ഭർത്താവിന്റെ മരണം; സ്വയം പ്രതിരോധിക്കാൻ ശാസ്ത്രീയമായി വിശദീകരിച്ചു; കെമിസ്ട്രി പ്രഫസർക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി

ഒരു സർക്കാർ കോളജിൽ കെമിസ്ട്രി ലക്ചററായിരുന്നു മംമ്ത പഥക്. അവരുടെ ഭർത്താവ് ഡോ. നീരജ് ഒരു ജില്ലാ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു. 2021 ൽ ഭർത്താവിന്റെ മരണത്തെക്കുറിച്ച് മംമ്ത തന്നെയാണ് പൊലീസിൽ അറിയിച്ചത്. പിന്നീട് കൊലപാതകം നടത്തിയത് അവരാണെന്ന് കണ്ടെത്തി

Update: 2025-07-31 07:17 GMT
Advertising

ജബൽപൂർ: ഭർത്താവിന്റെ കൊലപാതകത്തിന് കുറ്റക്കാരിയായ മുൻ കെമിസ്ട്രി പ്രഫസർ മംമ്ത പഥക്കിന് മധ്യപ്രദേശ് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2022-ൽ ഛത്തർപൂർ ജില്ലാ കോടതി വിധിച്ച ശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ 97 പേജുള്ള വിധിന്യായം കേസിന്റെ അസാധാരണ സ്വഭാവവും അതിന്റെ കേന്ദ്രബിന്ദുവായ സ്ത്രീയും കാരണം വ്യാപകമായ പൊതുജന താൽപ്പര്യം ഉണർത്തുകയും ചെയ്തു.

2021 ഏപ്രിൽ 29-ന് ഛത്തർപൂർ ജില്ലയിലെ ലോക്‌നാഥ്‌പുരം കോളനിയിലെ വീട്ടിൽ ഡോ. നീരജ് പഥക് എന്ന റിട്ടയേർഡ് സർക്കാർ ഡോക്ടറുടെ മരണം വൈദ്യുതാഘാതം മൂലമാണെന്നാണ് ആദ്യം പൊലീസ് രേഖപ്പെടുത്തിയത്. എന്നാൽ ഫോറൻസിക്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സംശയം ഉയർത്തിയതോടെ ഭാര്യ മംമ്തക്കെതിരെ കൊലപാതക കുറ്റം ചുമത്തി. മെഡിക്കൽ റിപ്പോർട്ടുകളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കി 2022-ൽ ഛത്തർപൂർ ജില്ലാ കോടതി അവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.

തന്റെ മാനസിക വൈകല്യമുള്ള മകനെ പരിചരിക്കാൻ ഇടക്കാല ജാമ്യം ലഭിച്ചിരുന്ന മംമ്ത ജബൽപൂർ ഹൈക്കോടതിയിൽ അപ്പീൽ നൽകി വക്കീലിന്റെ സഹായമില്ലാതെ സ്വന്തമായി വാദിച്ചു. തെർമൽ, വൈദ്യുത ബേൺ മാർക്കുകൾ തമ്മിൽ വേർതിരിക്കാൻ രാസപരിശോധന ആവശ്യമാണെന്നും, വീട്ടിൽ MCB, RCCB തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരുന്നതിനാൽ വൈദ്യുതാഘാതം മൂലമുള്ള മരണം അസാധ്യമാണെന്നും കോടതിയിൽ അവർ വാദിച്ചു.

ഈ ശാസ്ത്രീയ വാദങ്ങൾ കോടതിയെ ഞെട്ടിച്ചെങ്കിലും ജസ്റ്റിസ് വിവേക് അഗർവാൾ, ജസ്റ്റിസ് ദേവനാരായണ മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ദമ്പതികളുടെ ബന്ധത്തിലെ വഴക്കുകൾ, ഡോ. നീരജിന്റെ ബന്ധുവിന്റെ മൊഴി, ഫോറൻസിക് തെളിവുകൾ എന്നിവ പരിഗണിച്ച് കുറ്റം ആസൂത്രിതമാണെന്ന് കണ്ടെത്തി. മംമ്ത ആദ്യം ഭർത്താവിന് ഉറക്കഗുളിക നൽകി ബോധം കെടുത്തിയ ശേഷം വൈദ്യുതാഘാതം ഏൽപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് കോടതി വിലയിരുത്തി. സോഷ്യൽ മീഡിയയിൽ വൈറലായ മംമ്തയുടെ കോടതി വാദം പൊതുജന ശ്രദ്ധ നേടിയിരുന്നു. എന്നാൽ തെളിവുകളുടെ ബലത്തിൽ ഹൈക്കോടതി ശിക്ഷ ശരിവെച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News