കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് ഇഡി
ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അന്വേഷണം അവസാനിപ്പിച്ചത്.
ന്യൂഡൽഹി: 2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് ഇഡി. ഇതു സംബന്ധിച്ച ഇഡി സമർപ്പിച്ച റിപ്പോർട്ട് ഡൽഹി റൗസ് അവെന്യൂ കോടതി അംഗീകരിച്ചു. 15 വർഷത്തിന് ശേഷമാണ് കേസ് അവസാനിപ്പിക്കുന്നത്.
ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഇഡി വാദം അംഗീകരിച്ചാണ് സ്‌പെഷ്യൽ ജഡ്ജ് സഞ്ജീവ് അഗർവാൾ റിപ്പോർട്ട് അംഗീകരിച്ചത്.
ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുരേഷ് കൽമാഡി, സെക്രട്ടറി ജനറൽ ലളിത് ഭാനോട്ട് തുടങ്ങിയവർക്കെതിരെയായിരുന്നു ആരോപണം. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട രണ്ട് വലിയ കരാറുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ക്രമക്കേടുണ്ടായി എന്നായിരുന്നു ആരോപണം.
ആദ്യം സിബിഐയായിരുന്നു ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. ആ കേസ് 2014ല്‍ അവസാനിപ്പിച്ചിരുന്നു. പിന്നീട്, സിബിഐയുടെ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം 2014ലെ തെരഞ്ഞെടുപ്പിൽ യുപിഎ സർക്കാരിനെതിരെ ബിജെപി ആയുധമാക്കിയിരുന്നു.