തമിഴ്നാട്ടിൽ എൻഡിഎക്ക് തിരിച്ചടി; മുൻ മുഖ്യമന്ത്രി ഒ.പനീര്‍ശെൽവം മുന്നണി വിട്ടു
എന്‍ഡിഎയില്‍ ഒപിഎസ് പക്ഷം ഒറ്റപ്പെടുന്നുവെന്ന് തോന്നലാണ് നാടകീയമായ പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം
ചെന്നൈ: കേന്ദ്ര ഭരണകക്ഷിയായ എന്‍ഡിഎ സഖ്യത്തിന് കനത്ത പ്രഹരം നല്‍കി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മുന്നണി വിട്ടു. എന്‍ഡിഎയില്‍ ഒപിഎസ് പക്ഷം ഒറ്റപ്പെടുന്നുവെന്ന് തോന്നലാണ് നാടകീയമായ പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം. എഐഡിഎഡിഎംകെ കേഡര്‍ റൈറ്റസ് റിട്രീവല്‍ കമ്മിറ്റി എന്നായിരുന്നു പനീര്‍ശെല്‍വം നയിച്ചിരുന്ന വിഭാഗം അറിയപ്പെട്ടിരുന്നത്. ഈ വിഭാഗമാണ് ഇപ്പോള്‍ എന്‍ഡിഎ പക്ഷം വിട്ടിരിക്കുന്നത്.കമ്മിറ്റിയുടെ മുതിർന്ന നേതാവും ഉപദേഷ്ടാവുമായ പൻരുട്ടി എസ് രാമചന്ദ്രനാണ് തീരുമാനം അറിയിച്ചത്.
ഇനി മുതൽ എൻഡിഎ സഖ്യത്തിന്‍റെ ഭാഗമാകില്ലെന്ന് രാമചന്ദ്രൻ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്മിറ്റിയെ പ്രതിനിധീകരിച്ച് പനീർശെൽവം തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ഭാവിയിൽ സാഹചര്യങ്ങൾക്കനുസരിച്ച് സഖ്യം സംബന്ധിച്ച വിഷയത്തിൽ വിഭാഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിനുള്ള 2,151 കോടി രൂപ സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ട് തടഞ്ഞുവച്ചതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തെ ഒപിഎസ് അപലപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അനുശാസിക്കുന്ന ത്രിഭാഷാ നയത്തെ സംസ്ഥാന സർക്കാർ എതിര്‍ത്തതിനാലാണ് ഫണ്ട് തടഞ്ഞുവച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ജൂലൈ 26 മുതൽ ജൂലൈ 28 വരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദർശന വേളയിൽ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചതിൽ ഒപിഎസ് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്.എന്നാൽ പനീര്‍ശെൽവം പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ പറഞ്ഞു."എനിക്കറിയാമായിരുന്നെങ്കിൽ, തീർച്ചയായും ഞാൻ അദ്ദേഹത്തിന് ഒരു മീറ്റിംഗ് ക്രമീകരിക്കുമായിരുന്നു," നാഗേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ബാനറിൽ സ്വതന്ത്രനായി ഒപിഎസ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എൻഡിഎ സഖ്യത്തിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ ഒപിഎസ് അതൃപ്തനായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വ്യാഴാഴ്ച രാവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി പ്രഭാത നടത്തത്തിന് പനീര്‍ശെല്‍വം പോയിരുന്നു. പിന്നാലെയായിരുന്നു എന്‍ഡിഎയില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്ത പുറത്ത് വിടുന്നത്. ഇത് ഡിഎംകെക്ക് ഒപ്പം കൈക്കോര്‍ക്കാനുള്ള നീക്കമാണോ എന്ന് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിജയ്-യുടെ ടിവികെക്കൊപ്പം ഒപിഎസ് പക്ഷം ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ സമയമാകുമ്പോള്‍ എല്ലാം അറിയുമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്‍റെ മറുപടി.