ്പ്, തമ്മില്‍ തല്ലി യാദവകുലം പോലെ തകർന്നടിഞ്ഞു കഴിഞ്ഞു.

എ ഗ്രൂപ്പിലെ കെ.സി ജോസഫും എം.എം ഹസ്സനും അടങ്ങുന്ന വിഭാഗം വി.ഡി സതീശനോട് കൂറ് കാണിച്ച് നില്‍ക്കുന്നു. ബെന്നി ബെഹനാനും കൂട്ടർക്കും രമേശ് ചെന്നിത്തലയോടാണ് താത്പര്യം. പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും ഇനി എ ഗ്രൂപ്പിനെ തങ്ങള്‍ നയിക്കുമെന്ന സന്ദേശം നിരന്തരം പുറത്തുവിടുന്നു.

Advertising
Advertising

വി.ഡി സതീശനോടും കെ.സി വേണുഗോപാലിനോടും ഒരു പോലെ ചേർന്ന് നില്‍ക്കുകയാണ് ഷാഫിയും വിഷ്ണുവും. ടി സിദ്ധീഖും ചാണ്ടി ഉമ്മനും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ എന്ന പേരില്‍ സംസ്ഥാനമൊട്ടുക്കും പ്രവർത്തകരെ സംഘടിപ്പിച്ച് വേറെ തന്നെ ഗ്രൂപ്പായി നിൽക്കുകയും, അതേസമയം കെ.സി വേണുഗോപാലിനോട് കൂറ് കാണിക്കുകയും ചെയ്യുന്നു.


കെ കരുണാകരനും കെ മുരളീധരനും സമ്പൂർണ വിധേയത്വം പ്രഖ്യാപിച്ച ഐ ഗ്രൂപ്പ് നേതാക്കളെ 2005ന് ശേഷം ക്രമേണ രമേശ് ചെന്നിത്തല വരുതിയിലാക്കിയതാണ് ഗ്രൂപ്പ് ചരിത്രം. പി.പി തങ്കച്ചനും കെ സുധാകരനും അടക്കമുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയെ സഹായിച്ചു. പാർട്ടി വിട്ട കെ മുരളീധരന്‍ പിന്നീട് തിരിച്ച് വന്നപ്പോള്‍ രമേശ് ചെന്നിത്തലക്ക് മുന്നില്‍ കാഴ്ചക്കാരനായി നില്‍ക്കേണ്ടി വന്നു.

ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല ദുർബ്ബലനായി. ഐ ഗ്രൂപ്പായി കൂടെ നിന്ന 90ശതമാനം നേതാക്കളും ചെന്നിത്തലയെ കയ്യൊഴിഞ്ഞ് കെ സി വേണുഗോപാല്‍ പക്ഷത്തേക്ക് നീങ്ങി. മറ്റൊരു ചെറിയ വിഭാഗം വി ഡി സതീശന് കൈ കൊടുത്തു. കെ മുരളീധരന്‍റെ പഴയ സ്ഥിതിയിലേക്ക് രമേശ് ചെന്നിത്തല മാറി. രാജ്യം നഷ്ടപ്പെട്ട രാജാവെന്ന പോലെ നിന്ന കെ മുരളീധരന്‍റെ അവസ്ഥ രമേശ് ചെന്നിത്തലയെയും ഗ്രസിച്ചു.


കെ.സി വേണുഗോപാലിന്‍റെ സമ്പൂർണ ആധിപത്യം

ദേശീയ രാഷ്ട്രീയമാണ് കെ.സി വേണുഗോപാലിന്‍റെ കളമെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനും കെ സി വേണുഗോപാലാണ്.

കേരളത്തിലെത്തിയാല്‍ കെ സി തങ്ങുന്നിടത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കാണാനെത്തുന്നു. എല്ലാ ഗ്രൂപ്പിലും പെട്ട നേതാക്കള്‍ കെ സി യെ നേരിട്ട് കണ്ട് കൂറ് അറിയിക്കുന്നു. ചിലർ കെ സി ഗ്രൂപ്പില്‍ ചേരുന്നു. മറ്റു ചിലർ ഒപ്പമുണ്ടെന്ന് അറിയിക്കുന്നു. എ ഗ്രൂപ്പെന്നോ ഐ ഗ്രൂപ്പെന്നോ നാട്ടില്‍ അറിയപ്പെട്ടിരുന്ന നേതാക്കളില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ കെ സിയുടെ ആളുകളായി മാറുന്ന സ്ഥിതിവിശേഷമാണ്.


