Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബംഗളൂരു: ബംഗളൂരുവിൽ 13 വയസുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കീഴ്പ്പെടുത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി നിശ്ചിതിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ ഗുരുമൂർത്തി, ഗോപികൃഷ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട നിശ്ചിതിന്റെ വീട്ടിൽ താൽകാലിക ഡ്രൈവറാണ് പിടിയിലായ ഗുരുമൂർത്തി. ബുധനാഴ്ച വൈകുന്നേരമായിരുന്നു അരക്കെരെയിലെ ശാന്തിനികേതൻ ലേഔട്ടിൽ ട്യൂഷൻ ക്ലാസുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിശ്ചിതിനെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വിജനമായ ഒരു സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
കുട്ടിയെ വിട്ടയക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുടുംബത്തിന് ഫോൺകോൾ വന്നിരുന്നു. കുടുംബം ഈ ആവശ്യം നിറവേറ്റാൻ തയ്യാറായിട്ടും, പൊലീസിന്റെ വേഗത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നിട്ടും, സ്ഥിതിഗതികൾ ദാരുണമായി മാറുകയായിരുന്നു.
പ്രതികൾ കീഴടങ്ങാതിരിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, പിഎസ്‌ഐ അരവിന്ദ്കുമാർ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഗുരുമൂർത്തിയുടെ ഇടതുകാലിലും വലതുകാലിലുമാണ് പരിക്കേറ്റത്. ഗോപാലകൃഷ്ണൻ ഇൻസ്പെക്ടർ കുമാരസ്വാമിയെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം സ്വയരക്ഷയ്ക്കായി ഗോപാലകൃഷ്ണന്റെ വലതുകാലിലേക്ക് വെടിയുതിർക്കുകയായിരുന്നു.
പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ചികിത്സയ്ക്കായി ജയനഗർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുികയും ചെയ്തു. പരിക്കേറ്റ പൊലീസ് ഇൻസ്പെക്ടർ കുമാരസ്വാമി, പിഎസ്ഐ അരവിന്ദ് കുമാർ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.