Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഫത്തേപൂർ: ഉത്തർപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച മുഹമ്മദ് അരിഷ് ഖാന്റെ വീട് സന്ദർശിച്ച് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്ഐഒ) പ്രതിനിധി സംഘം. ഫത്തേപൂർ ജില്ലയിലെ മഹർഷി വിദ്യാ മന്ദിർ ഇന്റർ കോളേജിലെ 12-ാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അരിഷ് ഖാനെ സ്കൂൾ ഗേറ്റിന് സമീപം മൂന്ന് പേർ വടികൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അരിഷിനെ ലഖ്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടു. രണ്ട് സഹോദരിമാർക്കിടയിലെ ഏക സഹോദരനായിരുന്നു അരിഷ്.
എസ്ഐഒ സെൻട്രൽ യുപിയുടെ സോണൽ പ്രസിഡന്റ് കൈഫ് ഖാൻ, അബ്ദുല്ല ഷഹീമി, റാഫെ ഇസ്‌ലാം, ബ്രദർ മോനിസ് ഷാഹിദ്, ഉസൈർ ഖാൻ, അമാനുല്ല തുടങ്ങിയ നേതാക്കളാണ് അരിഷിന്റെ കുടുംബത്തെ സന്ദർശിച്ചത്.
കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും നിയമപരമായ എല്ലാ കാര്യങ്ങളിലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും എസ്‌ഐഒ അറിയിച്ചു. അരിഷിന്റെ സഹോദരിമാരുടെ വിദ്യാഭ്യാസം തുടരുന്നത് ഉറപ്പാക്കാൻ സഹായിക്കുമെന്നും പ്രതിനിധി സംഘം പറഞ്ഞു.
സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വർദ്ധിച്ചുവരുന്ന അക്രമങ്ങൾ തടയാൻ കർശനവും കൃത്യവുമായ നടപടികൾ സ്വീകരിക്കണമെന്ന് എസ്ഐഒ യുപി സർക്കാരിനോട് ആവശ്യപ്പെട്ടു. സ്കൂൾ പരിസരത്ത് സുരക്ഷയും അച്ചടക്കവും ഉറപ്പാക്കാൻ സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ പുറപ്പെടുവിച്ച വ്യക്തമായ മാർഗനിർദേശങ്ങൾ നിർബന്ധമാക്കണമെന്നും സ്കൂൾ ക്യാമ്പസുകളിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും എസ്ഐഒ വ്യക്തമാക്കി.