Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടതിൽ ഞെട്ടൽ പ്രകടിപ്പിച്ച് മുൻ ബോംബെ ഹൈക്കോടതി ജഡ്ജി ബി.ജി കോൾസെ പാട്ടീൽ. നീതിയുടെ മരണമെന്നും ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരമെന്നും കോൾസെ പാട്ടീൽ പറഞ്ഞു.
ബോംബ് സ്ഫോടനത്തിൽ ആറ് പേർ മരിച്ചു. 100 ലേറെപേർക്ക് പരിക്കേറ്റു. കഴിഞ്ഞ 17 വർഷത്തിനിടെ ആരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് വിശ്വസിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ട്. ആരും കുറ്റക്കാരല്ലെങ്കിൽ, സ്ഫോടനം സ്വന്തമായി നടന്നതാണോയെന്നും അദ്ദേഹം പാട്ടീൽ ചോദിച്ചു. ഇരകളുടെ കുടുംബം ഉടൻ ഹൈക്കോടതിയെ സമീപിക്കും.
2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് മുംബൈ പ്രത്യേക എൻഐഎ കോടതി വിധി പറഞ്ഞത്. 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.
പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കേസിൽ രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്.
പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും ബോംബ് നിര്‍മിച്ചതിന് ലഫ്. കേണൽ പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു. പുരോഹിതിന്‍റെ വിരലടയാളം ഒരിടത്തുമില്ലെന്നും ഗൂഢാലോചനകള്‍ക്കും യോഗം ചേര്‍ന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.