ഡല്‍ഹി പൊലീസിന് ദേശീയ സുരക്ഷാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള അധികാരം നീട്ടിനല്‍കി

സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്നും ഭരണപരമായ പതിവ് നടപടിക്രമം മാത്രമാണെന്നും പൊലീസ്

Update: 2026-07-23 11:44 GMT

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ യുവാക്കള്‍ സമരം തുടരവേ, ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) വ്യക്തികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അധികാരം പുതുക്കി നല്‍കി സര്‍ക്കാര്‍. ഈ മാസം 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് കരുതല്‍ തടങ്കലിനുള്ള അധികാരം പുതുക്കിയത്.

1980ലെ ദേശീയ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 3(3) പ്രകാരമാണ് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ എന്‍എസ്എ ചുമത്താന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അധികാരം നല്‍കി ഉത്തരവിട്ടിരിക്കുന്നത്. ഇതുപ്രകാരം വ്യക്തികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ പൊലീസിന് അധികാരം ലഭിക്കും. ഒരാളെ കുറ്റാരോപണങ്ങളൊന്നും കൂടാതെ 12 മാസത്തോളം തടങ്കലില്‍ വെക്കാന്‍ ദേശീയ സുരക്ഷാ നിയമം അധികാരം നല്‍കുന്നുണ്ട്. സാധാരണ ക്രിമിനല്‍ കേസുകളിലേതുപോലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ കുറ്റം തെളിയിക്കുകയോ ചെയ്യേണ്ടതില്ല. ഭാവിയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തടവില്‍ വെക്കാന്‍ കഴിയും.

Advertising
Advertising

അതേസമയം, ഉത്തരവിന് സിജെപിയുടെ പ്രതിഷേധങ്ങളുമായി ബന്ധമില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. എന്‍എസ്എ നടപ്പാക്കാനുള്ള അധികാരം നീട്ടിയത് പതിവ് ഭരണപരമായ നടപടിക്രമം മാത്രമാണെന്നും സിജെപി പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഈ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

ദേശീയ സുരക്ഷാ നിയമപ്രകാരം കരുതല്‍ തടങ്കലിനുള്ള അധികാരം മൂന്ന് മാസത്തിലൊരിക്കല്‍ പുതുക്കുന്നത് ഭരണനടപടികളുടെ ഭാഗമായി പതിവാണെന്ന് പൊലീസ് വിശദീകരിക്കുന്നു. നിലവിലെ പുതുക്കല്‍ ഉത്തരവ് ജൂലൈ ഏഴിന് പുറപ്പെടുവിച്ചതാണ്. ഇതിന് ജൂലൈ 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് പ്രാബല്യം. സിജെപി പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനായി പ്രത്യേക ഉത്തരവോ അപേക്ഷയോ നല്‍കിയിട്ടില്ല. സാധാരണ ഭരണനടപടിക്രമത്തെ നിലവിലെ പ്രതിഷേധങ്ങളുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കരുതെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News