'കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു, ബജ്‌റംഗ്ദൾ നേതാവ് മർദിച്ചു '; നിർണായക വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്ന യുവതി

താൻ സ്വന്തം ഇഷ്ടപ്രകാരം മാതാപിതാക്കളുടെ അനുമതിയോടെയാണ് കന്യാസ്ത്രീകളുടെ കൂടെ പോയത്. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ല. ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ തയ്യാറാക്കിയതെന്നും യുവതി ആരോപിച്ചു.

Update: 2025-07-31 16:04 GMT
Advertising

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്ന യുവതി. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു. ബജ്‌റംഗ്ദൾ നേതാവ് ജ്യോതി ശർമ മർദിച്ചു, ഭീഷണിപ്പെടുത്തി. ബജ്‌റംഗ്ദൾ പറഞ്ഞത് പ്രകാരമാണ് പൊലീസ് കേസെടുത്തത് എന്നും യുവതി പറഞ്ഞു. 'ഇന്ത്യൻ എക്‌സ്പ്രസ്' ആണ് 21 കാരിയായ ആദിവാസി യുവതിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്.

മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ്, സുഖ്മാൻ മാണ്ഡവി എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ബജ്‌റംഗ്ദൾ നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നാരായൺപൂരിൽ നിന്നുള്ള മൂന്ന് ആദിവാസി യുവതികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഇവരിൽ ഒരാളാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

കേസ് കോടതിയുടെ പരിഗണനയിലായതിനാൽ യുവതിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാൻ ഛത്തീസ്ഗഡ് ഡിജിപി അരുൺകുമാർ ഗൗതം തയ്യാറായില്ല. അഞ്ച് ദിവസം ദുർഗിലെ ഷെൽട്ടർ ഹോമിൽ കഴിഞ്ഞ യുവതി ബുധനാഴ്ചയാണ് നാരായൺപൂരിലെ വീട്ടിൽ തിരിച്ചെത്തിയത്. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും അവരെ ഉടൻ വിട്ടയക്കണമെന്നും യുവതി പറഞ്ഞു.

താൻ സ്വന്തം ഇഷ്ടപ്രകാരം മാതാപിതാക്കളുടെ അനുമതിയോടെയാണ് കന്യാസ്ത്രീകളുടെ കൂടെ പോയത്. ദുർഗിലെ റെയിൽവേ പൊലീസ് തന്റെ മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ല. ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയതെന്നും യുവതി ആരോപിച്ചു.

മാതാപിതാക്കൾക്കും നാല് സഹോദരിമാർക്കും ഒപ്പമാണ് താൻ താമസിക്കുന്നത്. 250 രൂപയാണ് തനിക്ക് ദിവസവേതനമായി ലഭിച്ചിരുന്നത്. അറസ്റ്റിലായ മാണ്ഡവിയാണ് തന്നെ തൊഴിൽ പഠിപ്പിച്ചത്. ദിവസവും ഒമ്പത് കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് താൻ ജോലിക്ക് പോയിക്കൊണ്ടിരുന്നത്. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് ഭക്ഷണം പാകം ചെയ്യാനും ആഗ്രയിലെ ആശുപത്രിയിൽ രോഗികളെ പരിചരിക്കാനുമുള്ള ജോലിയാണ് മാണ്ഡവി വാഗ്ദാനം ചെയ്തിരുന്നത്. ഭക്ഷണം, വസ്ത്രം, താമസം എന്നിവക്ക് പുറമെ 10,000 രൂപയും അവർ വാഗ്ദാനം ചെയ്തു. താൻ സന്തോഷവതിയായിരുന്നു.

അറസ്റ്റിലായ ദിവസം രാവിലെ ആറുമണിക്കാണ് താനും മറ്റു രണ്ട് സ്ത്രീകളും ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയത്. തങ്ങളുടെ കൂടെ മാണ്ഡവിയും ഉണ്ടായിരുന്നു. ഏകദേശം ഒമ്പത് മണിയോടെ രണ്ട് കന്യാസ്ത്രീകളും എത്തി. ഇവരെ താൻ നേരത്തെ കണ്ടിട്ടില്ല. അൽപസമയത്തിനകം ഒരു ബജ്‌റംഗ്ദൾ പ്രവർത്തകനും റെയിൽവേ പൊലീസും എത്തുകയും തങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു.

അവർ തങ്ങളെ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരുപാട് ശകാരിച്ചു, ജ്യോതി ശർമ രണ്ടുതവണ തന്റെ മുഖത്തടിച്ചു. തങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ സഹോദരങ്ങളെ ജയിലിലടക്കുമെന്നും മർദിക്കുമെന്നും ഭീഷണിപ്പെടുത്തി. തങ്ങളെ ബലം പ്രയോഗിച്ച് കൊണ്ടുവന്നതാണ് എന്നായിരുന്നു അവർക്ക് പറയേണ്ടിയിരുന്നത്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം മാതാപിതാക്കളുടെ അനുമതിയോടെ വന്നതാണെന്ന് താൻ പറഞ്ഞു. പൊലീസ് സ്റ്റേഷനകത്ത് രണ്ടോ മൂന്നോ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് താൻ ഇക്കാര്യം പറഞ്ഞതെന്നും യുവതി വ്യക്തമാക്കി.

അതേസമയം ആരോപണങ്ങൾ ജ്യോതി ശർമ നിഷേധിച്ചു. താൻ ആരെയും തൊട്ടിട്ടില്ല, താൻ എത്തുമ്പോൾ തന്നെ അവർ പൊലീസ് സ്റ്റേഷന് അകത്തായിരുന്നു. പിന്നെ അവരെ തൊടാൻ പൊലീസ് സമ്മതിക്കുമോ? ആദ്യമായാണ് ഈ ആരോപണം കേൾക്കുന്നത്. ഒരു കന്യാസ്ത്രീയെ താൻ അടിച്ചുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതും തെറ്റാണെന്നും ജ്യോതി ശർമ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽവെച്ച് ഒരു സ്ത്രീ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് കരയുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു ബജ്‌റംഗ്ദൾ പ്രവർത്തകനാണ് തന്നെ വിവരമറിയിച്ചത്. റെയിൽവേ പൊലീസിനെ അറിയിക്കാനാണ് താൻ അവരോട് പറഞ്ഞതെന്നും ജ്യോതി ശർമ വ്യക്തമാക്കി.

അതേസമയം ബജ്‌റംഗ്ദൾ പ്രവർത്തകനായ ഓട്ടോറിക്ഷാ ഡ്രൈവർ കന്യാസ്ത്രീകളും ഒപ്പമുണ്ടായിരുന്ന സ്ത്രീയും തമ്മിലുള്ള സംസാരത്തിൽ നിന്ന് ആദിവാസി യുവതികളെ മനുഷ്യക്കടത്ത് നടത്തുകയാണെന്ന് മനസ്സിലാക്കിയാണ് തങ്ങളെ വിവരമറിയിച്ചതെന്ന് ബജ്‌റംഗ്ദൾ ഛത്തീസ്ഗഡ് കോർഡിനേറ്റർ റിഷി മിശ്ര പറഞ്ഞു. വിവരമറിഞ്ഞ് അവിടെയെത്തിയ തങ്ങളുടെ പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകിയത്. ജ്യോതി ശർമ ബജ്‌റംഗ്ദൾ പ്രവർത്തകയല്ലെന്നും ദുർഗാവാഹിനി മാതൃശക്തി സംഘടനയുടെ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News