Writer - രാഗേന്ദു പി.ആർ
Web Journalist
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്ക് എതിരായ വിദ്യാര്‍ഥി സമരം ദിനംപ്രതി ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി രേഖ ഗുപ്തയെ കാണ്മാനില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് ലാത്തി വീശിയിട്ടും രേഖ ഗുപ്ത എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഏതുവിധേനയും വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്താനാണോ സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്.
താനാണ് ഡല്‍ഹിയിലെ മുഖ്യമന്ത്രിയെന്ന് രേഖ ഗുപ്തയെ ആരെങ്കിലും ഓര്‍മിപ്പിക്കണമെന്നാണ് ചിലരുടെ പ്രതികരണം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോപ്പം രേഖ ഗുപ്തയോടും രാജി ആവശ്യപ്പെടണമെന്ന് മറ്റു ചിലര്‍ പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അന്തരീക്ഷ മലിനീകരണം എങ്ങനെ തടയുമെന്ന ആലോചനയില്‍ ആയിരിക്കുമെന്നും ചിലർ പരിഹസിച്ചു.
വിമര്‍ശനം കടുത്തതോടെ വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും യുവാക്കള്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് രേഖ ഗുപ്ത പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പങ്കുവെച്ചുകൊണ്ടായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രസ്താവന.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിക്കുകയും അവരുടെ കഠിനാധ്വാനത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഗുപ്ത പറഞ്ഞിരുന്നു.
എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ലാത്തി ചാര്‍ജിലും അക്രമത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.
നിലവില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്നത്. ജന്തര്‍ മന്തര്‍ പരിസരത്ത് ഇന്റര്‍നെറ്റ് വിലക്കിയും വ്യാപകമായി മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയുമാണ് അധികൃതര്‍ പ്രതിഷേധത്തെ നേരിടുന്നത്.