രാജസ്ഥാന്‍ മുന്‍ മന്ത്രി മഹേഷ് ജോഷി ഇഡി കസ്റ്റഡിയിലിരിക്കെ ഭാര്യ അന്തരിച്ചു
ഭാര്യ മരണക്കിടക്കയിലാണെന്നും അതിനാൽ സമയം നീട്ടിനൽകണമെന്നും ഇഡിയോട് ജോഷി അഭ്യർഥിച്ചിരുന്നു.
ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മഹേഷ് ജോഷി ഇഡി കസ്റ്റഡിയിലായിരിക്കെ ഭാര്യ കൗശല്യ ദേവി അന്തരിച്ചു. ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24നായിരുന്നു മഹേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തത്.
തന്റെ ഭാര്യ മരണക്കിടക്കയിലാണെന്നും അതിനാൽ സമയം നീട്ടിനൽകണമെന്നും ഇഡിയോട് ജോഷി അഭ്യർഥിച്ചിരുന്നു. എന്നാൽ ആവശ്യം ഇഡി പരിഗണിച്ചിരുന്നില്ല. അറസ്റ്റിനുശേഷം ജയ്പൂരിലെ പ്രത്യേക കോടതി ജോഷിയെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അദ്ദേഹത്തിന് ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു.
ജോഷിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആരോപിച്ചിരുന്നു. ജോഷിയുടെ ഭാര്യ 15 ദിവത്തോളമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ഈയൊരവസരത്തില്‍ നടത്തിയ അറസ്റ്റ് അദ്ദേഹത്തെ മാനസികമായി തകര്‍ത്ത് ഇഡിക്ക് ആവശ്യമുള്ള രീതിയില്‍ ഉത്തരം പറയിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി.
കഴിഞ്ഞ അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയില്‍ പൊതുജനാരോഗ്യ- എഞ്ചിനീയറിങ് വകുപ്പ് മന്ത്രിയായിരിക്കെ ജല്‍ ജീവന്‍ മിഷനില്‍ ഉണ്ടായ ക്രമക്കേടുകളിൽ പങ്കാരോപിച്ചാണ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തത്.
ടെന്‍ഡറുകള്‍ നല്‍കുന്നതിനും ബില്ലുകള്‍ അനുവദിക്കാനുമായി സ്വകാര്യ കരാറുകാരില്‍ നിന്ന് കൈക്കൂലി സ്വീകരിച്ചു എന്നാരോപിച്ച് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി നടത്തിയ അന്വേഷണത്തിലാണ് ജോഷിക്കെതിരായ നടപടി.