'എതിരില്ലാതെ തെരഞ്ഞെടുക്കുന്നവർക്ക് നിശ്ചിത ശതമാനം വോട്ട് വേണം': കേന്ദ്രത്തോട് അഭിപ്രായം തേടി സുപ്രിംകോടതി

ഒരു മണ്ഡലത്തിൽ എതിരാളികളില്ലെങ്കിൽ, അയാളെ വിജയിച്ചതായി പ്രഖ്യാപിക്കുന്നതിന് നിശ്ചിത വോട്ടുവിഹിതം വേണമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം.

Update: 2025-04-28 07:28 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളില്‍ എതിരില്ലാതെ വിജയിക്കുന്ന സ്ഥാനാർഥികൾക്ക് 'വോട്ട് പരിധി' നിർദേശവുമായി സുപ്രിംകോടതി. ഒരു മണ്ഡലത്തിൽ എതിരാളികളില്ലെങ്കിൽ, അയാളെ വിജയിച്ചതായി പ്രഖ്യാപിക്കുന്നതിന് നിശ്ചിത വോട്ടുവിഹിതം വേണമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം.

ഇതുസംബന്ധിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നല്‍കാന്‍ കോടതി, കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 53(2) ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് വിധി സെന്റർ ഫോർ ലീഗൽ പോളിസി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. മറ്റാരും മത്സരരംഗത്തില്ലെങ്കിൽ വോട്ട് ചെയ്യാതെ തന്നെ ഒരു സ്ഥാനാർത്ഥിയെ നേരിട്ട് തെരഞ്ഞെടുക്കാൻ അനുവദിക്കുന്ന സെക്ഷനാണിത്.

വോട്ടർമാരുടെ പിന്തുണ ലഭിക്കാതെ ഒരു സ്ഥാനാർത്ഥിയെ പാർലമെന്റിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ച് ജസ്റ്റിസ് കാന്ത് ആശങ്ക ഉന്നയിക്കുകയും ചെയ്തു. 2024 ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എതിരാളികളില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത് 'നോട്ട' ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിൽ നിന്ന് വോട്ടര്‍മാരെ തടയുന്നുവെന്നും ഇത് അവരുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്.

സുപ്രിംകോടതിയുടെ തന്നെ മുന്‍വിധികള്‍ക്ക് വിരുദ്ധമാണിതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. 1951നും 2024നും ഇടയിൽ 26 മണ്ഡലങ്ങളിൽ നിന്ന് ലോക്‌സഭയിലേക്ക് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുവെന്നും അതിനാൽ, ഈ തിരഞ്ഞെടുപ്പുകളിൽ 82 ലക്ഷത്തിലധികം വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും ഹരജിയില്‍ പറയുന്നു. 

അതേസമയം 1951 മുതൽ 2024 വരെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഒമ്പതെണ്ണത്തിൽ മാത്രമേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടേണ്ട അവസ്ഥയുണ്ടായിട്ടുള്ളൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. 89ന് ശേഷം മത്സരിക്കാതെ ഒരൊറ്റ സ്ഥാനാര്‍ഥിയെ ലോക്സഭയിലേക്ക് എത്തിയുള്ളൂവെന്നും അതിനാല്‍ ഹരജി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നുമായിരുന്നു കമ്മീഷന്റെ നിലപാട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News