കെ.സി ഗ്രൂപ്പിന്‍റെ കേരളത്തിലെ സംഘാടകനായ എ പി അനില്‍കുമാറിന്‍റെ മലപ്പുറത്തെ വീട്ടില്‍ പാണക്കാടുള്ളതിനേക്കാള്‍ തിരക്കാണെന്നാണ് കോൺഗ്രസിനകത്തെ സ്വകാര്യവർത്തമാനം. ഐ ഗ്രൂപ്പ് ആക്ടീവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ കെ സിയോട് ചേർന്ന് പോകാനാണ് നിലവില്‍ രമേശ് ചെന്നിത്തലയുടെ തീരുമാനം. അധികാരമുള്ളിടത്ത് ചേക്കേറുന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുശൈലി.

ഗ്രൂപ്പുകള്‍ ദുർബ്ബലമാവുകയും ചെന്നിത്തല എംഎല്‍എ മാത്രമായി ഒതുങ്ങുകയും ചെയ്തതോടെ കെ സി പക്ഷത്തേക്ക് കൂട്ടത്തോടെ നേതാക്കള്‍ ഒഴുകുന്ന കാഴ്ചയാണ് കണ്ടത്. ഗ്രൂപ്പിനതീതിയമായി എല്ലാ നേതാക്കളും കെ സി വേണുഗോപാലുമായി കൂടി ബന്ധമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ്.

താഴേതട്ടിലെ ദയനീയ മുഖം

ഗ്രൂപ്പുകള്‍ ശിഥിലമായതോടെ പ്രാദേശിക നേതാക്കളില്‍ ബഹുഭൂരിപക്ഷവും കടുത്ത അനിശ്ചിതത്വവും അനാഥത്വവും അനുഭവിക്കുകയാണ്. പെർഫോമന്‍സ് നോക്കി പദവിയെന്ന തത്വം മെല്ലെമെല്ലെ നടപ്പാക്കാനുള്ള ശ്രമമാണ് കെ.സി വേണുഗോപാലും വി.ഡി സതീശനും ശ്രമിക്കുന്നത്. തൃശൂരില്‍ ഞായറാഴ്ച നടന്ന പാർട്ടി സമ്മേളനത്തില്‍ കെ സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ സൂചന നല്‍കി. പുനസംഘടനയില്‍ പദവികള്‍ക്ക് പരിഗണിക്കുമ്പോള്‍ എത്ര പേരെ വോട്ടർ പട്ടികയില്‍ ചേർത്തു എന്ന് കൂടി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വാർഡ് പ്രസിഡണ്ടുമാരെ ഇതര സംസ്ഥാനക്കാരായ എ ഐ സിസി നിരീക്ഷകർ നിരന്തരം വിളിച്ച് വിവരങ്ങള്‍ തേടുന്നതും മറ്റൊരു ശൈലിയാണ്. ഗ്രൂപ്പിന്‍റെ മാത്രം ബലത്തില്‍ പിടിച്ചു നിന്ന പല നേതാക്കളും ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. അമ്പത് പ്രവർത്തകരെ സംഘടിപ്പിക്കാന്‍ ശേഷിയുള്ള വാർഡ് നേതാക്കള്‍ക്ക് മുന്നില്‍ ബ്ലോക് തലത്തിലുള്ള പല നേതാക്കളും മുട്ടിലിഴയുന്ന സ്ഥിതിവിശേഷമുണ്ട്. ശക്തരെന്ന് തോന്നുന്ന ജില്ലാ നേതാക്കളെയെല്ലാം കണ്ട് അഭയം തേടുന്ന നിരവധി പ്രാദേശിക നേതാക്കളുമുണ്ട്. എവിടെ നിന്ന് സംരക്ഷണം കിട്ടുമെന്ന ചോദ്യത്തിന് മുന്നില്‍ ആർക്കും വ്യക്തമായ ഉത്തരമില്ല.


ജില്ലകളില്‍ എ ഗ്രൂപ്പിന്‍റെയും ഐ ഗ്രൂപ്പിന്‍റെയും മാനേജർമാരായിരുന്നവരില്‍ പലരും കെ സി ഗ്രൂപ്പിലേക്ക് ചാഞ്ഞെങ്കിലും ആളെ കൂട്ടാന്‍ അവർ ശ്രമിക്കുന്നില്ല. കെ സി ഗ്രൂപ്പ് പൂർണസജ്ജമായി ഇതുവരെ സംഘടിപ്പിക്കപ്പെടാത്തത് കൊണ്ടുള്ള അനിശ്ചിതത്വമാണിത്. കെ സി ഗ്രൂപ്പ് ആണെന്ന് പരസ്യമായി പറയുന്ന നേതാക്കള്‍ ജില്ലയിലും ബ്ലോക്കിലും വെവ്വേറെയായി നിലകൊള്ളുന്ന സ്ഥിതി വിശേഷമാണ്.

