ജാമ്യം തേടി കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും
ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നൽകിയിരുന്നു
റായ്പൂര്‍:ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾ ഇന്ന് ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും.ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ ഇന്നു തന്നെ കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒരാഴ്ചയായി കന്യാസ്ത്രീകൾ ജയിലിൽ തുടരുകയാണ്..
ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലാണ് കന്യാസ്ത്രീകൾക്ക് വേണ്ടി ജാമ്യാപേക്ഷ നൽകുന്നത്. കോടതി പ്രവർത്തനമാരംഭിക്കുമ്പോൾ തന്നെ ജാമ്യാപേക്ഷ നൽകും. ഛത്തീസ്ഗഢ് മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരാകുന്നത്. ജാമ്യത്തിനായി ഇടപെടുമെന്നും ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നൽകിയിരുന്നു. അതേസമയം കന്യാസ്ത്രീകൾ നിരപരാധിയാണെന്ന പെൺകുട്ടികളുടെ മൊഴി ബജ്റംഗ്ദളിനെ പ്രതിരോധത്തിലാ ക്കുകയാണ്. ബജ്റംഗ്ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരം കേസെടുക്കാൻ പൊലീസ് തയാറായെന്നായിരുന്നു മൊഴി
അതേസമയം, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ യുഡിഎഫ് എംപിമാർ ഇന്ന് ദുർഗിൽ എത്തും. സിപിഎം നേതാക്കൾ പി കെ ശ്രീമതിയും സിഎസ് സുജാതയും ജയിലിലെത്തി കന്യാസ്ത്രീകളെ കാണും.