നാവികസേനക്ക് 26 റഫാൽ മറൈൻ പോർവിമാനങ്ങൾ; ഇന്ത്യയും ഫ്രാൻസും കരാറിൽ ഒപ്പിട്ടു
ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്
ഡൽഹി: നാവിക സേനക്ക് 26 റഫാൽ മറൈൻ പോർവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടു. 63,000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
63,000 കോടി രൂപയുടെ കരാറിന് കാബിനറ്റ് സമിതി ഈ മാസമാദ്യം അംഗീകാരം നൽകിയിരുന്നു. 26 റഫാൽ മറീൻ ജെറ്റുകൾ, ആയുധങ്ങൾ, പരിശീലന സിമുലേറ്ററുകൾ, സ്പെയർ പാർട്സുകൾ, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് കരാർ. 37 മാസത്തിനുള്ളിൽ ആദ്യ റഫാൽ കൈമാറും. 6 വർഷത്തിനുള്ളിൽ മുഴുവൻ വിമാനങ്ങളും ലഭ്യമാക്കും.
ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനാണ് റഫാൽ വിമാനങ്ങൾ നിർമിക്കുന്നത്. 2016 ൽ 59,000 കോടി രൂപയ്ക്ക് വ്യോമസേനയ്ക്കായി 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. ഇതിനുള്ള സാങ്കേതിക സഹായവും പുതിയ കരാറിൽ ഉൾപ്പെടുന്നുണ്ട്. അറ്റകുറ്റപ്പണിക്കുള്ള ഹബ്, ഇന്ത്യയടെ ആസ്ട്ര മിസൈൽ ബന്ധിപ്പിക്കാനുള്ള സംവിധാനം, പ്രാദേശിക കമ്പനികളിൽനിന്നു ഘടകങ്ങൾ വാങ്ങൽ തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. യുഎസ് കമ്പനിയായ ബോയിങ്ങിന്റെ എഫ്ഐ 18 സൂപ്പർ ഹോണറ്റും റഫാലുമായിരുന്നു അന്തിമഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്.