ഫലത്തില്‍ ഓരോ നേതാവും ഓരോ ഗ്രൂപ്പ് എന്നതാണ് അവസ്ഥ. അതേസമയം, കേരളത്തിലെ കോൺഗ്രസിനുള്ളിലെ ഏറ്റവും ആത്മവിശ്വാസമുള്ള ഗ്രൂപ്പ് എന്ന് കെ സി ഗ്രൂപ്പിനെ വിശേഷിപ്പിക്കാം. തുറുപ്പുഗുലാനില്‍ സലീംകുമാർ 'ഞാന്‍ ഗുലാന്‍റെ ആളാണെന്ന്' പറയും പോലെ ഞാന്‍ കെ സിയുടെ ആളാണെന്ന് പറയുമ്പോഴാണ് പല നേതാക്കൾക്കും സുരക്ഷിതത്ത ബോധം കിട്ടുന്നത്. ചെന്നിത്തലയും കെ സി ജോസഫും പോലും കെ സിയുടെ ഔദാര്യത്തിനായി കാത്തുനില്‍ക്കുന്ന കാലം. 'കെ സി ഏക രക്ഷകൻ' എന്ന് ചൊല്ലുന്ന കോൺഗ്രസ് നേതാക്കളെ എങ്ങും കാണാം.

എ - ഐ പട്ടികയില്ല, നേതാക്കള്‍ക്കെല്ലാം പട്ടിക

കെപിസിസി ജനറല്‍ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ഡിസിസി പ്രസിഡണ്ടുമാർ,ഡിസിസി ഭാരവാഹികള്‍ എന്നിവരെയാണ് നിലവിലെ പുനസംഘടനയില്‍ തീരുമാനിക്കുന്നത്. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനുമായി ഇത്തവണ പ്രത്യേക പട്ടികയില്ല. പ്രധാന നേതാക്കളായ വി ഡി സതീശനും രമേശ് ചെന്നിത്തലയും നാമമാത്ര പേരുകളേ ഭാരവാഹിപ്പട്ടികയിലേക്ക് നിർദേശിച്ചിട്ടുള്ളൂ. എന്നാല്‍ കെ സുധാകരന്‍ അറുപത് പേരുകള്‍ നിർദേശിച്ചു എന്നാണ് വിവരം.


കെപിസിസി ജനറല്‍ സെകട്ടറിമാരായി രണ്ടു പേരെയും തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ചെമ്പഴന്തി അനിലിനേയും മാത്രമണ് വി.ഡി സതീശന്‍ പട്ടിക നല്‍കി നിർദേശിച്ചത്. പുനസംഘടനയില്‍ ഭാരവാഹികളായി ആരെ പരിഗണിച്ചാലും അവരുടെ മെറിറ്റ് പരിശോധിക്കാന്‍ തന്നെ അനുവദിക്കണമെന്നാണ് വി.ഡി സതീശന്‍റെ ആവശ്യം.

ഇലക്ഷൻ മാനേജ്മെൻ്റ് നന്നായി ചെയ്യാനറിയുന്ന വി ഡി സതീശന്‍റെ ആവശ്യത്തോട് നേതൃത്വത്തിന് പുറംതിരിയാനാകാത്ത സ്ഥിതിയുണ്ട്. പുനസംഘടനയില്‍ കെ സി വേണുഗോപാലിന്‍റെ അപ്രമാദിത്വം പ്രകടമാകുമെങ്കിലും വി ഡി സതീശനെ അവഗണക്കില്ലെന്ന് ഉറപ്പാണ്. വി എം സുധീരന്‍ സ്വന്തം നിലയിലും

ബെന്നി ബഹ്നാന്‍ - കെ സി ജോസഫ് - എം എം ഹസ്സന്‍ കൂട്ടുകെട്ടും

ഷാഫി പറമ്പില്‍ - പി.സി വിഷ്ണുനാഥ് സംഘവും തങ്ങളുടെതായ പട്ടിക നല്‍കിയിട്ടുണ്ട്. ചെറുസംഘങ്ങളുടെയും വ്യക്തികളുടെയും പട്ടികകൾ വേറെയുമുണ്ട്. പട്ടിക നല്‍കിയെന്നല്ലാതെ, ഗ്രൂപ്പുകള്‍ ശിഥിലമായതിനാല്‍ കാര്യമായ സമ്മർദ്ദത്തിന് ആർക്കും ശക്തിയില്ല എന്ന പ്രത്യേകതയുമുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - എംകെ ഷുക്കൂര്‍

contributor

Similar News