രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,000 കോടി രൂപ
19,329.92 കോടി രൂപയാണ് എസ്‍ബിഐയുടെ വിവിധ ബാങ്കുകളിലുള്ളത്
ഡൽഹി: രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,003 കോടി രൂപയുടെ നിക്ഷേപങ്ങൾ. നിക്ഷേപങ്ങളുടെ 29 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)യിലാണെന്ന് ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പാർലമെന്‍റിനെ അറിയിച്ചു.19,329.92 കോടി രൂപയാണ് എസ്‍ബിഐയുടെ വിവിധ ബാങ്കുകളിലുള്ളത്.
ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പങ്കുവെച്ച ഡാറ്റ പ്രകാരം, അവകാശപ്പെടാത്ത എല്ലാ നിക്ഷേപങ്ങളുടെയും 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. പഞ്ചാബ് നാഷനൽ ബാങ്ക്- 6,910.67 കോടി രൂപ, കാനറ ബാങ്ക്- 6,278.14 കോടി, ബാങ്ക് ഓഫ് ബറോഡ- 5,277.36 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 5,104.50 കോടി എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കൂടുതലുള്ള മറ്റ് പൊതുമേഖല ബാങ്കുകൾ.
സ്വകാര്യ ബാങ്കുകളിൽ മാത്രമായി 8,673.72 കോടിയുടെ അവകാശികളില്ലാത്ത നിക്ഷേപമാണുള്ളത്. അതിൽ ഏറ്റവും കൂടുതൽ കൈവശം വെച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. 2,063.45 കോടിയുടെ നിക്ഷേപമാണ് ഐസിഐസിഐ ബാങ്കിലുള്ളത്.
എച്ച്ഡിഎഫ്‍സി ബാങ്ക്, 1,609 കോടി, ആക്‌സിസ് ബാങ്ക് 1,360 കോടി എന്നിങ്ങനെ യഥാക്രമം കൈവശം വെച്ചിട്ടുണ്ട്. 2023 മാർച്ചിലെ കണക്ക് അനുസരിച്ച് ഫണ്ടിൽ 62,225 കോടിയാണുണ്ടായിരുന്നത്. അതിൽ നിന്നാണ് 67,003 കോടിയായി ഉയർന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ലെവൽ ഡാറ്റ ആർബിഐ സൂക്ഷിക്കുന്നില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
സേവിങ്‌സ് അക്കൗണ്ടുകളിലോ കറന്‍റ് അക്കൗണ്ടുകളിലോ പത്ത് വർഷമായി യാതൊരു ഇടപാടും നടന്നിട്ടില്ലെങ്കിൽ ആ അക്കൗണ്ടിലെ തുകയെ 'അവകാശികളില്ലാത്ത നിക്ഷേപം' ആയി കണക്കാക്കും. അക്കൗണ്ട് ഉടമ മരിക്കുമ്പോഴാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്. ഈ ഫണ്ടുകൾ 10 വർഷത്തെ പരിധി കഴിഞ്ഞാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പരിപാലിക്കുന്ന ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റും.
പഴയ അക്കൗണ്ടുകളിൽ പണമുണ്ടോ എന്ന് കണ്ടെത്താൻ റിസർവ് ബാങ്ക് ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ യു.ഡി.ജി.എം (അൺക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ വിവിധ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് എളുപ്പത്തിൽ തിരയാൻ സാധിക്കും. ഈ കണക്കുകൾ പുറത്തുവന്നതോടെ പഴയതും ഉപയോഗിക്കാത്തതുമായ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ സർക്കാർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
കൂടാതെ ബാങ്കുകൾ പരാതികൾ പരിഹരിക്കുന്നതിന് പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കുകയും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുടെ രേഖകൾ സൂക്ഷിക്കുകയും അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഇടക്കിടെ അവലോകനങ്ങൾ നടത്തുകയും വേണമെന്നും ആർബിഐ പറഞ്ഞു.