Writer - രാഗേന്ദു പി.ആർ
Web Journalist
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം ആലിയ ഭട്ട്. നമ്മുടെ നാടിന്റെ ഭാവി യുവാക്കളുടേത് കൂടിയാണെന്ന് ആലിയ ഭട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഓരോ വിദ്യാര്‍ഥിയുടെ പിന്നിലും ഒരുപാട് സ്വപ്നങ്ങളുണ്ട്, ഒരു കുടുംബത്തിന്റെ ആശകളുണ്ട്, ത്യാഗങ്ങള്‍ നിറഞ്ഞ യാത്രയുണ്ട്, അവര്‍ പ്രതിനിധാനം ചെയ്യുന്നത് അവരെ മാത്രമല്ല, അവരെ പിന്തുണക്കുന്ന എല്ലാവരെയുമാണ്. ഇതെല്ലാം അവര്‍ക്ക് ശേഷം വരുന്നവര്‍ക്ക് നല്ല പാത വെട്ടികൊടുക്കുന്നതിന് വേണ്ടിയാണെന്നും ആലിയ ഭട്ട് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ സമരമിരിക്കുന്ന വിദ്യാർത്ഥികളുടെ ധൈര്യം തന്നെ വിനീതയാക്കുന്നു. അവരുടെ നിശ്ചയദാർഢ്യം നമുക്ക് നേരെ തിരിഞ്ഞുനില്‍ക്കുന്ന കണ്ണാടിയാണെന്നും ആലിയ പറഞ്ഞു. നല്ലൊരു നാളേയ്ക്ക് വേണ്ടി ബന്ധപ്പെട്ടവര്‍ വിദ്യാര്‍ത്ഥികളെ കേള്‍ക്കണമെന്നും താരം ആവശ്യപ്പെട്ടു.
നേരത്തെ സോനാക്ഷി സിന്‍ഹ, ഇമ്രാന്‍ ഖാന്‍, നസറുദ്ദീന്‍ ഷാ തുടങ്ങി നിരവധി പേര്‍ ബോളിവുഡില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനും പിന്തുണ അറിയിച്ചിരുന്നു. വിദ്യാര്‍ഥികളെ കേള്‍ക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്.
വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് നിരാഹാരമിരിക്കുന്ന സോനം വാങ്ചുക്ക് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം വിദ്യാര്‍ഥി പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുന്ന ദീപിക പദുകോണ്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍, രണ്‍വീര്‍ കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ക്ക് നേരെ കടുത്ത വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
ഇതിനുപിന്നാലെയാണ് ആലിയ ഭട്ടിന്റെ പ്രതികരണം. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസാരിച്ച ആലിയയ്ക്ക് സോഷ്യല്‍ മീഡിയ നന്ദി അറിയിച്ചു. വൈകിയാണെങ്കിലും പ്രതികരിച്ചല്ലോ, നിങ്ങളുടെ പ്രതികരണം വൈകാരികമാണ് തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ ഉയരുന്നുണ്ട്.